Nambi Ayurveda


ശ്രീ രാഘവൻ തിരുമുൽപ്പാട് സാറിനെ എനിക്ക് കുട്ടിക്കാലതുതന്നെ കാണാനും സംസാരിക്കാനും അവസരം ലഭിചിട്ടുണ്ട്. കാരണം എസ് എൻ എ യിൽ അദ്ദേഹം പതിവായി വരാറുണ്ടായിരുന്നു. ഞങ്ങടെ വല്യച്ഛൻ ആയിട്ടുള്ള അഷ്ടവൈദ്യൻ പിടി നാരായണൻ മൂസ്സും രാഘവൻ തിരുമുൽപ്പാട് സാറും, കെ പി നാരായണ പിഷാരടി മാഷും അടുത്ത സു ഹൃത്തുക്കളായിരുന്നു. യാദൃച്ഛയാ അവരുടെ സംഭാഷണശകലങ്ങൾ പലപ്പോഴായി കേൾക്കാനും സാധിച്ചിട്ടുണ്ട്. എനിക്കൊന്നും മനസ്സിലാവാത്ത തരത്തിലുള്ള വളരെ ആഴമേറിയ ചർച്ചകളാണ് 85-90 കാലഘട്ടങ്ങളിൽ അവിടെ നടന്നിരുന്നത്. രാമചരിതമാനസം എന്ന കൃതി കെ പി നാരായണ പിഷാരടി മാഷ് ഹിന്ദിയിൽ നിന്ന് സംസ്കൃതത്തിലേക്കും മറ്റേതോ ഭാഷയിലേക്കും തർജ്ജമ ചെയ്യുന്നതിനെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ ഞാൻ കുട്ടിക്കാലത്ത് ആ മുറിയിൽ ചുറ്റിപ്പറ്റിനിന്നു കേട്ടിട്ടുണ്ട്. എന്താണ് പറഞ്ഞിരുന്നത് എന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും പ്രധാനമായി സംസാരിച്ചിരുന്നത് വല്യച്ഛനും കെ പി നാരായണ പിഷാരടി മാഷും രാഘവൻ തിരുമുൽപ്പാട് സാറുമായിരുന്നു. വളരെ ആധ്യാത്മികമായി ആഴത്തിൽ ആ ഗ്രന്ഥത്തെ ആസ്പദമാക്കി അന്ന് ചർച്ചകൾ നടന്നിരുന്നു.

 

എനിക്ക് ഓർമ്മയുള്ള ഒന്നാണ് ഗുരുവായൂരിൽ നാരായണീയ ദിനം ആഘോഷിക്കുന്ന ഒരു ദിവസം. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരൻ ആയിരുന്നു ഉദ്ഘാടകൻ. രാഘവൻ തിരുമുൽപ്പാട് സാർ, പി ടി നാരായണൻ മൂസ്സ്, ആലത്തിയൂർ നാരായണൻ നമ്പി,   തുടങ്ങിയ മഹാവൈദ്യന്മാരടങ്ങിയ ഒരു മെഡിക്കൽ ക്യാമ്പും അവിടെ സംഘടിപ്പിച്ചിരുന്നു. സ്വാഗതപ്രസംഗം  അന്ന് സാർ ആയിരുന്നു നിർവഹിച്ചത് എന്ന് തോന്നുന്നു. തിരുമുൽപ്പാട് സാർ പ്രസംഗം തുടങ്ങി അല്പ നേരം കഴിഞ്ഞപ്പോഴേക്കും സംഘാടകർ അദ്ദേഹത്തിനോട് പറഞ്ഞു; ഉദ്ഘാടകൻ ആയിട്ടുള്ള മുഖ്യമന്ത്രി ശ്രീ കരുണാകരൻ എറണാകുളത്തു നിന്ന് പുറപ്പെട്ട് വഴിയിൽ ചില ബ്ലോക്കുകളിൽ പെട്ടിരിക്കുകയാണെന്ന്. വളരെ വേഗം അദ്ദേഹം എത്തും എന്നാലും അദ്ദേഹം വരുന്നതുവരെ അങ്ങ് പ്രഭാഷണം നീട്ടിയാൽ ഉചിതമായി. പിന്നെ ഏകദേശം ഒരു മണിക്കൂർ നേരം അദ്ദേഹം പ്രൗഢഗംഭീരമായി നാരായണീയത്തെക്കുറിച്ച് സംസാരിച്ചു.  രാഘവൻ തിരുമുൽപ്പാട് സാർ നാരായണീയത്തിലെ ഓരോ അധ്യായങ്ങളെയും ഭാഗങ്ങളെയും ഭാഷാപരമായും സാഹിത്യപരമായും ആരോഗ്യപരമായും വ്യവഛേദിച്ച് പറഞ്ഞു എന്നാണ് കേട്ടത്. ആയുരാരോഗ്യസൗഖ്യം എന്നൊക്കെയുള്ള ഭാഗങ്ങൾ വളരെ ഗംഭീരമായിരുന്നു എന്ന് അച്ഛനും വല്യച്ഛനും പറയുകയും അത് അവരുടെ സംഭാഷണത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. വളരെ കുട്ടിയായിരുന്ന എനിക്ക് അന്നൊന്നും മുഴുവനായും മനസ്സിലായില്ലായിരുന്നു.

