അഷ്ടവൈദ്യൻമാരിൽ ഏറ്റവും മുതിർന്ന അംഗമായിരുന്ന വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ തലവൻ അഷ്ടവൈദ്യൻ പത്മഭൂഷൺ ഇ.ടി. നാരായണൻ മൂസ്സ് എന്ന മഹത് വ്യക്തി എന്നെ സംബന്ധിച്ചത്തോളം ഒല്ലൂരെ വല്ല്യച്ഛൻ ആണ്. സ്നേഹവാത്സല്യത്തോടു കൂടി പെരുമാറി പ്രായവ്യത്യാസമില്ലാതെ എന്തും പറയാനുമുള്ള സ്വാതന്ത്ര്യം വല്യച്ഛൻ കുട്ടികളായ ഞങ്ങൾക്കു എന്നും തന്നിരുന്നു. എല്ലാവരുമായും പ്രായത്തിനൊത്ത് സംസാരിക്കാനും തമാശ പറയാനും, എല്ലാവരേയും തന്നിലേക്ക് ആകർഷിക്കാനും വല്യച്ഛന് ഒരു പ്രത്യേക കഴിവായിരുന്നു.
ഞാൻ ആയുർവേദം പഠിക്കാൻ ആരംഭിച്ചപ്പോൾ മുതൽ ഒല്ലൂരെ വല്യച്ഛൻ കുടുംബ വിശേഷങ്ങളോടൊപ്പം വൈദ്യപഠനവിഷയങ്ങളും ചോദിച്ചറിയാറുണ്ട്. ക്രമേണ അവസരം കിട്ടുമ്പോഴെല്ലാം വല്യച്ഛനോട് ഓരോ രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും ചോദിക്കാറുണ്ട്, രസകരമായ അനുഭവ കഥയായിട്ടാണു പറഞ്ഞു തരാറ്.
ഒരു ദിവസം വല്യച്ഛനോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ….
“എന്റെ അനിയത്തിക്ക് ഇപ്പോൾ കുറച്ചു ദിവസമായിട്ട് ഹിക്ക ഉണ്ട്.
എന്താ ഹിക്കയുടെ ചികിത്സ?
ആ ഹിക്കയുടെ ചികിൽസ അഷ്ടാംഗഹൃദയത്തിൽ പറയുന്നത് വായിക്കൂ…
വായിച്ചു…
അത് ഗ്രന്ഥ ഭാഗം ….
ഇനി പ്രായോഗികമായി താൻ എന്തു ചെയ്യും?”
“അതിപ്പൊ…. ഇതൊക്കെ പഠിച്ചു വരുന്നതേ ഉള്ളൂ അത്ര ആഴത്തിൽ അറിയില്ല”… എന്നു ഞാൻ പറഞ്ഞു.
ഇന്ന നെയ്യ് ഉപയോഗിച്ചിട്ടാണ് ഞാൻ സ്നേഹപാനം ചെയ്യാൻ ഉദ്ദേശിക്കുന്നത്…
അപ്പോൾ ഇത്തരത്തിൽ മാറ്റങ്ങളുണ്ടാകും എന്നൊക്കെ പറഞ്ഞു തന്നു .
ഞാൻ അത്ഭുതപ്പെട്ടുപോയി !!
കാരണം എഴുപതു വയസ്സിനോടടുത്ത തന്റെ സഹോദരിയുടെ രോഗം….!
(എപ്പോഴും ബന്ധുക്കളെ ചികിത്സിക്കുക എന്നത് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്, വിമുഖത സ്വഭാവികവുമാണ്.)
തന്റെ സഹോദരിയുടെ രോഗത്തിന് ശാസ്ത്രത്തിലൂന്നി യുക്തിസഹമായി ചിന്തിച്ച് ഒരു ഔഷധം കണ്ടെത്തി അതുകൊണ്ട് സ്നേഹപാനം പോലെയുള്ള വിശദമായ ക്രിയകൾ ചെയ്യുക എന്നത് തികച്ചും ശ്ലാഘനീയമായ കാര്യമാണ്.
