വൈദ്യമഠം എന്ന് പറഞ്ഞാൽ ഞങ്ങടെ ഒക്കെ മനസ്സിൽ ആദ്യം വരുന്നത് വൈദ്യമഠം കുഞ്ചുവേട്ടനാണ്.
സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടും ഏതു പ്രായക്കാരുമായും ചേർന്ന് നിന്ന് അവരുടെ ഇംഗിതത്തിനനുസരിച്ച് സംസാരിക്കാനും സ്നേഹ വാത്സല്യങ്ങൾ നൽകാനുമുള്ള സ്വതസിദ്ധമായ കഴിവുകൊണ്ടും കുഞ്ചുവേട്ടൻ വളരെ വ്യത്യസ്തനാണ്.
അച്ഛന്റെയൊക്കെ സമപ്രായക്കാരനായതുകൊണ്ട് കൂടി ആയിരിക്കാം കുഞ്ചുവേട്ടന് അച്ഛനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.
അന്യസംസ്ഥാനത്തിലെ ആയുർവേദ ബിരുദധാരികൾക്കുവേണ്ടി എസ്എൻഎയിൽ പഞ്ചകർമ്മ വർക് ഷോപ്പുകൾ നടത്തുമ്പോൾ വൈകുന്നേരത്തെ ഗുരുമുഖം എന്ന പരിപാടിയിൽ സ്ഥിരം സാന്നിധ്യമായിരുന്നു കുഞ്ചുവേട്ടൻ…
ചികിത്സയെ ലളിതവും അനായാസവുമാക്കി പരമ്പരാഗതമായ വൈദ്യ ശാസ്ത്രചിന്തയോടും നൈർമ്മല്യത്തോടും കൂടി ഓരോ രോഗത്തിലും പ്രയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അനിതര സാധാരണമാണ്.
തൃപ്പൂണിത്തറ കോളേജിൽനിന്ന് ആയുർവേദ ബിരുദ വിദ്യാഭ്യാസത്തിനുശേഷം വളരെ മഹത്തായ പാരമ്പര്യം ഉണ്ടെങ്കിലും സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളെ സേവിക്കാനായി സർക്കാർ സർവീസാണ് അദ്ദേഹം സേവനമേഖലയായി തെരഞ്ഞെടുത്തത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും സേവനം ചെയ്തുവെങ്കിലും പിന്നീട് വേങ്ങര എന്ന നാടിന്റെ സ്വന്തമായി അദ്ദേഹം മാറി.
സർക്കാർ സർവീസ് സർവീസിനു ശേഷവും ശനി തിങ്കൾ ദിവസങ്ങളിൽ കുഞ്ചുവേട്ടനെ കാണാൻ വളരെ ദൂരദേശങ്ങളിൽ നിന്നുപോലും എത്രയോ രോഗികൾ വേങ്ങരയിലേക്ക് വരുന്നത് പതിവായി.
വലിയ തിരക്ക് ഉണ്ടെങ്കിലും വേണ്ടത്ര സമയം കണ്ടെത്തി ഓരോ രോഗികളോടും സംസാരിക്കാനും അവരെ ആശ്വസിപ്പിക്കാനും അവർക്ക് വേണ്ട കൃത്യമായവൈദ്യ നിർദ്ദേശങ്ങൾ നൽകുവാനും കുഞ്ചുവേട്ടൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ചികിത്സയിലെ ഒരു വലിയ പ്രത്യേകത വളരെ കുറച്ച് ഔഷധങ്ങൾ ഉപയോഗിക്കുക എന്നതിനോടൊപ്പം തന്നെ കൃത്യമായ കാലനിർണയവുമാണു. കഷായം എത്ര കാലം, ആവർത്തനങ്ങൾ എത്ര കാലം, എപ്പോൾ കൊടുക്കണം,നെയ്യ് എപ്പോൾ കൊടുക്കണം ഇങ്ങനെ ഒരു രോഗിയുടെ രോഗത്തിന്റെ അവസ്ഥകൾ മാറുന്നതിനനുസരിച്ച് ഔഷധങ്ങളുടെ ഉപയോഗത്തിൽ കൃത്യതയുംവ്യക്തതയുള്ള ഒരു ചികിത്സകൻ ആയിരുന്നു അദ്ദേഹം.
എസ്എയുടെ സ്ഥാപക ദിനമായ ഉണ്ണിമൂസ് ദിനത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പായിരുന്നു. അവിടത്തെ പ്രബന്ധകർത്താക്കളുമായി സംസാരിക്കുകയും പലപ്പോഴും പ്രബന്ധാവതരണത്തിനു ശേഷം ആ വിഷയവുമായി ബന്ധപ്പെട്ട കുറിപ്പ് തയ്യാറാക്കി നൽകുകയും ആ ചർച്ചയുടെ ഭാഗമായി മാറുകയും ഒക്കെ ചെയ്തിരുന്നത് ഞാനിപ്പോഴും വളരെ സന്തോഷപൂർവ്വം ഓർക്കുകയാണ്.
