ഞങ്ങളൊക്കെ വല്യച്ഛൻ എന്നാണ് വിളിക്കുന്നതെങ്കിലും അച്ഛന്റെ ഗുരു സ്ഥാനീയരിൽ പ്രഥമഗണനീയനായ വ്യക്തിത്വമാണു തൃശ്ശൂർ തൈക്കാട്ട് പി ടി നാരായണൻ മൂസ്സ്. രാവിലെ കുളി തേവാരങ്ങൾക്കൊക്കെ ശേഷം അച്ഛൻ തന്റെ റൂമില് വന്നു പ്രാർത്ഥിക്കുമ്പോൾ
“തൃശൂരേട്ടാ രക്ഷിക്കണേ കുട്ടഞ്ചേരി അമ്മാമാ രക്ഷിക്കണേ”
എന്ന് പറയുന്നതു വളരെ പതുക്കെ ആയാണെങ്കിലും ഞാൻ പലപ്പോഴും കേൾക്കാറുണ്ട്. വളരെ കുട്ടിയിൽ തന്നെ അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ള വാചകമാണ് തൃശ്ശൂർ ഏരേട്ടാ എന്നെ രക്ഷിക്കണേ എന്ന്. അച്ഛന് ഗുരുനാഥൻ ഈശ്വരതുല്യൻ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ആയിരിക്കാം അച്ഛൻറെ കൺസൾട്ടേഷൻ റൂമിൽ വലിയൊരു ധന്വന്തരിയുടെ ഫോട്ടോ വെച്ചപ്പോൾ എനിക്ക് ഏട്ടന്റെൻറെ ഫോട്ടോ കൂടി വ്വേണം കാരണം ഞാൻ ധന്വന്തരി മൂർത്തിയെ അറിയുന്നത് അദ്ദേഹത്തിലൂടെയാണ്. അദ്ദേഹംത്തിന്റെ കൂടെ ഇരിക്കുമ്പോഴാണ് എനിക്ക് കൂടുതൽ ധൈര്യം, സുഖം സമാധാനം എന്ന് അച്ഛൻ പറഞ്ഞത്. വല്യച്ഛനെക്കുറിച്ച് പറയുമ്പോഴൊക്കെ അച്ഛന്റെൻറെ കണ്ണുകളിലെ തിളക്കവും വാക്കുകളിലെ സ്നേഹവും ബഹുമാനവും എല്ലാം ശ്രദ്ധേയമായിരുന്നു. അത്രയും ആഴത്തിലെ ഒരു ഗുരുശിഷ്യബന്ധം ആയിരുന്നു അവരുടെടേത്.
എന്റെ നാലോ അഞ്ചോ വയസ്സുള്ളപ്പോൾ മുതൽ കുട്ടിക്കാലത്ത് തൃശ്ശൂർ തെക്കാട്ടക്ക് പോകുമ്പോൾ… വല്യച്ഛന്റെ മുറിയിലേക്ക് പോകാൻ എനിക്ക് ചെറിയൊരു ഭയമാണ്. കാരണം അദ്ദേഹം ചെറിയ കുട്ടികളുമായി കുറച്ച് പൊതുവെ അകലം പാലിക്കുമായിരുന്നു.
എന്നാലും വല്യച്ഛന്റെ അപ്പോഴും ഇപ്പോഴുമൊക്കെയായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുമ്പോൾ അല്ലെങ്കിൽ അതിലൂടെ കടന്നു പോകുമ്പോൾ വളരെ പണ്ഡിതനായകേമന്മാരായ പല വ്യക്തികളും അവിടെ വന്നു പോയിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്.
