Nambi Ayurveda


 

കൃഷ്ണകുമാർജിയുടെ ദേഹവിയോഗം വളരെ വലിയ ആഘാതമാണ് നമുക്കൊക്കെ ഉണ്ടാക്കിയത് . കാരണം ആയുർവേദ സമൂഹത്തിൽ ഇത്ര അധികം സ്വാധീനം ചെലുത്തിയ വേറെ വ്യക്തി ഉണ്ടെന്ന് തോന്നുന്നില്ല.

വ്യക്തിപരമായി കൃഷ്ണകുമാർ ജിയുമായി ഒരുപാട് വർഷത്തെ പരിചയവും അടുപ്പവും എല്ലാം ഉണ്ട്.

ദേവി കോയമ്പത്തൂർ കോളേജിലെ വിദ്യാർത്ഥി ആയിരുന്നതു കൊണ്ട് പ്രത്യേകമായ ഒരു വാത്സല്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

ആര്യ വൈദ്യ ഫാർമസി നടത്തുന്ന ആയുർസൂത്രം, ആയുർ ശരീരം, ആയുർ ചികിത്സ, തത്വ പ്രകാശിനി തുടങ്ങിയ പല പരിപാടികളിലും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് പങ്കെടുക്കാനും പ്രസംഗിക്കാനും ഉള്ള അവസരം ലഭിച്ചു.

അതിനേക്കാളേറെ ഓരോ തവണ അവിടെ ചെന്ന് അദ്ദേഹവുമായി സംസാരിക്കുമ്പോഴും

ആയുർവേദം എങ്ങനെ ആയിരിക്കണം…

ആയുർവേദത്തിന്റെ ഭാവി എന്താണ്?…..

ആയുർവേദത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം…..

എന്നതിനെക്കുറിച്ച് ഇത്രയും വ്യക്തവും കൃത്യവും സ്പഷ്ടവുമായ ഒരു ദാർശനിക കാഴ്ചപ്പാടുള്ള ഒരു വ്യക്തിയെ അടുത്തറിയുകയായിരുന്നു.

ഈ മനോഭാവം സാധാരണ വൈദ്യന്മാരിൽ കണ്ടെത്തുക അത്ര എളുപ്പമല്ല.

ഔഷധ നിർമ്മാണ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന മറ്റു മഹാരഥന്മാരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു കൃഷ്ണകുമാർ ജി.

വൈദ്യ സമൂഹത്തിലെ വിദ്യാർത്ഥികളുമായി നിരന്തരം സംവദിക്കുകയും ഓരോ തവണ സംവദിക്കുമ്പോഴും അവരുടെ ആനുകാലികമായ പ്രശ്നങ്ങളെ മനസ്സിലാക്കുകയും, വളരെ ആഴത്തിൽ അതിനുള്ള പ്രതിവിധി കണ്ടെത്തുകയും ചെയ്തിരുന്നു എന്നുള്ളത് വളരെ പ്രത്യേകതയാണ്.

പൊതുവേ ആയുർവേദത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു മഹത് വ്യക്‌തി എന്നുള്ള നിലയിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാൽ സമൂഹത്തിലെ താഴെ തട്ടിലേക്ക് ഇറങ്ങി വന്ന് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനും അതുമൂലം അവരുടെ ആരോഗ്യം സംരക്ഷിക്കാനും കൂടി അദ്ദേഹം സദാ ഉത്സുകനായിരുന്നു.

ഒരു ഉദാഹരണം പറയാം.

എസ് എൻ എ യുടെ നവതി ആഘോഷത്തിന്റെ ഭാഗമായി പത്തുവർഷംമുമ്പ് അദ്ദേഹത്തിനെ ക്ഷണിക്കാനായി കോയമ്പത്തൂരിലേക്ക് പോയി. നേരത്തെ നിശ്ചയിച്ച അപ്പോയ്ന്റ്മെന്റ് പ്രകാരം അദ്ദേഹത്തെ കാണുകയും ഒന്നുരണ്ടു മണിക്കൂർ സമയം വിശദമായി സംസാരിക്കുകയും ചെയ്തു