 

 

ആയുർവേദ ഗ്രന്ഥമൊന്നുമല്ല, നാരായണീയം ആണ് വിഷയംഎന്നുകൂടി ആലോചിക്കണം.  സാധാരണക്കാരാണെങ്കിൽ തീർച്ചയായും പകച്ചു പോയേനെ. നമ്മളൊക്കെ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അൽപസ്വൽപം മാത്രം ചിന്തിച്ചു വരികയും അത് എങ്ങനെയെങ്കിലും കുറച്ച് അപ്പുറവും ഇപ്പുറവും തൊട്ടു പറഞ്ഞ് അവസാനിപ്പിക്കുകയും ആണല്ലോ പതിവ്. ഏതു വിഷയം കിട്ടിയാലും അതിനെ ആഴത്തിലും പ്രൗഢഗംഭീരമായും സദസ്സിനെ ഒട്ടും മുഷിപ്പിക്കാതെ അവർ പൂർണ്ണമായും ആസ്വദിക്കുന്ന രീതിയിൽ സംസാരിക്കുക എന്നത് മഹാനുഭാവന്മാർക്ക് മാത്രം പറ്റുന്ന കാര്യമാണ്. 

 

   രാഘവൻ തിരുമുൽപ്പാട് സാർ ഉള്ള സമയത്ത് തന്നെ അഷ്ടാംഗസംഗ്രഹം പ്രകാശിക വ്യാഖ്യാനം വളരെ ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നൊരു ദുഃഖം എനിക്കുണ്ട്. ഞാൻ പിജിക്ക് പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന രണ്ടു പുസ്തകങ്ങളിൽ ഒന്ന് സാറിന്റെ പ്രകാശിക വ്യാഖ്യാനവും മറ്റേത് കോട്ടക്കൽ പ്രബന്ധങ്ങളും ആയിരുന്നു. കായചികിത്സ അധ്യാപകൻ എന്ന നിലയ്ക്ക് സ്വാധീനിക്കുന്ന പുസ്തകങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് രാഘവൻ തിരുമുൽപ്പാട് സാറിന്റെ പ്രകാശിക വ്യാഖ്യാനം തന്നെയാണ്. 

 

ഞാൻ എസ്ഡിഎം ഉടുപ്പി കോളേജിൽ പിജിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ജപ്പാനിലെ വിദ്യാർഥികൾക്ക് ക്ലാസെടുത്തു കൊണ്ടിരിക്കുമ്പോൾ അവർ എന്നോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. താങ്കൾ വിംശതി ഗുണങ്ങളെപ്പറ്റി theory of opposites എന്നു പറഞ്ഞു കൊണ്ട് സംസാരിക്കുകയുണ്ടായല്ലോ. എന്നാൽ ദോഷങ്ങളുടെ ഗുണം പറയുന്ന സമയത്ത് ആ പത്തെണ്ണത്തിൽ ഏതു പത്തെണ്ണം ആണ് വാതത്തിന്റെ, ഏതു പത്തെണ്ണം ആണ് പിത്തത്തിന്റെ, ഏതു പത്തെണ്ണം ആണ് കഫത്തിന്റെ എന്ന്  താങ്കൾ വിശദീകരിച്ചില്ല. വാത ത്തിന്റെ രൂക്ഷം-ലഘു-ശീതം-ഖരം-സൂക്ഷ്മം-ചലം ( ചലത്തിനെ സരമായി എടുത്താൽ പോലും) ആറെണ്ണം മാത്രം, അതിന്റ  വിപരീതമായ ആറു ഗുണങ്ങൾ കൂട്ടിയാൽ 12 ഗുണങ്ങൾ. ബാക്കി 8 എണ്ണത്തിൽ ഏതു നാല് ഗുണങ്ങൾ വാതത്തിന് അനുകൂലങ്ങളാണ്, ഏതു നാലു ഗുണങ്ങൾ വാതത്തിന് പ്രതികൂലങ്ങളാണ്എന്ന് ചോദിച്ചപ്പോൾ സത്യത്തിൽ ഞാൻ ഒന്നു പതറിപ്പോയി. ഞാൻ അത് അരുണദത്ത-ഹേമാദ്രി വ്യാഖ്യാനങ്ങളിൽ തിരഞ്ഞപ്പോൾ അവിടെ ഒന്നും ഇതിനൊരു ഉത്തരം കിട്ടിയില്ല.  അതിനൊരു ഉത്തരം കിട്ടിയത് തിരുമുൽപ്പാട് സാറിന്റെ വ്യാഖ്യാനത്തിൽ ആയിരുന്നു. അത് വളരെ ഭംഗിയായി പ്രകാശിക വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്. ഇങ്ങനെ എവിടെയൊക്കെ നമുക്ക് സൈദ്ധാന്തികപരമായും ചികിത്സാപരമായും സംശയങ്ങൾ തോന്നുന്നുവോ അവിടെയെല്ലാം താരതമ്യേന കൂടുതൽ ഉത്തരങ്ങൾ കിട്ടുന്നത് തിരുമുൽപ്പാട് സാറിന്റെ വ്യാഖ്യാനങ്ങളിൽ നിന്നാണ്, അരുണദത്ത-ഹേമദ്രി  വ്യാഖ്യാനത്തെക്കാളേറെ  എന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. പലപ്പോഴും ചികിത്സയിലെ പ്രത്യേകിച്ച് പഞ്ചകർമ ചികിത്സ ഭാഗങ്ങളിലെ സംശയങ്ങൾ നോക്കുമ്പോൾ സംസ്കൃത വ്യാഖ്യാതാക്കൾ മൗനം പാലിച്ചിരിക്കുന്ന സമയത്ത്, തിരുമുൽപ്പാട് സാറ് അതിന് കഴിയുന്നത്ര സൈദ്ധാന്തിക പരമായ ഒരു യുക്തി കണ്ടെത്തുകയും, അല്ലെങ്കിൽ അതിനപ്പുറത്തേക്കുള്ള സാധ്യതകൾക്കുള്ള ചില സൂചനകൾ എങ്കിലും തരാതെ പോയിട്ടില്ല. ഇത് വളരെ വലിയൊരു കാര്യമാണ്.

