സാധാരണ ശിഷ്യന്മാർ ഗുരുക്കന്മാരെ പറ്റിപറയുന്നത് നമ്മൾ എല്ലാവരും ധാരാളം കേട്ടിട്ടുള്ളതാണ്. മിക്ക ശിഷ്യന്മാർക്കും വളരെ സ്നേഹോഷ്മളവും ദീപ്തവും അഭിമാനാർഹവുമായ ഒട്ടേറെ സ്മരണകൾ സ്വാഭാവികമായും ഗുരുനാഥനെ പറ്റി ഉണ്ടാവും.
പക്ഷേ എത്ര ശിഷ്യർ അവരുടെ ഗുരുപത്നിയെ ഓർക്കാറുണ്ട് ??.
അപൂർവ്വത്തിൽ അപൂർവ്വം എന്ന് വേണമെങ്കിൽ പറയാം.
അച്ഛനെ സംബന്ധിച്ചിടത്തോളം പല ഗുരുക്കന്മാർ ഉണ്ടായിരുന്നുവെങ്കിലും ആര്യവൈദ്യശാലയിൽ തനിക്കുണ്ടായിരുന്ന പ്രിയപ്പെട്ട ഗുരുനാഥൻ ചീഫ് ഫിസിഷൻ ആയിരുന്ന ശ്രീ എസ് വാര്യരായിരുന്നു എന്നാണ് പറയാറ്. 1978 മുതൽ ഒരു പതിറ്റാണ്ട് കാലം അച്ഛൻ, കോട്ടക്കൽ ആര്യവൈദ്യശാലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്ത് ശ്രീ എസ് വാരിയർക്ക് പ്രിയപ്പെട്ടവനും പ്രിയ ശിഷ്യനും ഒക്കെയായിരുന്നു. സ്നേഹപൂർവ്വം തിരുമേനി എന്നാണ് അച്ഛനെ വിളിച്ചിരുന്നത് എങ്കിലും അവർ തമ്മിലുള്ള ബന്ധത്തിൻറെ ആഴം പിന്നീട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ഗുരു പത്നിയിലൂടെ.
ശ്രീ എസ് വാര്യരെ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പത്നിയായ തങ്ക വാരസ്യാർ എന്ന ആ മുത്തശ്ശിയുമായി പലപ്പോഴും സംസാരിക്കാനുള്ള അവസരം ലഭിച്ചു . അച്ഛനും അവരും തമ്മിലുള്ള സംസാരം വളരെ ഊഷ്മളമായിരുന്നു .”ഞങ്ങളുടെ മക്കളുടെ കൂട്ടത്തിലായിരുന്നു നമ്പി തിരുമേനിയുടെ സ്ഥാനം ” എന്നവർ ഇടയ്ക്കിടെ പറയുമായിരുന്നു. മാതൃവാത്സല്യം ഗുരുപത്നിയിൽ നിന്നും അച്ഛന് കിട്ടിയിരുന്നു എന്ന് എനിക്ക് മനസ്സിലായി.
ശാസ്ത്രങ്ങളിലൊക്കെ പഞ്ചമാതാക്കളെപ്പറ്റി പറയുമ്പോൾ ആദ്യം പറയുന്നത് തന്നെ ഗുരുപത്നി ആണല്ലോ. അതുമാത്രമല്ല വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട അച്ഛന് സ്വഭാവികമായും മാതൃഭാവം ഗുരുപത്നിയിൽ കണ്ടിട്ടുണ്ടായിരിക്കാം.