സംഭാഷണമധ്യേ യാദൃശ്ചികമായി പാലിന്റെ കാര്യം വന്നു. അപ്പൊ കൃഷ്ണകുമാർ ജി പറഞ്ഞു കോയമ്പത്തൂരിൽ നല്ല പാല് കിട്ടാത്ത ഒരു അവസ്ഥ വന്നു എന്നും അതുകൊണ്ടുതന്നെ ഞാൻ മുൻകൈയെടുത്തു നൂറോളം പശുക്കളെ വാങ്ങി കർഷകരുടെ ഓരോരുത്തരുടെയും വീട്ടിൽ എത്തിക്കുകയും അവയെ കറക്കാൻ ഉള്ള കറവക്കാരനെ ഏർപ്പാട് ചെയ്യുകയും ചെയ്തു എന്ന്. അപ്പോൾ അവർക്ക് പശുവിനെ കെട്ടാനും അതിനെ നോക്കാനുള്ള സൗകര്യം മാത്രം മതി. കറന്ന് അതിനുശേഷം ആ വീട്ടിലേക്ക് ആവശ്യമുള്ള പാലെടുത്ത് ബാക്കി ബാക്കിവരുന്ന പാല് ക്ഷീര സഹകരണ സംഘം പോലെ ഒരു സംഘമുണ്ടാക്കി അവിടേക്ക് കൊണ്ടുവന്ന് പാക്കറ്റ് ആക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ഒരു രീതി നടപ്പാക്കി എന്ന് എന്നുപറഞ്ഞ് എനിക്ക് രണ്ട് പാക്കറ്റ് പാലും തന്നു!!!

പലപ്പോഴും പല രാഷ്ട്രീയക്കാരും ക്ഷീരകർഷകരെ സഹായിക്കുന്നു അവർക്കുവേണ്ടി പലതും ചെയ്യുന്നു എന്ന് ഘോരഘോരം പ്രസംഗിക്കുന്ന സാഹചര്യത്തിൽ വളരെ ലളിതമായ രീതിയിൽ കൃഷ്ണകുമാർ ജി സമൂഹത്തിനു വേണ്ടി പലതും ചെയ്തിരുന്നു എന്നുള്ളത് ഒരു പുതിയ അറിവ് തന്നെ ആയിരുന്നു എനിക്ക്.

ഒരു ആയുർവേദ വൈദ്യൻ സമൂഹത്തിലേക്ക് എത്രത്തോളം ശ്രദ്ധിക്കണം എന്തൊക്കെ ചെയ്യണം എന്നതിനുള്ള ഉദാഹരണം കൂടി ആയിരുന്നു കൃഷ്ണകുമാർ ജി.

അദ്ദേഹത്തിന്റെ ചിന്തകളുടെ വൈവിധ്യം എത്രമാത്രം വിപുലമാണ് എന്ന് ആലോചിച്ചാൽ മനസ്സിലാവും

അവിനാശി ലിംഗമെന്ന ചെറിയ പ്രസ്ഥാനത്തിൽ നിന്ന് തുടങ്ങി അവിനാശി ലിംഗം എന്ന ഒരു ഡീംഡ് യൂണിവേഴ്സിറ്റി തലത്തിലേക്ക് എത്തിക്കുക. 26 -27 വയസ്സുള്ളപ്പോൾ സ്വയം ഒരു ആയുർവേദ വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കുക ..!

പൂർണ്ണമായി പഠനവും പഠന സൗകര്യങ്ങളും അന്നവും അഭയവും കൊടുത്തു ഒരു തലമുറയെ വാർത്തെടുക്കുക !!

ഇതൊന്നും ഒരു ശരാശരി ബുദ്ധിക്ക് പറ്റുന്നതല്ല.

വളരെ ബൃഹത്തായ ധിഷണാശാലിക്കു മാത്രമേ ഇങ്ങനെയൊക്കെ പറ്റൂ.

Whatsapp ലും SMS വഴിയും അവസാനകാലം വരെയും ബന്ധപെട്ടിരുന്നെകിലും അവസാനമായി നേരിട്ടുകണ്ടു കുറെ സംസാരിച്ചതു വിഷ്ണു ആയുർവേദ കോളേജിലെ അലുമിനി അസോസിയേഷന്റെ ഒരു മീറ്റിംഗിൽ ആയിരുന്നു.

അന്ന് ദേവിയുടെയും കുട്ടികളുടെയും സുഖവിവരം അന്വേഷിക്കുകയും അവരോട് സംസാരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു

വളരെ ചെറിയ പ്രായത്തിൽത്തന്നെ അതായത് ഒരു നാലഞ്ചു വയസ്സുള്ളപ്പോൾ തന്നെ കുട്ടികളെ കൊണ്ടുവന്ന് ഗുരുകുലസമ്പ്രദായത്തിൽ ഭാരതീയ ശാസ്ത്രങ്ങൾ പഠിപ്പിക്കുന്ന ഒരു രീതിയെ കുറിച്ച് അദ്ദേഹം വിസ്തരിച്ചു പറഞ്ഞു തന്നു.