 

ഞാൻ ഉടുപ്പിയിൽ പിജിക്ക് പഠിക്കുമ്പോൾ എന്റെ ഗൈഡിന്റെ പേര് ഡോ.ശ്രീനിവാസ ആചാര്യ എന്നായിരുന്നു. ഞാൻ എന്റെ പ്രെസന്റ്റേഷൻ തുടങ്ങുന്നതിനുമുമ്പ് പ്രകാശിക വ്യാഖ്യാനത്തിൽ പറഞ്ഞതായ

 

ചതുർമുഖ  സമാരംഭാം  വാഗ്ഭടാചാര്യ മധ്യമാം

അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം

 

 എന്ന ശ്ലോകം ചൊല്ലിയപ്പോൾ അവിടെയിരുന്ന എല്ലാവരും കൈയടിച്ചു. എന്റെ ഗൈഡിന്റെ പേര് ആചാര്യ എന്ന് ആയതുകൊണ്ട് അസ്മദാചാര്യ എന്നുള്ളത് വളരെ അർത്ഥവത്തായി. അവരിൽ പലരും വിചാരിച്ചത് ഇത് ഞാൻ ഉണ്ടാക്കിയ ഒരു ശ്ലോകമാണ് എന്നാണ്.



സദാശിവ സമാരംഭാം വ്യാസശങ്കര മധ്യമാം

അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം

 

 എന്ന വിഖ്യാതമായ ശ്ലോകത്തിലെ ആദ്യത്തെ രണ്ടു വരി മാറ്റി ആണല്ലോ തിരുമുൽപ്പാട് സാർ അത് ആയുർവേദത്തിന്റെയാക്കി മാറ്റിയത്. പ്രെസന്റേഷൻ കഴിഞ്ഞപ്പോൾ പലരും എന്റെ അടുത്ത് വന്നു പറഞ്ഞു ശ്ലോകത്തിലെ പദങ്ങൾ വളരെ നന്നായിട്ടുണ്ട് എന്ന്. അപ്പോൾ ഞാൻ പറയുകയുണ്ടായി ഇത് പ്രസിദ്ധനായ ശ്രീ രാഘവൻ തിരുമുൽപ്പാട് സാറിന്റെ ഗ്രന്ഥത്തിൽ ആമുഖം ആയിട്ട് പറയുന്ന പദേ പദാർത്ഥേ…… എന്നതിനുശേഷം പറഞ്ഞിട്ടുള്ള ഭാഗമാണ് എന്ന്. അന്ന് പല കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും എന്റെ അവതരണത്തിലെ റഫറൻസ് ആയിട്ട് തിരുമുൽപ്പാട് സാറിന്റെ ഗ്രന്ഥമാണ് ഉപയോഗിച്ചത്. കുറെയധികം പേര് വളരെ ആകാംക്ഷയോടു കൂടി എന്നോട് ചോദിക്കുകയുണ്ടായി ആരാണ് ഈ മഹാത്മാവ്, ആരാണ് ഇത്രയും ആഴത്തിൽ ഈ ഗ്രന്ഥത്തെ മനസ്സിലാക്കി എഴുതിയിട്ടുള്ളത്, ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് തർജ്ജമ എവിടെയെങ്കിലും ഉണ്ടോ, അതൊന്നു സംഘടിപ്പിച്ചു തരാൻ വഴിയുണ്ടോ എന്നെല്ലാം. അന്ന് അവിടത്തെ പല അധ്യാപകരും ഇതേ ചോദ്യം എന്നോട് ചോദിക്കുകയുണ്ടായി അപ്പോഴാണ് ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ എത്രത്തോളം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായത് തന്നെ.