ചികിത്സ കഴിഞ്ഞപ്പോൾ ആ രോഗം പൂർണ്ണമായി മാറി.
മാത്രമല്ല തന്റെ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ജീവനക്കാരുടേയും ഇടയിൽ ഉണ്ടാകുന്ന രോഗങ്ങൾ സുസൂക്ഷ്മം നിരീക്ഷിക്കുകയും വേണ്ട സമയത്ത് വൈദ്യശാസ്ത്രപരമായ നിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നതിൽ ഒല്ലൂരെ വല്യച്ഛൻ വളരെയധികം നിഷ്കർഷിച്ചിരുന്നു.
ഞങ്ങളുടെ അപ്ഫമ്മക്ക് (അച്ഛന്റെ ചെറിയമ്മ) മലദ്വാരത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. അത് അർബുദരോഗത്തിന്റെ ഭാഗമാണെന്നു മനസ്സിലായി. ഒല്ലൂരെ വല്യച്ഛന്റെ അമ്മയുടെ അനിയത്തിയുടെ മകള് കൂടിയായിരുന്നു അവർ. ഉടൻതന്നെ വല്യച്ഛൻ അപ്ഫമ്മയെ കാണുകയും ആ രോഗത്തിനെപ്പറ്റി വിശദമായി വിവരങ്ങൾ അന്വേഷിക്കുകയും, ആ സന്ദർഭത്തിൽ അതിനുവേണ്ട ഔഷധങ്ങൾ നിഷ്കർഷയോടെ കൂടി ഉണ്ടാക്കി കൊടുത്തയക്കുകയും, ഇടക്കിടക്ക് അന്വേഷിക്കുകയും ചെയ്തുപോന്നു.
അദ്ദേഹം ഒ പി യിൽ രോഗികളെ നോക്കുന്നതു പൊതുവേ സാവധാനത്തിലാണ്.
വല്ല്യച്ഛന്റെ ശൈലി എങ്ങനെ എന്നുവെച്ചാൽ…..
രോഗിയോട്..
എവിടുന്നാ വരുന്നത്?
ഇരിഞ്ഞാലക്കുട..
ഇരിഞ്ഞാലക്കുടയിൽ എവിടെയാണ്?
കൂടൽമാണിക്യം ക്ഷേത്രത്തിന് അടുത്താണ്…
ക്ഷേത്രത്തിന്റെ തെക്കോ വടക്കോ?
ഇന്ന സ്ഥലത്താണ്..
അവിടെ ഇന്ന വാരിയര് താമസിക്കുന്നില്ലേ?
അദ്ദേഹം ഇപ്പോഴും ഉണ്ടോ?
അസുഖമൊന്നുമില്ലല്ലോ ?
ആ വാര്യരുടെ ഏട്ടന്റെ മകനാണ്..!
ഇത്തരം സംഭാഷണം വഴി ഒരോ രോഗിക്കും വലിയ മതിപ്പ് ഉണ്ടാക്കാനും അവരെ ആഴത്തിൽ സ്വാധീനിക്കാനും വല്യച്ഛന് കഴിഞ്ഞിരുന്നു.
പിന്നീട് ചോദിക്കുന്ന ചോദ്യങ്ങൾ രോഗവുമായി ബന്ധപ്പെട്ടതായിരിക്കും.