ഇത്തരത്തിലൊരു ബോധന സമ്പ്രദായത്തെപ്പറ്റി അഥവാ ഇത്രയും വലിയ തലത്തിലുള്ള ആയുർവേദ വിദ്യാഭ്യാസ വിചക്ഷണൻ അഥവാ pedagogical സയൻസിന്റെ വലിയൊരു ഉറവിടമായിരുന്നു കൃഷ്ണകുമാർ ജി

ഇത്രയും എളിമയോടെ കൂടി എല്ലാവരെയും ഒരേ തരത്തിൽ കാണുകയും സ്നേഹ വാൽസല്യത്തോടെ സംസാരിക്കുകയും കാണുമ്പോൾ ഇപ്പോൾ എന്ത് ചെയ്യുന്നു എന്നും ഇനി എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നും ചോദിക്കുകയും അതിൽ എല്ലാം തന്നെ ആയുർവേദ സംബന്ധിയായ വിഷയങ്ങളെ ചേർത്ത് കൂടുതൽ ആവേശത്തോടു കൂടെ ചെയ്യാനുള്ള ഒരു ഊർജ്ജം നല്കിക്കൊണ്ടാണ് തന്റെ അടുത്ത് വരുന്ന ഓരോ വ്യക്തിയെയും അദ്ദേഹം പറഞ്ഞയച്ചിരുന്നത്.

എപ്പോഴാണോ നമുക്ക്‌ ഒരു വ്യക്തിയുടെ അടുത്ത് പോകുമ്പോൾ വലിയ ഒരു ഊർജ്ജം കിട്ടുന്നത് ആ വ്യക്തി ഒരു വലിയ മഹാത്മാവാണ്. ഇരുപതോ മുപ്പതോ വർഷങ്ങളായി ശാരീരികമായ അനാരോഗ്യം ഉണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ പ്രസന്നത യ്ക്ക് അദ്ദേഹത്തിന്റെ ഭാഷണ ശക്തിക്ക് ഒന്നും ഒട്ടും കുറവ് വരുത്തിയിരുന്നില്ല

സത്യസായിബാബ പറയാറുള്ള ഒരു വാചകമുണ്ടല്ലോ” you cannot destroy the smile in my face because its origin is not the physical body”

എന്റെ മന്ദഹാസത്തിൻ നശിപ്പിക്കാൻ ആർക്കും കഴിയില്ല കാരണം അതിന്റെ ഉറവിടം ഈ ശരീരമല്ല ഇന്ന് സായിബാബയുടെ വാചകം കൃഷ്ണകുമാർജി യിൽ അന്വർത്ഥമായി എന്ന് എനിക്ക് തോന്നാറുണ്ട് ഇത്രയൊക്കെ അനാരോഗ്യം ഉണ്ടെങ്കിൽ പോലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ സ്നേഹത്തോടെ വാത്സല്യത്തോടെ ഒക്കെയാണ് അദ്ദേഹം സംസാരിക്കാറുള്ളത്.

അദ്ദേഹത്തിന്റെ നഷ്ടം വൈദ്യ സമൂഹം എങ്ങനെ നികത്തും എന്നറിയില്ല. മഹാരഥന്മാരെയൊക്കെ നഷ്ടപ്പെടുമ്പോൾ കൂടുതൽ കൂടുതൽ അനാഥർ ആവുകയാണോ നമ്മൾ എന്ന് തോന്നിപ്പോകും. കാരണം ഏതുകാര്യത്തിനും കൃഷ്ണകുമാർ ജി യുടെ അടുത്ത് പോയി കഴിഞ്ഞാൽ എന്തും നമുക്ക് നേടാമെന്ന ധൈര്യം അദ്ദേഹം പകർന്നു തരുമായിരുന്നു. ഏതൊരു പുതിയ പ്രൊജക്ടുമായി ചെന്നാലും അതിന്റെ ഒരു പോസിബിലിറ്റി ഫീസിബിലിറ്റി ഇവയൊക്കെ പഠിക്കാനും മനസ്സിലാക്കി തരാനും ഒക്കെ കഴിവുള്ള ഒരാളായിരുന്നു.

വാക്കുകൾക്കതീതമായിരുന്നു അദ്ദേഹം. ഈ ഒരു അവസരത്തിൽ ഹൃദയം ചോർന്നത് പോലെയൊരു തോന്നൽ……

ഒരിക്കൽ കൂടി അദ്ദേഹത്തെ നമസ്കരിച്ചു കൊണ്ട് പ്രണാമം

നാരായണൻ നമ്പി

Leave a Reply

Translate »

Discover more from Nambi Ayurveda

Subscribe now to keep reading and get access to the full archive.

Continue reading