 

അദ്ദേഹം ചുരുക്കം വാക്കുകൾ കൊണ്ട് ആശയത്തെ പ്രകടിപ്പിക്കാൻ സമർത്ഥനായിരുന്നു. അർത്ഥബോധകമായ ശബ്ദം –പദം, പദത്തിന്റെ അർത്ഥം തന്നെ പദാർത്ഥം, എന്നൊക്കെ പറഞ്ഞ് പദാർത്ഥത്തിനെ വളരെ ഭംഗിയായി അദ്ദേഹം മനസ്സിലാക്കിത്തരുന്നു. വളരെ ചെറിയ ചില വാക്കുകളും വാചകങ്ങളും കൊണ്ട് വളരെ വലിയൊരു അർത്ഥം പറഞ്ഞു മനസ്സിലാക്കി തരുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നുള്ളത് അദ്ദേഹത്തിന്റെ ചാതുരിയാണ്. സാമാന്യമായി ഇന്നത്തെ അധ്യാപകർക്ക് അത്ര പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. സംസ്കൃത ജ്ഞാനവും ഭാഷാപരമായ ബലവും അതോടൊപ്പം തന്നെ മൂല സിദ്ധാന്തം പോലുള്ള ഭാഗങ്ങളിലെ ആഴത്തിലുള്ള ചിന്തയുമൊക്കെ ആയിരിക്കാം അദ്ദേഹത്തെ അതിനു പറ്റുന്ന വിധത്തിൽ ആക്കി തീർത്തത് എന്ന് തോന്നുന്നു.

 

  ഇത്തരം ഗ്രന്ഥങ്ങൾ ഇന്നത്തെ വിദ്യാർത്ഥികളിൽ  എത്തുന്നത് അവർക്ക് സിദ്ധാന്തപരമായ തെളിമയും ജ്ഞാനവും കൃത്യതയാർന്ന തിരിച്ചറിവും സർവോപരി ഭാഷാ സ്വാധീനവും ആയുർവേദ പ്രണയവും ഉണ്ടാക്കി എടുക്കും എന്നതിൽ സംശയമില്ല. മഹാത്മാക്കൾ ജീവിക്കുന്നത് അവരുടെ ആശയങ്ങൾ ആകുന്ന ബീജത്തിൽ കൂടെ വിദ്യാർത്ഥികളിൽ ആണല്ലോ. ആ ചിന്താശകലങ്ങൾ ആകുന്ന ബീജവും പേറിക്കൊണ്ട് പുതിയ തലമുറ പിന്നെയും പിന്നെയും മുന്നോട്ടു പോകുമ്പോഴാണ് അവർ ചിരഞ്ജീവികൾ ആയി മാറുന്നത്.

 

ഞാൻ നേരിട്ട് രാഘവൻ തിരുമുൽപ്പാട് സാറിന്റെ അടുത്ത് പോയി പഠിച്ചിട്ടില്ല പക്ഷേ എന്റെ ഏട്ടൻ വാസുദേവൻ അവിടെ സ്ഥിരമായി പോവുകയും സാറിന്റെ അടുത്ത് പഠിച്ചിരുന്ന സമയത്തെ  അനുഭവങ്ങളേയും ചർച്ചകളേയും കുറിച്ച് വിശദമായി പറഞ്ഞു തരികയും ചെയ്യുമായിരുന്നു. പ്രത്യക്ഷ അനുഭൂതി ക്ക് പകരം ഒരു പരോക്ഷ അനുഭൂതിയാണ് സത്യത്തിൽ എനിക്ക് ഉണ്ടായിരുന്നത്. 

 

പിന്നീട് 2002 ൽ ആദ്യത്തെ അഷ്ടാംഗഹൃദയ സത്രം കാലടിയിൽ നടക്കുന്ന സമയത്താണ് തിരുമുൽപ്പാട് സാറിനെ നേരിട്ട് പരിചയപ്പെടുന്നത്. ആ ദിവസങ്ങളിൽ എന്നും വൈകുന്നേരം 6 മണി മുതൽ 8 മണി വരെ സത്രത്തിന്റെ പരമാചാര്യനായിരുന്ന രാഘവൻ തിരുമുൽപ്പാട് സാറിന്റെ ഒരു സത്സംഗം ഉണ്ടാവാറുണ്ട്. അതിൽ  തിരുമുല്പ്പാട് സാർ ഒരു ദിവസം ഒരു വിഷയം എന്ന ക്രമത്തിൽ ഏതെങ്കിലുമൊരു സ്ഥാനത്തിലെ പ്രത്യേക ഭാഗങ്ങളെക്കുറിച്ച് സംസാരിക്കുകയും പിന്നീട് അതിനെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും ആയിരുന്നു.             

 