എന്നാണ്..എപ്പോഴാണ്.. തുടങ്ങിയത്… ലക്ഷണങ്ങൾ… എപ്പോഴാണ് കൂടുന്നത്, എന്തൊക്കെ ചെയ്യുമ്പോഴാണ് സമാധാനം കിട്ടുന്നത്, ഇങ്ങനെ ഒന്നൊന്നര മണിക്കൂർ വരെ സമയം പിടിക്കാറുണ്ട് ഒരു ചികിത്സയിലേക്ക് എത്താൻ. മാത്രമല്ല ആ രോഗിക്ക് കുറിപ്പടി കൊടുക്കുമ്പോൾ ആ കടലാസിന്റെ മറുപുറത്ത് രോഗം വളരെ പഴക്കമുള്ളതാണ് ഇതിന് ആഴത്തിലുള്ള ചികിത്സകൾ വേണ്ടി വരും; കിടത്തി ചികിത്സ വേണ്ടിവരുമെന്നാണ് തോന്നുന്നത്; ഇന്ന ഇന്ന ചികിത്സകളാണ് ഇതിനു ഉത്തമം എന്ന് ആ ചികിത്സയുടെ പേരടക്കം എഴുതിയിട്ടാണ് പറഞ്ഞയക്കാറ്. പലപ്പോഴും രോഗി ഔഷധം കഴിക്കാൻ തുടങ്ങുമ്പോൾ ലക്ഷണങ്ങൾ അല്പം ശമിച്ചാൽ പോലും നിഷ്കർഷിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും പാലിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാകുന്നത് അദ്ദേഹത്തിന്റെ ഇടപെടലുകളും അല്പമൊരു ശാസനയോട് കൂടിയുള്ള നിബന്ധനകളുമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്.
മാത്രമല്ല പലപ്പോഴും രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്താൽ അവർക്കു വേണ്ട ചികിത്സയിൽ നിഷ്കർഷ പാലിച്ചിരുന്നു. ഒരിക്കൽ ഒരു രോഗിക്ക് ചികിത്സ കഴിഞ്ഞപ്പോൾ അദ്ദേഹം വിചാരിച്ച രീതിയിൽ ഫലം കണ്ടില്ല; അപ്പോ അദ്ദേഹം ഉടൻ തന്നെ ഓഫീസിലേക്ക് വിളിച്ച് ആ വ്യക്തിയുടെ ബില്ല് വരുത്തി ചികിത്സാചിലവ് പൂർണ്ണമായും ഒഴിവാക്കി. സ്വാഭാവികമായും ഓഫീസിൽ നിന്ന് അവർ ചോദിച്ചു, ചികിത്സയുടെ ഭാഗമായിട്ട് ചില ചില വ്യത്യാസങ്ങളൊക്കെ വരുന്നത് സ്വാഭാവികം അല്ലേ എന്ന ദുസൂചനയ്ക്ക് അദ്ദേഹം മറുപടി കൊടുത്തത്
“അതെല്ലാം നിങ്ങൾക്ക്….. എനിക്കങ്ങനെയല്ല” എന്നാണ്.
അതായത് ചികിത്സയിൽ ഒരു വൈദ്യനെന്ന നിലയിൽ വ്യക്തി നിലനിർത്തേണ്ട സൂക്ഷ്മതയും ആഴത്തിലുള്ള കാഴ്ചപ്പാടും, പ്രതീക്ഷിക്കുന്ന ഫലം കിട്ടാത്തപ്പോൾ തന്റെ ചിന്തയുടെ പോരായ്മയാണെന്ന് സ്വയം വിമർശനാത്മകമായി ചിന്തിച്ച് അതിനെ പരിഹരിക്കാനുള്ള മാർഗ്ഗം കണ്ടെത്തുന്നതിന്റെ പോരായ്മയുടെ നഷ്ടം ഉത്തരവാദിത്വത്തോട് കൂടി ഏറ്റെടുക്കുക എന്നുള്ളത് അസാധാരണമായ കാര്യമാണ്.