ഇല്ലത്തെ ഏതു വിശേഷത്തിന് മുമ്പും ശ്രീകൃഷ്ണപുരത്ത് പോയി ഗുരുപത്നിയെ നമസ്കരിച്ചു വരിക എന്നത് അച്ഛൻറെ ഒരു ശീലമായിരുന്നു. ഇതിനു പുറമെ ആ വഴിക്ക് മറ്റെന്ത് ആവശ്യത്തിന് പോകുമ്പോഴും ആ വീട്ടിൽ പോവുകയും കുറച്ചുനേരം സംസാരിക്കുകയും ചെയ്യുക എന്നുള്ളതും പതിവാണ്. അച്ഛനോട് മാത്രമല്ല അമ്മയോടും ഞങ്ങളോടും എല്ലാം ആ ഗുരുപത്നി വളരെ ആഴത്തിലുള്ള ബന്ധം നിലനിർത്തിയിരുന്നു. അമ്മയുമായി അവർ പലപ്പോഴും ഫോണിൽ സംസാരിക്കുകയും നമ്പില്ലത്തെ എല്ലാ കാര്യങ്ങളെ പറ്റിയും വിശദമായി ചോദിച്ചറിയുകയും ചെയ്തിരുന്നു. അതുപോലെതന്നെ അവിടുത്തെ കുട്ടികളുടെയും പേരക്കുട്ടികളുടെയും എല്ലാം വിശേഷങ്ങൾ അമ്മയ്ക്കും ഹൃദിസ്ഥമായിരുന്നു.
2014 ൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകദിനത്തിനു കണ്ടപ്പോൾ ഈ വർഷം അച്ഛൻറെ പിറന്നാളിന് ഞാൻ നമ്പില്ലത്തേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു.അല്പം അനാരോഗ്യം ഉണ്ടെങ്കിലും കർക്കടകമാസത്തിലെ മഴയെ വകവെക്കാതെ അവർ ആ പിറന്നാളിന് മകൻ മാധവൻകുട്ടിയോടൊപ്പം ഇല്ലത്തെത്തി . ആ ദിവസം ഞങ്ങളോടൊപ്പം ചെലവഴിച്ച് അച്ഛനെയും അമ്മയെയും ഞങ്ങളെയും അനുഗ്രഹിച്ചു . ആ പിറന്നാൾ ഒരു മധുരമായ ഓർമയായി അച്ഛൻ സൂക്ഷിച്ചിരുന്നു; അന്ന് അവർ നൽകിയ മുണ്ടും..!!
ചികിത്സാ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ശ്രീ എസ് വാര്യരെപ്പറ്റി അച്ഛൻ പ്രത്യേകമായി എടുത്തു പറയാറുണ്ട്. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും ചികിത്സയിലുള്ള നിഷ്കർഷയും പ്രത്യേകമായ ചികിത്സാ പദ്ധതികളും അങ്ങനെ പലതും….പലപ്പോഴും ഇത്തരം സംസാരങ്ങൾ ഗുരുപത്നി യിലേക്കും വന്നു ചേരുന്നത് സ്വാഭാവികം…..
അച്ഛൻറെ മരണശേഷം ഒരു സ്മരണിക തയ്യാറാക്കി; അതും കൊണ്ട് ആ ഗുരുപത്നിയുടെ അടുത്ത് പോയി അവർക്ക് കൊടുത്തപ്പോൾ ആ പുസ്തകം മാറോട് ചേർത്ത് ഇത് എനിക്ക് തന്നെ ഉള്ളതല്ലേ എന്ന് വിങ്ങിപ്പൊട്ടിയ ഹൃദയത്തോടു കൂടി അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു .
അമ്മയും ഞങ്ങളും പലപ്പോഴും ശ്രീകൃഷ്ണപുരത്തും കോട്ടക്കലും പോയി അവരെ കാണുകയും ആ ബന്ധം നിലനിർത്തുകയും ചെയ്തിരുന്നു. ശ്രീ എസ് വാര്യരുടെ മക്കളായ ഡോക്ടർ മുരളി, ഡോക്ടർ മാധവൻ കുട്ടി, എന്നിവരോടെല്ലാം ഒരു കുടുംബാംഗം എന്ന നിലയിലുള്ള വളരെ ഊഷ്മളമായ ബന്ധം നിലനിർത്തി പോരുന്നു.