ഈ ദിവസങ്ങളിൽ തിരുമുൽപ്പാട് സാറിന്റെ അടുത്ത്  ഓരോരുത്തർക്കും വേണമെങ്കിൽ വ്യക്തിപരമായി സംസാരിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. ആയിടയ്ക്കാണ് അഗ്നിവേശൻ സാർ ഒരു മാസികയിൽ ആയുർവേദം ഒരു മതമാണോ? മതത്തിന്റെ പല സ്വഭാവങ്ങളും ആയുർവേദത്തിന് ഉണ്ട് എന്ന തരത്തിൽ ഒരു ലേഖനം എഴുതിയത്.  ഒരു മതത്തിന് (സെമിറ്റിക് മതത്തിന്റെ സ്വഭാവങ്ങളാണ്) സാങ്കേതികമായി ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ ഉള്ള പലതും, അതായത് ഏകദൈവവിശ്വാസം, ഒരു പ്രത്യേക ജീവിത ശൈലിയോടുള്ള കാഴ്ചപ്പാട്, സമൂഹത്തിനോടുള്ള കാഴ്ചപ്പാട്, ചിട്ടവട്ടങ്ങൾ, എന്നിങ്ങനെ സൂത്ര സ്ഥാനത്തിൽ പലസ്ഥലത്തും പറയുന്ന അല്ലെങ്കിൽ മറ്റു പല സ്ഥലങ്ങളിലും പറയുന്ന ഭാഗങ്ങൾക്ക് മതത്തിന്റെ സ്വഭാവം ഉണ്ട് എന്നാണ് അഗ്നിവേശൻ സാറിന്റെ നിഗമനം. ഇത് എനിക്ക് വളരെ താല്പര്യമുള്ള ഒരു വിഷയം ആയിരുന്നു. അന്ന് ഞാൻ ചോദ്യോത്തരവേളയിൽ തിരുമുൽപ്പാട് സാറിന്റെ അടുത്ത് ആയുർവേദം ഒരു മതമാണോ എന്ന് ചോദിക്കുകയുണ്ടായി. സാർ എന്നോട് ദേഷ്യപ്പെടും എന്നാണ് ഞാൻ വിചാരിച്ചത്. അദ്ദേഹത്തിന്റെ മുഖം കുറച്ചൊന്നു മാറി. എന്നെ സദസ്സിൽ നിന്നും വിളിച്ചു അടുത്തേക്ക് വരാൻ പറഞ്ഞു. എന്താണ് പേര് എന്ന് ചോദിച്ചു നാരായണൻ ആണെന്ന് പറയുകയും ചെയ്തു.  മതം എന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ചോദിച്ചു. അതൊരു ജീവിതശൈലിയാണ് എന്നു തുടങ്ങി എന്റേതായ ചില ഡെഫിനിഷൻസ് ആണ് പറഞ്ഞത്. 

 

ഞാനന്ന് പറഞ്ഞ മിക്ക വാചകങ്ങളും കടം എടുത്തിരുന്നത് ശ്രീ എസ് രാധാകൃഷ്ണന്റെ “ദ റിലീജിയൻ” എന്ന പുസ്തകത്തിൽ നിന്നായിരുന്നു. (മതം എന്താണെന്ന് ഒരു വിദ്യാർത്ഥിക്ക് മനസ്സിലാക്കാൻ പറ്റുന്ന, സൈദ്ധാന്തികമായി വളരെ ആഴത്തിൽ പ്രതിപാദിക്കുന്ന ഏറ്റവും നല്ല പുസ്തകമാണ് സർവേപ്പള്ളി രാധാകൃഷ്ണൻ സാറിന്റെ ദ റിലീജിയൻ.)  തിരുമുൽപ്പാട് സാറിന് വളരെ സന്തോഷമായി എന്ന് മാത്രമല്ല സാറ് വളരെ വിശദമായി, വളരെ കൃത്യമായി ( രാഘവൻ തിരുമുൽപ്പാട് അഗ്നിവേശൻ സാറിന്റെ ഈ ലേഖനം വായിച്ചുവോ എന്ന് എനിക്കറിയില്ല) ഈ ആശയത്തെ വൈദ്യശാസ്ത്രത്തിലെ ആരോഗ്യനിലപാട്, ഒരു മതത്തിന്റെ ആരോഗ്യനിലപാട്, അതുപോലെ സാമൂഹിക നിലപാട് എന്നിങ്ങനെ എണ്ണിയെണ്ണി പറയാവുന്ന ഓരോ വ്യത്യാസങ്ങളും അതിലെ സാദൃശ്യ-വി ദൃശ്യങ്ങളും താരതമ്യപഠനം ചെയ്തു ആഴത്തിൽ പറയുകയുണ്ടായി. ഞാൻ സത്യത്തിൽ അത്ഭുതപ്പെട്ടുപോയി, മുൻ തയ്യാറെടുപ്പൊന്നും കൂടാതെ ഒരു പ്രത്യേക ചോദ്യത്തിന് ഇത്രയും ആഴത്തിൽ അപഗ്രഥിച്ചു  പറയണമെങ്കിൽ അസാമാന്യമായ ധിഷണാ ശക്തിമാത്രം പോരാ, എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകണം. ഏതൊരു വിഷയത്തെയും ഇത്രയും സമഗ്രമായി എല്ലാ  ഭാഗത്ത് കൂടെയും ചിന്തിക്കപ്പെടുക എന്നുള്ളത് അല്ലെങ്കിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്നുള്ളതാണ് ഞാൻ രാഘവൻ തിരുമുൽപ്പാട് സാറിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രത്യേകത. എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള വസ്തുത ഏതുതരത്തിലുള്ള ചോദ്യങ്ങൾക്കും പഠിതാവിന്റെ  തലത്തിൽ നിന്നുകൊണ്ട് പഠിതാവിന്റെ  ബൗദ്ധിക നിലവാരത്തിനെ  മനസ്സിലാക്കി അതെ ആഴത്തിലും വേണ്ട തീക്ഷ്ണതയിലും അവരുടെ തൃഷ്ണയ്ക്കനുസരിച്ച് അതിനെ ശമിപ്പിക്കാൻ വേണ്ട എല്ലാ ചേരുവകളും ചേർത്ത് പൂർണ്ണ തൃപ്തരാക്കാൻ പര്യാപ്തമായ രീതിയിൽ ഉള്ള ഉത്തരങ്ങൾ നല്കുക എന്നുള്ളതാണ് തിരുമുൽപ്പാട് സാറിന്റെ ശൈലി. 