ചികിത്സിച്ചു രോഗിക്കു വേണ്ടത്ര ഫലം കിട്ടാതെ വരുമ്പോൾ എന്തെങ്കിലും മുട്ട് ന്യായങ്ങൾ പറയുകയോ അല്ലെങ്കിൽ സന്ദർഭവശാൽ അങ്ങനെയൊക്കെ സംഭവിച്ചു എന്നൊക്കെ പറഞ്ഞ് അതിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുകയോ ചെയ്യുന്നതാണ് പൊതുവേയുള്ള ഒരു നടപ്പ് രീതി. എന്നാൽ തന്റെ അറിവിലുള്ള ആത്മവിശ്വാസവും വീക്ഷണത്തിലുള്ള ബലവും അതിനേക്കാളുപരി ഉത്തരവാദിത്വബോധവും ഒക്കെ വൈദ്യനിൽ ഉണ്ടാവുക എന്നതിനു ഏറ്റവും വലിയ മാതൃകയായിട്ടു എനിക്ക് ഒല്ലൂര് വല്യച്ഛനെ തോന്നിയിട്ടുണ്ട്.
ചികിത്സയിൽ അസാധാരണമായ പലതും അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ഒരിക്കൽ ഒരു വീട്ടിൽ രോഗിയെ കാണാൻ പോയപ്പോൾ ഉണ്ടായ സാഹചര്യം അദ്ദേഹം പറയുകയുണ്ടായി. അന്ന് ഇപ്പോഴത്തെ പോലെ അല്ലല്ലോ. പലപ്പോഴും രോഗിയുടെ വീട്ടിലേക്ക് വൈദ്യന്മാരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത്. ഒരു ദിവസം ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോൾ ഒരു മാനസിക രോഗിയെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ഒരു മുറിയുടെ ഒരറ്റത്ത് ജനലിൽ കൈയും കാലും ചങ്ങലക്കിട്ട നിലയിലാണ് കണ്ടത്. രോഗി കാര്യമായി ഒന്നും സംസാരിച്ചില്ല: നിശബ്ദനായി താഴോട്ട് നോക്കിയിരിക്കുകയായിരുന്നു. എന്താണ് രോഗിയുടെ പ്രശ്നങ്ങൾ എന്ന ഏകദേശരൂപം കുടുംബാംഗങ്ങളിൽ നിന്നും ചോദിച്ചു മനസ്സിലാക്കി. മാനസിക രോഗത്തിന് എന്താണ് കാരണം എവിടുന്നാണ് ചികിത്സ ആരംഭിക്കേണ്ടത് എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിലത്തേക്ക് സൂക്ഷ്മമായി നോക്കിയപ്പോൾ അവിടവിടെയായി ചെറിയ രക്തത്തുള്ളികൾ കാണുകയുണ്ടായി. സ്വാഭാവികമായും മാനസിക പ്രശ്നം ഉള്ള രോഗികൾ സ്വയം മുറിവേൽപ്പിക്കുന്ന രീതി ഉണ്ടല്ലോ. അതായിരിക്കാം അല്ലെങ്കിൽ ചങ്ങല ഉരഞ്ഞതോ മറ്റോ ആയിരിക്കാം; എന്നാൽ അതല്ല എന്ന് മനസ്സിലാക്കുകയും മറിച്ച് ഇത് മലദ്വാരത്തിൽ നിന്നുള്ള രക്തത്തിന്റെ പാടുകൾ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അർശസിന്റെ ചികിത്സയാണ് ആ നേരത്ത് അദ്ദേഹത്തിന് ഓർമ്മ വന്നത് എന്നാണ് വല്യച്ഛൻ പറഞ്ഞിട്ടുള്ളത്.