കെ പി നാരായണ പിഷാരടി മാഷ്, രാഘവൻ തിരുമുൽ പാട് സാറ്, മാണി മാധവ ചാക്യാർ, ആഞ്ഞം, മഹാദേവൻ,……… അങ്ങനെ അങ്ങനെ അന്നത്തെ കാലത്ത് പൊതു രംഗത്ത്, സംസ്കൃതം, സംസ്കൃത സാഹിത്യം, വൈദ്യം, പൊതു രംഗം കല, സംഗീതം എന്നീ രംഗങ്ങളിലെല്ലാം പ്രഗൽഭരായ പലരും തൃശൂര് വല്യച്ഛനെ കാണാൻ വരികയും അനവധി സമയം അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയും ചെയ്തിരുന്നു. കുട്ടിയായിരുന്നപ്പോൾ ആരൊക്കെയാണ് വന്നത് എന്നൊന്നും മനസ്സിലായില്ലെങ്കിലും പിന്നീട് പ്രഗൽഭമതികളാരായ ഇവരാപലരുമായിരുന്നു എന്ന് മനസ്സിലായിപറഞ്ഞുകേട്ടു. കൂടാതെ അദ്ദേഹത്തിനു അനവധി ശിഷ്യന്മാരുമുണ്ടായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ദീപ്തമായ ഓർമ്മകളുള്ളത് വല്യച്ഛനോടൊപ്പമുള്ള യാത്രകളായിരുന്നു. തായങ്കാവിൽ നിന്നും പലപ്പോഴും തൃശൂർക്ക് പോയിരുന്നത് ബുധനാഴ്ചകളിലെ വല്യച്ഛന്റെ വല്യച്ഛന്റെ കുന്നംകുളം വിസിറ്റ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ വല്യച്ഛന്റെ കൂടെ ആ കകാറിലായിരുന്നു.
അല്ലെങ്കിൽ അച്ഛന്റെയോ അമ്മയുടെയോ കൂടെ ബസ്സിൽ പോകും. അവിടെ പോയി കുറെ ദിവസം താമസിച്ച് വെക്കേഷൻ കഴിഞ്ഞ് തിരിച്ചുവരുന്നത് മിക്കവാറും ബുധനാഴ്ച വല്യച്ഛൻ കുന്നംകുളം വിസിറ്റിനു വരുമ്പോൾ വല്യച്ഛന്റെ കൂടെയുമാ ആയിരിക്കും.
ഒരു ബ്രൗൺ നിറത്തിലുള്ള, പിന്നിൽ കഥകളി മുഖമുള്ള അംബാസഡർ കാർ….
………ഡ്രൈവറായി എളേടം …..
പിന്നിലെ സീറ്റിൽ ഇടതുവശം ചേർന്ന് വല്ല്യച്ഛൻ ഇരിക്കും. മുമ്പിലിരിക്കാനാണ് എനിക്ക് താല്പര്യമെങ്കിലും വല്യച്ഛൻ കൂടെ പിന്നിലിരുത്തും. കാറിൽ കയറി കഴിഞ്ഞാൽ ചോദിക്കും.
ഇപ്പൊ എത്രാം ക്ലാസിലായി…?
ഇപ്പോൾ രണ്ടിലായി……. അല്ലെങ്കിൽ മൂന്നിലായി എന്നൊക്കെ പറയും…..
സംസ്കൃതമൊക്കെ പഠിക്കുന്നുണ്ടോ ?
ഇല്ല…. സംസ്കൃതമൊന്നും ഇപ്പോൾ പഠിക്കുന്നില്ല.
ഏഎട്ടന്മാരെ രണ്ടുപേരെയും കൂനമ്മുച്ചിയിലുള്ള ഒരു അധ്യാപകൻ വന്നന്നു സംസ്കൃതം പഠിപ്പിക്കുന്നുണ്ട്.
ഞാൻ ചിലപ്പോൾ കൂടെ ഇരിക്കാറുണ്ട്. പക്ഷേ പഠിക്കുന്നൊന്നുമില്ല.
ഉം……
അവിടത്തെ അയ്യപ്പനേയും ഭഗവതിയേയും തൊഴാറുണ്ടോ ?
ഉണ്ട്…..
എന്താ ചൊല്ലുക?
അയ്യപ്പാ രക്ഷിക്കണേ….!
എന്നാൽ ചില മന്ത്രങ്ങളൊക്കെ ചൊല്ലാനുള്ളതു നമുക്ക് പഠിക്കാം. അങ്ങനെ
“ഭൂത നാഥ സദാനന്ദ
സർവ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രെ തുഭ്യം നമോ നമ:”
……………………………………..