 

സാറ് നൽകിയിട്ടുള്ള പല ഉപദേശങ്ങളും എന്റെ ജീവിതത്തിൽ വഴിത്തിരിവായിട്ടുണ്ട്. ഞാൻ ആയുർവേദ കോഴ്സ് പഠിച്ചത് കേരളത്തിനു പുറത്താണ്. അവിടെ പഠിപ്പിക്കുന്ന വൈദ്യ ഭാഷ ഇംഗ്ലീഷ് ആണ്.  എന്നാൽ നമ്മുടെ ആശയവും തനിമയും അതിന്റെ ഉദ്ദേശം ഉൾക്കൊള്ളത്തക്കതുമായ മലയാളഭാഷയും പദങ്ങളും കുറേക്കൂടി ആഴത്തിൽ ഊട്ടിയുറപ്പിക്കാൻ ഞാനെന്തു വേണം എന്ന് അദ്ദേഹത്തിന്റെ അടുത്ത് ചോദിക്കുകയുണ്ടായി.  അന്ന് അദ്ദേഹം എന്നോട് പറഞ്ഞത് കെ. പി. കേശവമേനോന്റെ നാം മുന്നോട്ട് എന്ന ലേഖന സമാഹാരവും, അതുപോലെ കഥ-നോവൽ-സാഹിത്യാദികളാണ് താല്പര്യമെങ്കിൽ സി. രാധാകൃഷ്ണന്റെ  പുസ്തകങ്ങളും, ആദ്ധ്യാത്മിക വിഷയങ്ങളാണ് താല്പര്യമെങ്കിൽ ശ്രീനാരായണ ഗുരുവിന്റെ കൃതികളും വായിക്കണം എന്നാണ് . ഈ മൂന്നു കാര്യങ്ങളും വളരെ അധികം ആഴത്തിൽ എന്നെ സ്വാധീനിച്ചു. ഉടൻതന്നെ മാതൃഭൂമിയിൽ നിന്ന് “നാം മുന്നോട്ട്” വാങ്ങുകയും പല ആവർത്തി വായിക്കുകയും ചെയ്തു. ഗുരുവിന്റെ “ദൈവദശകം” മുതൽ പ്രധാനപ്പെട്ട പല കൃതികളും വായിച്ചപ്പോഴാണ് അതിന്റെ സത്തയും മലയാളവും അന്നത്തെ തമിഴ് സ്വാധീനവും ഒക്കെ മനസ്സിലായത്. സാറിന്റെ തന്നെ ശ്രീ നാരായണ ഗുരുവിനെ കുറിച്ചുള്ള  ലേഖനങ്ങളെല്ലാം വളരെ ഹൃദ്യമാണ്. “രാഘവീയം” എന്ന സാറിന്റെ ഗ്രന്ഥം എന്നെ  വളരെ സ്വാധീനിച്ച ഒന്നാണ്. നാരായണീയം കഴിഞ്ഞാൽ വ്യാധിതനെ വ്യാധിയിൽ നിന്നും അകറ്റാൻ ഗ്രന്ഥരചനയ്ക്ക് കഴിവുണ്ട് എന്ന് അതിശയോക്തിയോടെയല്ലാതെ മനസ്സിലാക്കാൻ അല്ലെങ്കിൽ പ്രത്യക്ഷത്തിൽ കാണിച്ചു തന്നിട്ടുള്ള  കൃതി കൂടിയാണത്.

 

അതുപോലെത്തന്നെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 1964 മുതലുള്ള പ്രബന്ധങ്ങളിൽ പത്തോ പന്ത്രണ്ടോ വർഷം രാഘവൻ തിരുമുൽപ്പാട് സാറിന്റെ തന്നെ ഓരോ രോഗങ്ങളെയും കുറിച്ചുള്ള സമ്മാനർഹമായ ലേഖനങ്ങൾ തന്നെയാണ് എനിക്ക് കായചികിത്സയിൽ ഓരോ രോഗങ്ങളുടെയും പഠനത്തിന് സഹായിച്ചത്. അന്ന് പരീക്ഷയ്ക്ക് വരുന്ന ഓരോ ചോദ്യങ്ങൾക്കും തിരുമുല്പ്പാട് സാറിന്റെ ലേഖനങ്ങളുടെ വരികളും ആശയങ്ങളും അതേപോലെ എഴുതിവെച്ചിട്ടുണ്ട്. 