അർശസിന്റെ പൂർവ്വ രൂപത്തിലും മറ്റും ഇതുപോലെയുള്ള മാനസിക പ്രശ്നങ്ങൾ വരാം എന്ന് ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നുണ്ടല്ലോ. അങ്ങനെ ചിരുവില്വാദികഷായം പോലെയുള്ള അർശസിന് പറഞ്ഞിട്ടുള്ള ഔഷധങ്ങൾ കൊടുക്കുകയും (മാനസിക പ്രശ്നത്തിന് സാധാരണ പറഞ്ഞിട്ടുള്ള ഔഷധങ്ങളെ മാറ്റിനിർത്തി പൂർണമായും അർശസ് ചികിത്സ ചെയ്തുവെന്നും) കുറച്ചുകാലം കൊണ്ട് രോഗിക്ക് പൂർണമായും രോഗമുക്തി ലഭിച്ചു എന്നുമാണ് വല്യച്ഛൻ പറഞ്ഞത്. ഇത് വലിയൊരു നിരീക്ഷണമാണ്. ഇന്നത്തെ കാലഘട്ടത്തിലൊക്കെ പലപ്പോഴും രോഗികളെ നിരീക്ഷിക്കുമ്പോൾ jump-into-diagnosis അതായത് വ്യാധി നിർണ്ണയത്തിലേക്ക് എത്താനുള്ള വ്യഗ്രത വളരെ കൂടുതലായി കാണുന്നു. വളരെ സൂക്ഷ്മമായ ഒരു നിരീക്ഷണം നടത്തുന്നതിൽ ഒല്ലൂരെ വല്യച്ഛനെ പോലെയുള്ള മുതിർന്ന വൈദ്യന്മാരുടെ ക്രാന്തദർശിത്വം എപ്പോഴും ഞങ്ങൾക്കൊക്കെ വഴികാട്ടിയാണ്.
മറ്റൊരു കാര്യം വല്യച്ഛനെ സംബന്ധിച്ചെടുത്തോളം ചികിത്സയിൽ ഔഷധ രൂപീകരണത്തിനുള്ള ചിന്താ പദ്ധതിയാണ്.
2015 ആദ്യമാസങ്ങളിൽ എന്റെ അച്ഛന് ഗൌരവമല്ലാത്ത ആരോഗ്യപ്രശ്നങ്ങളിൽ ആരംഭിച്ച് പിന്നീട് അത് ഉദരമെന്ന രോഗത്തിലേക്ക് മാറിയ സാഹചര്യമുണ്ടായി. അതിന്റെ ചികിത്സ നടന്നു കൊണ്ടിരിക്കെ തന്റെ ജ്യേഷ്ഠനായ ഒല്ലൂരെ വല്യച്ഛനെ കാണണമെന്ന് അച്ഛൻ പറഞ്ഞു. അതേസമയം ഒല്ലൂരെവല്യച്ഛനും ആരോഗ്യപരമായി ഒട്ടും തന്നെ ബലവാനായ സാഹചര്യം അല്ലായിരുന്നു എങ്കിൽപോലും അച്ഛന്റെ ഈ ആഗ്രഹം അറിഞ്ഞ ഉടൻ വല്യച്ഛൻ ഇല്ലത്തേക്കു വന്നു. സന്ദർഭവശാൽ അതേസമയത്ത് വൈദ്യമഠം ഋഷികുമാരൻ നമ്പൂതിരിയും ഇല്ലത്ത് വരികയുണ്ടായി. ഇവരു മൂന്നുപേരും കൂടിയാൽ സ്വാഭാവികമായി അവരുടെ ചർച്ച വൈദ്യത്തിലേക്കാവും എന്ന് നമ്മൾക്കെല്ലാവർക്കും ഊഹിക്കാമല്ലോ. മൂന്നു മഹാ വൈദ്യന്മാർ ആണല്ലോ ചർച്ച ചെയ്യുന്നത്. പൊതുവൈദ്യവിഷയത്തിൽ നിന്ന് പതുക്കെ അച്ഛന്റെ ഉദരരോഗത്തിനെക്കുറിച്ചായി ചർച്ച.