കോട്ടക്കൽ ആര്യവൈദ്യശാലയെ ഒരു പതിറ്റാണ്ടുകാലം മാത്രമേ അച്ഛൻ ഒരു തൊഴിലിടം ആക്കിയുള്ളൂ എങ്കിലും അന്ന് അവിടെ ജോലി ചെയ്തിരുന്ന മുഴുവൻ ആൾക്കാരുടെയും ഹൃദയ ഇടങ്ങളിൽ അച്ഛൻ വലിയ സ്ഥാനം നേടി. പൊതുവേ മിതഭാഷിയായ അച്ഛൻ ആര്യ വൈദ്യശാലയിൽ പോയാൽ വളരെ വാചാലനായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ എല്ലാ കാര്യങ്ങളെയും കുറിച്ച് ചോദിച്ചറിയുമായിരുന്നു.
അച്ഛൻറെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഡോ.പി. കെ വാരിയർ സാറിന്റെ ഒരു എഴുത്ത് അച്ഛന് കിട്ടുകയുണ്ടായി.
” നമ്പിക്ക് പ്രത്യേകിച്ച് വിശേഷം ഒന്നും ഇല്ലല്ലോ കുറെ ദിവസമായി കണ്ടിട്ട്….. ഒന്ന് കാണാൻ തോന്നുകയാണ്… എപ്പോഴെങ്കിലും ഈ വഴിക്ക് വരുമ്പോൾ ഇങ്ങോട്ട് വരുമല്ലോ”എന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. ഉടനെ തന്നെ അച്ഛൻ കോട്ടക്കൽ പോയി പി കെ വാര്യർ സാറിനെ കണ്ടു.
അച്ഛനെ സംബന്ധിച്ചിടത്തോളം ആര്യവൈദ്യശാലയിലെ സേവനം വളരെ കുറച്ചുകാലം ആയിരുന്നെങ്കിലും അതുണ്ടാക്കിയെടുത്തിട്ടുള്ള ബന്ധം വളരെ വളരെ ആഴത്തിലുള്ളതാണ്. അതിലെ പ്രധാന വ്യക്തികളാണ് ഡോക്ടർ പി കെ വാര്യർ സാറും, ശ്രീ എസ് വാര്യരും അദ്ദേഹത്തിൻറെ പത്നി തങ്കവാരസ്യാരുക്കെ. വ്യക്തിപരമായി നേരത്തെ വിരമിക്കേണ്ടി വേണ്ടിവന്നെങ്കിലും ഡോ. പി എം വാരിയർ, ഡോ. കെ മുരളീധരൻ, ഡോ.ടി എസ് മുരളി, ഡോ. ടി എസ് മാധവൻ കുട്ടി എന്നിവരോടുള്ള ചങ്ങാത്തം വളരെ ദൃഢമായി തുടർന്നു പോന്നിരുന്നു.
ഇന്ന് രാവിലെ തങ്ക വാരസ്യാർ ഇഹലോകവാസം വെടിഞ്ഞു എന്ന വാർത്ത അവരുടെ മകൻ അറിയിച്ചു.
വളരെ വിഷമത്തോടെ കൂടിയാണ് ഈ വാർത്ത കേട്ടത്. അമ്മയും വളരെയധികം അസ്വസ്ഥയായി.ആ പഴയകാലം അമ്മ ഓർത്തെടുത്തു.
ഈയൊരു സന്ദർഭത്തിൽ അമ്മക്കും ഞങ്ങൾക്കും അവിടെ പോയി നമസ്കരിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം അനുവദിക്കുന്നില്ലല്ലോ.
അച്ഛൻറെ ജന്മദിനം കൂടിയായ ഇന്ന് ഒരിക്കൽ കൂടി അച്ഛനേയും അദ്ദേഹത്തിന്റെ ഗുരുനാഥനെയും സ്നേഹനിധിയായ ഗുരു പത്നിയെയും സ്മരിക്കുകയും അവരുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുകയും ചെയ്യുന്നു.
ശ്രദ്ധാഞ്ജലികളോടെ
നാരായണൻ നമ്പി