ഒരുപക്ഷേ അച്ഛൻ കഴിഞ്ഞാൽ പിന്നെ ഞാൻ ഏറ്റവും കൂടുതൽ സംശയങ്ങൾ ചോദിച്ചിരുന്ന വ്യക്തി കുഞ്ചു ഏട്ടൻ ആയിരുന്നു. അൾസറേറ്റീവ് കൊളൈറ്റിസ് കേസ് വന്നപ്പോൾ, സർക്കൈഡോസിസ് കേസ് വന്നപ്പോൾ ഗുല്യൻ ബാരി സിൻഡ്രോം കേസ് വന്നപ്പോൾ ഇങ്ങനെ വളരെ സാധാരണമല്ലാത്ത ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള രോഗങ്ങളുള്ളവർ വന്നാൽ ആരോട് ചോദിക്കണം എന്ന സംശയം വന്നാൽ ഉടനെ ഫോൺ എടുത്തു വിളിക്കുന്നത് കുഞ്ചു ഏട്ടനെ ആയിരിക്കും
ഒരു ചികിത്സകന്റെ അഥവാ ഒരു തുടക്കക്കാരന്റെ എല്ലാ ആശങ്കകളും ആകുലതകളും ഉണ്ടായിരുന്ന എനിക്ക് ആ സമയത്തൊക്കെ തന്നെ വളരെ കൃത്യമായും വ്യക്തമായും ഉത്തരം തരികയും ശുദ്ധമായ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം തന്നിട്ടുണ്ട്. മണിക്കൂറുകളോളം ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ ഒരുതരത്തിലുള്ള മടി കാണിക്കാതിരിക്കുകയും എന്തൊക്കെ യോഗങ്ങൾ എപ്പോൾ കൊടുക്കണം എങ്ങനെ കൊടുക്കണം എന്ന് പറഞ്ഞു തരികയും ഇന്ന ഇന്ന ഫലങ്ങൾ വരും എന്ന് മുൻകൂട്ടി കാണേണ്ടതാണ് എന്നുകൂടി പറഞ്ഞു തരാറുണ്ട്.
മാത്രമല്ല എപ്പോഴൊക്കെ കുഞ്ചു ഏട്ടനെ കാണാൻ പോകുമ്പോഴും പുതിയ പുതിയ വിഷയങ്ങളെ പറ്റി സംസാരിക്കുകയുംചെയ്യും.
അഷ്ടാംഗം കോളേജിൽ പ്രിൻസിപ്പൽ ആയതിനുശേഷംകുഞ്ചുവേട്ടനെ കാണാൻ പോയപ്പോൾ പറഞ്ഞു വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത് അത് അതിന്റെ സംശുദ്ധിയോടു കൂടി നിലനിർത്താൻ ശ്രമിക്കണം മാത്രമല്ല ഭരണം മാത്രം പോരാ നല്ല അധ്യാപകൻ കൂടി ആകണം അധ്യാപനവും ചികിത്സയും കൈവിട്ടു കൊണ്ട് ആവരുത് ഭരണം എന്നുകൂടി അദ്ദേഹം പറഞ്ഞു.
ഏതാനും വർഷം മുമ്പ് ആയുർവേദ ദിനത്തിൽ അദ്ദേഹത്തിനെ ആദരിക്കാനും ഒരു അവസരം കിട്ടി. പലപ്പോഴും ശാസ്ത്രഭാഗങ്ങൾ വായിക്കുമ്പോൾ പ്രത്യേകിച്ചും പല യോഗങ്ങളും വായിക്കുമ്പോൾ അതിന്റെ പ്രയോഗത്തിൽ അഥവാ പറഞ്ഞിട്ടുള്ള സന്ദർഭങ്ങളിൽ ഒക്കെ തന്നെ സംശയം വരുമ്പോൾ കുഞ്ചുവേട്ടനാണ് അതിനൊക്കെ അനുയോജ്യമായ മറുപടി തരുന്നത്.
വൈദ്യമഠം ഋഷി കുമാരൻ നമ്പൂതിരി എന്ന നമ്മുടെയൊക്കെ പ്രിയങ്കരനായ കുഞ്ചുവേട്ടൻ എല്ലാ തരത്തിൽ പെട്ട വിദ്യാർത്ഥികളോടും ചേർന്ന് അവരെ പഠിപ്പിക്കാൻ ശ്രമിക്കുമായിരുന്നു. പെരിങ്ങോട്, മേഴത്തൂർ,അല്ലെങ്കിൽ വേങ്ങരയിൽ അദ്ദേഹത്തിന്റെ ഓപിയിൽ പല ശിഷ്യന്മാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അവരൊക്കെ പറയാറുണ്ട് അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ഒരു പാട് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാമെന്ന്.
കുഞ്ചുവേട്ടനെ പോലെയുള്ളവരുടെ നഷ്ടം ഒരു തീരാനഷ്ടം തന്നെയാണ്. ഓരോ ഗുരുക്കന്മാരെ നഷ്ടപ്പെടുമ്പോൾ രണ്ടു കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒന്ന് ഇനി സംശയമുണ്ടെങ്കിൽ ആരോട് ചോദിക്കും എന്ന് ഒരു വിടവ്
മറ്റൊന്ന് അവരൊക്കെ കൈമാറി തന്നിട്ടുള്ള ഒട്ടേറെ സൂക്ഷ്മമായ ശാസ്ത്ര ഭാഗങ്ങൾ അത് ഇനിയും വളർത്തുക, പോഷിപ്പിക്കുക എന്ന ആന്തരികമായ ഉത്തരവാദിത്വം.
ഇത് രണ്ടുമാണ് ഓരോ ഗുരുക്കന്മാരും നമുക്ക് ഏൽപ്പിക്കുന്ന……..
ഈ അവസരത്തിൽ അദ്ദേഹത്തെ പറ്റി പറയാൻ കൂടുതൽ വാക്കുകളില്ല.
അവരുടെയൊക്കെ അനുഗ്രഹം തന്നെയായിരിക്കും പുതുതലമുറയിലെ യുവ വൈദ്യന്മാർക്ക് എന്നും മാർഗദർശനം..
അദ്ദേഹത്തിന് സാഷ്ടംഗ പ്രണാമം 🙏