ഇപ്പോൾ കഴിക്കുന്ന ഔഷധങ്ങൾ, എന്തൊക്കെ കഴിച്ചു എന്നതിന്റെ വിശദീകരണങ്ങൾ അങ്ങനെ പലതും ഉണ്ടായി. ആ സന്ദർഭത്തിൽ എന്നോട് അഷ്ടാംഗഹൃദയം എടുത്തു കൊണ്ടു വരാനും അതിലെ ഉദരചികിത്സ വായിക്കാനും പറയുകയുണ്ടായി. അല്പം ഒരു ഭയത്തോടു കൂടിയാണ് ഞാൻ അതു കൈകാര്യം ചെയ്തത്. കാരണം ആയുർവേദം പഠിച്ചിട്ടുണ്ട്, കോളേജ് അധ്യാപകനാണ് എങ്കിൽപോലും ഇത്രയും മുതിർന്ന പ്രഗൽഭരായ ഈ പണ്ഡിതരുടെ മുമ്പിൽ ഈ അധ്യായം വായിക്കുമ്പോൾ അവിടെ ഉണ്ടാകാവുന്ന അബദ്ധങ്ങൾ, അല്ലെങ്കിൽ അവരുദ്ദേശിച്ച തലത്തിലേക്കുള്ള ചിന്തകൾ എത്രത്തോളം സാധ്യമാവും എന്ന ശങ്കയോടു കൂടി തന്നെയാണ് വായിക്കാൻ ആരംഭിച്ചത്. അങ്ങനെ ഗ്രന്ഥത്തിൽ ഒരോ ഭാഗവും വായിച്ച് ഇതിൽ എതാണ് അനുയോജ്യമായ മരുന്ന് എന്നതിനെപ്പറ്റിയൊക്കെ വലിയ ചർച്ച നടത്തുകയുണ്ടായി. അങ്ങനെ അതിൽ പറഞ്ഞിട്ടുള്ള പല യോഗങ്ങളും പ്രത്യേകിച്ച് നാരാചക ചൂർണ്ണം അതുപോലെ ചിരുവില്വാദി ചൂർണ്ണം, അമൃതാദ്വിതയം കഷായം തുടങ്ങി, യോഗത്തിലെ ചില ദ്രവ്യങ്ങളെ ഒഴിവാക്കി മറ്റു് ചിലത് ചേർത്ത് ഒരു കുറിപ്പടി തയ്യാറാക്കി. ഗോമൂത്രത്തിൽ ഇന്ന മരുന്നു ചേർത്ത് ഇന്ന ചൂർണ്ണം ചേർത്ത് കഴിക്കുക എന്ന് കൃത്യമായ ഒരു പ്രിസ്ക്രിപ്ഷൻ വല്യച്ഛനും, വൈദ്യമഠം ഋഷികുമാരൻ നമ്പൂതിരിയും കൂടിച്ചേർന്ന് എന്നെക്കൊണ്ട് എഴുതിക്കുകയും ചെയ്തു.
“നാരായണൻ കൃത്യമായിട്ട് കഴിക്കണം..
..മരുന്നുകളിൽ ചിലതൊക്കെ ഉണ്ടാക്കി കഴിക്കണം
വേണമെങ്കിൽ ഞാൻ വൈദ്യരത്നത്തിൽനിന്ന് കൊടുത്തയക്കാം.
അവിടെ ചിലതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.”
വളരെ നിഷ്കർഷയോടു കൂടി അച്ഛനെ പറഞ്ഞു ബോധ്യപ്പെടുത്തി.