 

  പലരും ഗ്രന്ഥത്തിലെ ശ്ലോകങ്ങൾ ധാരാളമായി പറഞ്ഞു മുന്നോട്ടു പോയി കൊണ്ട് വിഷയാവതരണം നടത്തുമ്പോൾ നമ്മുടെ ആശയം അവതരിപ്പിക്കുന്നതിനു വേണ്ടി ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ എടുത്ത് അതിനെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോവുക എന്നുള്ളതാണ് സാറിന്റെ ഒരു ശൈലി. ആ രീതി ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് ഞാൻ. തിരുമുല്പാട്  സാറിന്റെ കൂടെ നിരന്തരമായി ശാരീരികമായോ ശാബ്ദികമായോ ഒരു സാമീപ്യം കൊണ്ടല്ല; ഞാൻ അതിലേറെ അദ്ദേഹം എഴുതിയ വാക്കുകളിലൂടെ അദ്ദേഹം പറഞ്ഞു തന്ന ചെറിയ ചെറിയ നുറുങ്ങുകളിൽ കൂടെ അല്ലെങ്കിൽ ഇന്നും എന്നും നിലനിൽക്കുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽക്കൂടെ ഒക്കെയാണ് അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത്. ചിലപ്പോൾ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെടാതെ പോയിട്ടുള്ള അനവധി ലേഖനങ്ങൾ ഉണ്ടായിരിക്കാം അത് പോലെ അദ്ദേഹം പലസ്ഥലങ്ങളിലായി പ്രസംഗിച്ച നിരവധി ആശയങ്ങൾ ഉണ്ടായിരിക്കാം, അവയേയും പഠന വിധേയമാക്കേണ്ടതാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. വളരെ നിർഭാഗ്യകരമായ ഒരു കാര്യമായി എനിക്ക് തോന്നിയിട്ടുള്ളത് ഈ വ്യാഖ്യാനങ്ങൾക്ക് മറ്റുഭാഷാ തർജ്ജമകൾ ഉണ്ടായില്ല എന്നുള്ളതാണ്. 1981 മുതൽ 86 വരെയുള്ള കാലഘട്ടങ്ങളിൽ ആണ് ഈ ഗ്രന്ഥനിർമ്മാണം നടന്നിട്ടുള്ളത് എന്നാണ് മുരളി സാർ പറഞ്ഞത്. ഏകദേശം 35 ഓളം വർഷം കഴിഞ്ഞിട്ടും ഇത്ര പ്രൗഢഗംഭീരമായ ഗ്രന്ഥത്തിന് ഒരു ഇംഗ്ലീഷ് തർജ്ജമ പറ്റിയില്ല എന്നുള്ളത് നമ്മളോരോരുത്തരും അടങ്ങുന്ന വിദ്യാർത്ഥി സമൂഹത്തിന് അല്പം ലജ്ജാകരമാണ്. അതുകൊണ്ട് എനിക്ക് തിരുമുൽപ്പാട് ഫൗണ്ടേഷനോടുള്ള ഒരു അപേക്ഷ തിരുമുൽപ്പാട് സാറിന്റെ പ്രകാശിക വ്യാഖ്യാനത്തിന് വിപുലമായ ഒരു ഇംഗ്ലീഷ് തർജ്ജമ തയ്യാറാക്കുക എന്നുള്ളതാണ്. ഇത് അനായാസമായ ഒരു പ്രവൃത്തി ആകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കുറച്ചു വാക്കുകൾ കൊണ്ട് വലിയ അർത്ഥത്തെ ദ്യോതിപ്പിക്കുന്ന തരത്തിലുള്ള തിരുമുൽപ്പാട് സാറിന്റെ ഭാഷയെ ഇംഗ്ലീഷിൽ ആക്കുക എന്നുള്ളത് അത്ര എളുപ്പമാകില്ല. 

 

ഭഗവത്ഗീതക്ക് സ്വാമി  ചിന്മയാനന്ദൻ വ്യാഖ്യാനം രചിച്ചത് പോലെ, അല്ലെങ്കിൽ പാതഞ്ജലയോഗസൂത്രത്തിന്  സ്വാമി വിവേകാനന്ദൻ വ്യാഖ്യാനം രചിച്ചത് പോലെ ആയുർവേദത്തിലെ വാഗ്ഭട സംഹിതയുടെ ഏറ്റവും മൗലികമായ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന ഈ  ഗ്രന്ഥം (അഷ്ടാംഗസംഗ്രഹം-പ്രകാശിക വ്യാഖ്യാനം) തർജ്ജമ ചെയ്ത് ലോകത്തിന് കൊടുക്കാൻ നമുക്ക് പറ്റണം. അതിനൊത്ത ഭാഷാസ്വാധീനം ഉള്ളവർ ചേർന്നിരുന്നു കൊണ്ട് ഈ പ്രകാശിക വ്യാഖ്യാനം പൂർണമായും അതിൽ തിരുമുൽപ്പാട് സാർ ഉപയോഗിക്കുന്ന ഓരോ പദങ്ങളുടെയും ഭംഗിയും ഔചിത്യവും ലാളിത്യവും തനിമയും നഷ്ടപ്പെടുത്താതെ ചെയ്യാൻ പറ്റുകയാണെങ്കിൽ അത് വലിയൊരു കാര്യം ആവും, അത്തരമൊരു പ്രയത്നത്തിന് എന്റെ പൂർണ്ണമായ പിന്തുണയും ഉണ്ടാകും എന്നുകൂടെ പറയുന്നു. 