“കാളികാളി മഹാകാളി
ഭദ്രകാളി നമോസ്തു തേ
കുലഞ്ച കുലധർമ്മം ച
മാം ച പാലയ പാലയ”………………….
കൃഷ്ണായ വാസുദേവായ …..
ഇങ്ങനെ കൃഷ്ണന്…. ഇങ്ങനെ കാറിലിരുന്ന് നാലുവരിയുള്ള വളരെ ചെറിയ ചെറിയ ശ്ലോകങ്ങൾ പഠിപ്പിക്കും. തൃശ്ശൂരിൽ നിന്ന് ചൂണ്ടലിലെത്തുമ്പോഴേക്കും കുറച്ചു ശ്ലോകങ്ങൾ ആവർത്തി ചൊല്ലിച്ച് തെറ്റുകൾ തിരുത്തി വൃത്തിയാക്കി തരും.
എൻറെ മനസ്സില് ഇത്തരം സംസ്കൃതപദങ്ങളുടെ ആദ്യ വിത്ത് വിതച്ചത് തൃശ്ശൂര്രെ വല്യച്ഛൻ ആയിരുന്നു. അതിന്റെൻറെ ഉച്ചാരണത്തിലെ കൃത്യത ശ്രദ്ധിക്കുമായിരുന്നു. എങ്ങനെയാണ് ഓരോ അക്ഷരങ്ങൾ പറയേണ്ടത്, എങ്ങനെയാണ് കൂട്ടി ചൊല്ലേണ്ടത് , എന്നൊക്കെ വല്യച്ഛന്റെ തനതായ ശൈലിയിൽ നിഷ്കർഷിച്ചു പറയിപ്പിക്കുമായിരുന്നു.
വല്യച്ഛൻ എസ്എൻഎയുടെ ബ്രാഞ്ച് വിസിറ്റുകൾക്ക് പോകുന്ന സമയത്ത് കൂടെ യാത്ര ചെയ്യാനുള്ള അവസരങ്ങൾ പലപ്പോഴും കിട്ടിയിട്ടുണ്ട്. ശനിയാഴ്ചകളിലെ ഒറ്റപ്പാലം വിസിറ്റ് വളരെ പ്രത്യേകതകൾ ഉള്ളതായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ എളേടം കാറ് ഒരുക്കി വയ്ക്കും. മുറുക്കാനായി ശർക്കരയൊക്കെ ചേർത്ത പ്രത്യേക കൂട്ട് പുത്യേടം ശരിയാക്കി വയ്ക്കും. വല്യച്ഛൻ അംബാസഡർ കാറിൽ കയറി പിന്നിലെ സീറ്റിലെ ഇടതുവശത്ത് ഇരിക്കും. അകമല ക്ഷേത്രത്തിന്റെ അവിടെ എത്തിക്കഴിഞ്ഞാൽ ഒന്ന് നിർത്തും. നാളികേരം ഇവിടുന്ന് പോകുമ്പോൾത്തന്നെ എളേടം കയ്യിൽ പിടിക്കുമായിരുന്നു. നാളികേരം ക്ഷേത്രത്തിനു മുമ്പിൽ എറിഞ്ഞുടച്ച് പ്രസാദമായി അതിൻറെ ഒരു കഷ്ണം വല്യച്ഛന് കൊടുക്കും. കുറച്ചു ദൂരം കഴിഞ്ഞാൽ വല്യച്ഛൻ ഇരിക്കുന്ന സീറ്റിന്റെ മുമ്പിലെ സീറ്റിൽ കൈകൊണ്ട് ഒരു പ്രത്യേക രീതിയിൽ ഒന്ന് തട്ടും. സംസാരിക്കുകയൊന്നുമില്ല. അപ്പോൾ എളേടത്തിന് മനസ്സിലാവും അടുത്ത ആളൊഴിഞ്ഞ സ്ഥലത്ത് നിർത്താറായി എന്ന്. കാറ് നിർത്തിയാൽ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാതെ താഴ്ത്തി വായിലെ മു റുക്കാൻ തുപ്പി കുലുക്കുഴിഞ്ഞു വൃത്തിയാക്കിയ ശേഷം ആ നാളികേരത്തിന്റെ കഷണം കഴിച്ച് യാത്ര തുടരും. എല്ലാ കാര്യത്തിലും എന്തുമാത്രം സൂക്ഷ്മതയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നത് വളരെയധികം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചെറിയ കാര്യം ചെയ്യുമ്പോഴും വളരെ പെർഫെക്ഷനോടുകൂടി ആഢ്യത്വത്തോ ടു കൂടി ചെയ്യുക എന്നത് വലിയ ഒരു കഴിവായി തോന്നിയിട്ടുണ്ട്. അങ്ങനെ ഒറ്റപ്പാലത്ത് വല്യച്ഛൻ എത്തുമ്പോഴേക്കും രോഗികൾ കാത്തിരിക്കുന്നുണ്ടാവും. അവരോട് കുശലാന്വേഷണങ്ങളും പിന്നീട് രോഗവിവരങ്ങളും ചോദിച്ച് ചികിത്സ നിശ്ചയിക്കും. അങ്ങനെയായിരുന്നു ഒറ്റപ്പാലം വിസിറ്റ്.