അച്ഛൻ അതു കഴിക്കാൻ തുടങ്ങി…
ഉപശയവും കാണുകയുണ്ടായി…
ഇ ടി നാരായണൻ മൂസ്സ് എന്ന വൈദ്യനെ ഒരു വലിയ പ്രസ്ഥാനത്തിന്റെ തലവനായി അല്ലെങ്കിൽ വലിയൊരു എന്റർപ്രിനർ ആയി കാണുന്നതിന് അപ്പുറത്തേക്ക് അദ്ദേഹത്തിന്റെയുള്ളിലെ വൈദ്യനെ അദ്ദേഹത്തിന്റെ സൂക്ഷ്മ ചിന്താഗതിയെയൊക്കെ പുതിയ കാലഘട്ടത്തിലെ വൈദ്യ സമൂഹവും വിദ്യാർത്ഥികളും എത്രമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എനിക്കറിയില്ല. കാരണം ആധുനികസങ്കേതങ്ങളുടെ ഒരുതരത്തിലുള്ള പിൻബലവും ഇല്ലാതെ പൂർണ്ണമായും ഗ്രന്ഥാധിഷ്ഠിതമായി, യുക്തിസഹമായി, പ്രയോജനപ്രദമായി, തന്റെ അനുഭവത്തിന്റെ ആലയിൽ ഉരുക്കി എടുത്ത ആ ഒരു ചികിത്സാപദ്ധതി അതിഗഹനവും എന്നാൽ ഏതൊരാൾക്കും മാതൃകാപരവും ആണെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്.
വാഗ്ഭടസരണിയുടെ ആദ്യ അഷ്ടാംഗഹൃദയ സത്രം നടന്നതിനുശേഷം അതിന്റെ തുടർ പരിപാടിയായി വൈദ്യരത്നം ഫൗണ്ടേഷനിൽ വെച്ച് എല്ലാ മാസവും ഒരു ചർച്ച നടത്തുക പതിവായിരുന്നു. പല സമയത്തും അദ്ദേഹം വരുകയും ആ ഗ്രന്ഥഭാഗം വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും ഗ്രന്ഥഭാഗത്തിലെ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന് അനവധി ഭരണപരമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾപോലും നിരന്തരമായി ആഴത്തിൽ ഗ്രന്ഥം പഠിക്കാനുള്ള താല്പര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ അവസാന കാലങ്ങളിൽ, വിദേശികൾ ആയിട്ടുള്ള കുറേ ഡോക്ടർമാരെ കൊണ്ട് അവിടെ പോയപ്പോൾ എന്നോട് ഒരു ശ്ലോകം ചൊല്ലാൻ പറഞ്ഞു. ശ്ലോകം ചൊല്ലി, അതിൽ ചെറിയ ഉച്ചാരണപ്പിശകുകൾ (പാഠഭേദം)ഉണ്ടായിരുന്നു. അപ്പോൾ അത് ഇങ്ങനെ അല്ല ചൊല്ലേണ്ടത് അതിൽ ചില തെറ്റുകൾ ഉണ്ടെന്ന് പറഞ്ഞു തരുകയും അദ്ദേഹത്തിന്റെ സ്വകാര്യമായിട്ടുള്ള ഗ്രന്ഥം എടുത്തു കാണിക്കുകയും ചെയ്തു . അദ്ദേഹത്തിന്റെ കയ്യിലുള്ള അഷ്ടാംഗഹൃദയം മൂലത്തിൽ പാരമ്പര്യമായി കിട്ടിയ താളിയോല ഗ്രന്ഥത്തിൽ നോക്കി താരതമ്യം ചെയ്തു ആദ്യം മുതൽ അവസാനം വരെ തിരുത്തി വെച്ചത് ഞാൻ കണ്ടു. എഴായിരത്തിച്ചില്ലാനം ശ്ലോകങ്ങളുള്ള ഈ മുഴുവൻ ഗ്രന്ഥത്തെയും പൂർണ്ണമായി മനഃപാഠമായി പഠിച്ചു, അതിലെ ഓരോ സ്ഥലങ്ങളിലേയും പദങ്ങളെ തിരുത്തണമെങ്കിൽ എത്രമാത്രം ആത്മാർത്ഥതയും ഭക്തിയും സ്നേഹവും ആണ് ഈ ശാസ്ത്രത്തിനോട് എന്നുള്ളത് അത്ഭുതമല്ലേ നമ്മൾക്ക്. ശ്രീ. ഡി. ശ്രീമാൻ നമ്പൂതിരിയിൽ നിന്ന് സംസ്കൃതവും അനുബന്ധ ശാസ്ത്രങ്ങളും, ആശാനിൽ നിന്ന് വൈദ്യവും പഠിച്ചു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. അദ്ദേഹം വിപുലമായ ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തതിനോടൊപ്പം തന്നെ തന്റെ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുകയും അതിനെ അങ്ങേയറ്റം സ്നേഹ ബഹുമാനത്തോടെ സമീപിക്കുകയും ചെയ്തു എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ മഹത്വമായി ഞാൻ കാണുന്നത്.
