ഏതെങ്കിലും ഒരു വിഷയത്തിൽ പുസ്തകം രചിച്ചോ കാവ്യം രചിച്ചോ തൻറെ രോഗശാന്തി നേടുക എന്നുള്ളത് അസാധാരണ സംഭവമായിട്ടാണ് നാം കണക്കാക്കാറ്. പക്ഷേ നമ്മളൊക്കെ കേട്ടിട്ടുള്ളത് പോലെ മയൂരകവി “സൂര്യശതകം” രചിച്ച് സൂര്യനെ സ്തുതിച്ച് കുഷ്ഠരോഗത്തിൽ നിന്നും ശാന്തി നേടിയതായും മേൽപ്പത്തൂർ ഭട്ടതിരിപ്പാട് “നാരായണീയം” എന്ന കാവ്യം രചിച്ച് ഭഗവാന് സമർപ്പിച്ച് വാതരോഗത്തിൽ നിന്നും മുക്തി നേടിയതായും നമുക്കറിയാം.
അതേപോലെ നമ്മുടെ കാലഘട്ടത്തിൽ രാജയക്ഷ്മാവ് പോലെയുള്ള രോഗം വന്നപ്പോൾ ശ്രീരാമചന്ദ്രനെ സ്മരിച്ചുകൊണ്ട് വൈദ്യുഷണം കെ രാ ghavan thiru മുൽപ്പാട് എഴുതിയ “രാഘവീയം” എന്ന കൃതിയും അതിനൊരു ഉദാഹരണമാണ്. അത്തരത്തിലുള്ള മറ്റൊരു പ്രസിദ്ധമായ കാവ്യമാണ് ധന്വന്തരി മൂർത്തിയെ ഭജിച്ചുകൊണ്ടു വിദ്വാൻ മച്ചാട്ട് ഇളയത് എഴുതിയ “സ്തോത്രപഞ്ചാശിക”.
ധന്വന്തരി മൂർത്തിയെ സ്തുതിച്ച് തന്റെ കാലിലെ വ്രണത്തിൽ നിന്ന് മുക്തി നേടാൻ അദ്ദേഹത്തെ സഹായിച്ച സ്തോത്രപഞ്ചാശിക നമ്മളെല്ലാവരും പ്രത്യേകിച്ച് വൈദ്യ വിദ്യാർത്ഥികളും ആയുർവേദ വൈദ്യന്മാരും അറിഞ്ഞിരിക്കേണ്ടതും വായിക്കേണ്ടതും പഠിക്കേണ്ടതും ആയ ഒരു കൃതിയാണ്.
ഇപ്പോൾ ഇത് പറയാൻ കാരണം ഈ സ്തോത്രത്തിൻറെ അവസാനത്തെ വരിയായ ‘’ത്വദ്രൂപരത്നം ജയേത്’’ അത് കലിദിന സംഖ്യയായി കണക്കാക്കി, അതിനെ കൊല്ലവർഷമായി കണക്കാക്കിയാൽ 1008 കുംഭമാസം ഒന്നാം തീയതി.
നാളെ കുംഭമാസം ഒന്നാം തീയതി.
വിദ്വാൻ മച്ചാട്ട് ഇളയത് എന്ന ജ്യോതിഷ പണ്ഡിതനും സംസ്കൃത പണ്ഡിതനുമായ അദ്ദേഹത്തിൻറെ സ്തോത്രപഞ്ചാശിക നെല്ലുവായ ധന്വന്തരി മൂർത്തിയുടെ അമ്പലത്തിൽ നിരവധി പേര് ചേർന്നു വായിക്കുന്ന ഒരു ദിവസം കൂടിയാണ്.
രോഗാതുരർക്കും വൈദ്യ വിദ്യാർത്ഥികൾക്കും വൈദ്യോപാസകർക്കും ധന്വന്തരി ഉപാസകർക്കും എല്ലാം ഈ ദിവസം സ്തോത്രപഞ്ചാശികയിൽ കൂടെ കടന്നു പോകേണ്ട ഒരു ദിവസം കൂടിയാണ്.
ചികിത്സയുടെ അനവധി തലങ്ങൾ കൂടി സൂചിപ്പിക്കുന്ന ഒരു കൃതിയാണിത്.
“ഏകാഗ്രം പരമം തപ:’’ എന്നാണല്ലോ. പലതരത്തിലുള്ള ചികിത്സ ചെയ്താലും രോഗം മാറുന്നില്ല എങ്കിൽ അത് നമ്മുടെ അഗ്നിയുടെ ശുദ്ധിക്കുറവാണ് എന്ന് ചിന്തിച്ച് കായ ചികിത്സയിൽ (“കായ: അന്തരാഗ്നിരുച്യതേ’’) അഗ്നിശുദ്ധീകരിക്കാനുള്ള സകല ശ്രമവും തുടർച്ചയായി നടത്തിക്കൊണ്ടിരിക്കണം. അത്തരം ഒരു തപസ്സ് (ഒരു സാഹിത്യപ്രവൃത്തി അഥവാ ഒരു കാവ്യ നിർമ്മാണം) അങ്ങേയറ്റംഏകാഗ്രതയോടുകൂടി ചെയ്താൽ ഒരു രോഗത്തെ മാറ്റാൻ കഴിയും. ആയുർവേദ ഭാഷയിൽ പറഞ്ഞാൽ അഗ്നിശുദ്ധി….. ആ ഏകാഗ്രമായ തപസ്സുകൊണ്ട് കിട്ടുന്ന അഗ്നിശുദ്ധിയിൽ ജീർണിച്ചു പോകുന്ന രോഗമാണ് അത് എന്നും മനസ്സിലാക്കാം.
ഈ അവസരത്തിൽ വിദ്വാൻ മച്ചാട്ടിളയതിനേയും അദ്ദേഹത്തിൻറെ പ്രസിദ്ധമായ സ്തോത്രപഞ്ചാശികയേയും ഞാൻ സ്മരിക്കുന്നു.