 

അതോടൊപ്പം തന്നെ ചരകത്തിൽ നിന്നും സുശ്രുതത്തിൽ നിന്നും ഒക്കെ ഭാഗങ്ങളെ ഉദ്ധരിക്കുമ്പോൾ ഏത് ഭാഗത്തിലെ ഏത് അധ്യായത്തിൽ നിന്നാണ് എടുത്തിരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നത് നന്നായിരിക്കും. പക്ഷേ തിരുമുൽപ്പാട് സാറിന്റെ ഗ്രന്ഥങ്ങളിൽ പലപ്പോഴും ആയുർവേദ ഗ്രന്ഥങ്ങളുടെ പുറത്തേക്ക് സഞ്ചരിക്കുകയും ന്യായ-വൈശേഷിക സിദ്ധാന്തങ്ങളിലേയോ മറ്റു പല ഗ്രന്ഥങ്ങളിലേയോ  ഉദ്ധരണികൾ  കാണാറുണ്ട്. അവയെ എങ്ങനെ ഉദ്ധരിക്കും അല്ലെങ്കിൽ അടയാളപ്പെടുത്തും എന്നറിയില്ല. ബൗദ്ധ ദർശനവുമായി ബന്ധപ്പെട്ട് വരുന്ന സന്ദർഭത്തിൽ പ്രകാശികയിൽ താര, അവലോകിത എന്നൊക്കെ  പറയുന്ന സന്ദർഭങ്ങളിൽ തിരുമുൽപ്പാട് സാറ് ബൗദ്ധദർശനസിദ്ധാന്തങ്ങളെ വളരെ ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി പ്രതിപാദിക്കുന്നുണ്ട്. ബൗദ്ധ ദർശനങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പഠനവും അതിലേറെ അദ്ദേഹത്തിന്റെ ദർശനങ്ങളുടെ കാഴ്ചപ്പാടുമൊക്കെ ആയിരിക്കാം അതിന് സഹായകമായത്. അതുമാത്രമല്ല ബുദ്ധധർമ്മം എന്ന ധർമ്മ  പഥത്തിന്റെ വ്യാഖ്യാനവും ചെയ്തിട്ടുണ്ടല്ലോ. ഇങ്ങനെ ഓരോ അദ്ധ്യായങ്ങളേയും അല്ലെങ്കിൽ ഓരോ  ഭാഗങ്ങളേയും വ്യാഖ്യാനിക്കുന്നതിൽ തിരുമുൽപ്പാട് സാർ ചെയ്തിട്ടുള്ള പ്രയത്നം വളരെ കേമമാണ്. ഒരു യോഗം എടുക്കുമ്പോൾ പോലും മറ്റൊരു ഗ്രന്ഥത്തിലെ യോഗത്തിൽ ഇന്ന മരുന്നില്ല,  ചരകത്തിൽ ഇതേ യോഗത്തിൽ ത്രിഫല ഇല്ല, അല്ലെങ്കിൽ സുശ്രുതത്തിലെ ഇതേ  യോഗത്തിൽ ഇന്ന മരുന്നില്ല എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ വളരെ ശ്രദ്ധേയമാണ്. ഉദാഹരണമായി കുഷ്ഠ ചികിത്സയിൽ തിക്തകത്തിന്റേയും അതിനുശേഷം പറയുന്ന ചില യോഗങ്ങളുടെയും താരതമ്യപഠനം വളരെ ചിന്തോദ്ദീപകങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പ്രകാശിക വ്യാഖ്യാനത്തിന് വളരെ പ്രൗഢഗംഭീരമായ ഒരു ഇംഗ്ലീഷ് തർജ്ജമ അത്യന്താപേക്ഷിതമാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ഗുരോരനുഗ്രഹേണേവ പുമാൻ പൂർണ്ണ പ്രജായതേ…..

 

  അദ്ദേഹം മുന്നോട്ടുവച്ച ദർശനങ്ങളെയും ജ്ഞാന ശകലങ്ങളേയും ലോകത്തിനുമുഴുവൻ എത്തിച്ചുകൊടുത്ത് ശിഷ്യന്മാരുടെ കർത്തവ്യങ്ങൾ നിറവേറ്റാൻ ആ ഗുരുവിന്റെ അനുഗ്രഹാശിസ്സുകൾ നമ്മിലേക്കു  ചൊരിയട്ടെ.

 

 വൈദ്യ വൃത്തിയിൽ ആരോഗ്യ നികേതനത്തിലെ ജീവൻ മശായിയെപ്പോലെ, സാമൂഹിക മേഖലയിൽ മഹാത്മാ ഗാന്ധിയെപ്പോലെ, ആദ്ധ്യാത്മിക ശാസ്ത്രത്തിൽ രമണ മഹർഷിയെപ്പോലെ  ഋഷി തുല്യനായ ശ്രീ രാഘവൻ തിരുമുല്പാട് സാറിനെ സാഷ്ടാംഗം നമസ്കരിക്കുന്നു.

 

 

നാരായണൻ നമ്പി  

Leave a Reply

Translate »

Discover more from Nambi Ayurveda

Subscribe now to keep reading and get access to the full archive.

Continue reading