വലിയ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുമ്പോഴും “ചികിത്സാപ്രാഗല്ഭ്യം തന്നെയാണ് ആത്യന്തികമായ ബലം; മറ്റെല്ലാം അതിന് ഉപോല്ബലകമായി വന്നു ചേരുന്നതാണ്” എന്നാണ് പറയാറ്. നിരന്തരമായി ശാസ്ത്രം പഠിക്കാനും അതുപോലെതന്നെ അതിനെ ഫലവത്തായി ചികിത്സയിൽ പ്രയോജനപ്പെടുത്താനുമായിരിക്കണം വൈദ്യന്റെ ശ്രദ്ധ എന്നാണ് അദ്ദേഹം പറഞ്ഞു തന്നിട്ടുള്ളത്.
അച്ഛന്റെ മരണശേഷം ഒരിക്കൽ വല്യച്ഛനെ കാണാൻ പോയപ്പോൾ ശാരീരികാരോഗ്യം വളരെ മോശമായിരുന്നു.
“നമ്പിയുടെ മകനാണ് താൻ..
ഇപ്പോൾ ആരാണ് നമ്പില്ലത്ത് വൈദ്യനായി ഉള്ളത്.. എന്ന് ചോദിച്ചു..
ഞാൻ ഒന്നും മിണ്ടിയില്ല.
അപ്പോൾ നമ്മളെല്ലാം അഷ്ടവൈദ്യകുടുംബത്തിലെ അംഗങ്ങളാണ് ഈ ശാസ്ത്രത്തെ നിരന്തരം പഠിച്ച് ആഴത്തിൽ മനസ്സിലാക്കി അതിനെ ഒരു ജ്ഞാനഗംഗ പോലെ കൊണ്ടുനടക്കേണ്ടതാണ് എന്നൊക്കെ പറയാതെ പറയുകയും ചെയ്തു.
ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു വന്നതിനു ശേഷവും വല്യച്ഛൻ ശിഷ്യന്റെ സഹായത്താൽ അഷ്ടാംഗ ഹൃദയം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ആധുനിക ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യകളുടേയും സഹായമില്ലാതെത്തന്നെ രോഗിയെ ആഴങ്ങളിൽ മനസ്സിലാക്കുകയും യുക്തമായ ഔഷധങ്ങളെ കടഞ്ഞെടുക്കുകയും ചെയ്യുക എന്നത് അസാമാന്യ പ്രതിഭകൾക്ക് മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ പിൻ തലമുറക്കാരും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവരിലൂടെയൊക്കെ ആ ചികിത്സാ നൈപുണ്യം ഇപ്പോഴും ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെയൊക്കെ ഒല്ലൂരെ വല്യച്ഛനായ പത്മഭൂഷൺ ഇ ടി നാരായണൻ മൂസ്സ് അവർകളുടെ സ്മരണിക പുറത്തിറക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിനെ സ്മരിക്കാനും ചികിത്സാ നൈപുണ്യത്തെപ്പറ്റി അല്പം എഴുതാനും അവസരം ലഭിച്ചത് ഗുരുകൃപയായി കരുതുന്നു.
അഭിവാദയേ….
നാരായണൻ നമ്പി