അതുപോലെതന്നെ ഓട്ടുപാറ വിസിറ്റ്, കുന്നംകുളം വിസിറ്റ് എന്നിവയ്ക്കൊക്കെ…… വളരെ കുട്ടി ആയിരിക്കുമ്പോൾ തന്നെ വല്യച്ഛന്റെ കൂടെ യാത്ര ചെയ്യാനും കൗതുകത്തോടെ അവിടെ എന്തൊക്കെയാണ് എന്ന് നോക്കാനും അവസരം കിട്ടിയിട്ടുണ്ട്.
പിന്നീട് പ്രീഡിഗ്രി പഠനകാലത്ത് ഏകദേശം ഒന്ന്ച്ചില്ലാനം കൊല്ലം തൃശ്ശൂർ തൈക്കാട്ട് താമസിക്കുകയുണ്ടായി. അപ്പോഴേക്കും വല്യച്ഛൻ അനാരോഗ്യത്താൽ വിസിറ്റുകൾ നിർത്തുകയും, അച്ഛൻ അവ തുടരുകയും ചെയ്തിരുന്നു. അക്കാലത്ത് ഏട്ടൻ ആയുർവേദ കോളേജിൽ പഠനം തുടങ്ങി. പല കാര്യങ്ങളിലും ഉള്ള സംശയങ്ങൾ ഏട്ടൻ വല്യച്ഛന്റെ അടുത്തുപോയി ചോദിക്കുന്നതും വളരെ കൃത്യമായി വല്യച്ഛൻ ഉത്തരം കൊടുക്കുന്നതും ഒക്കെ ഞാൻ അന്ന് ധാരാളം കാണുമായിരുന്നു. മാത്രവുമല്ല അഷ്ടാംഗഹൃദയത്തിലെ പല ഭാഗങ്ങളും വളരെ നിഷ്കർഷയോടെ കൂടി വല്യച്ഛൻ ഏട്ടനെ പഠിപ്പിച്ചിരുന്നു.
പിന്നീട് ഞാൻ ആയുർവേദ കോളേജിൽ പഠനം തുടങ്ങിയ ശേഷം വെക്കേഷനിൽ വരുന്ന സമയത്ത് തൃശ്ശൂർ തെക്കാട്ട് പോകും… വൈദ്യ വിഷയങ്ങളൊക്കെ ഏട്ടനുമായി ചർച്ച ചെയ്യും…. അങ്ങനെ ഒരു ദിവസം വല്യച്ഛന്റെ അടുത്തുപോയി.
വല്യച്ഛൻ ചോദിച്ചു
താൻ ഇപ്പൊ ആയുർവേദ കോളേജിൽ ഏത് ഭാഗമാണ് പഠിക്കുന്നത് …?
അഷ്ടാംഗസംഗ്രഹം സൂത്രസ്ഥാനമാണ് പഠിക്കുന്നത് എന്ന് പറഞ്ഞു.
സംഗ്രഹമാണ് അല്ലേ …..
വളരെ നന്നായി…..
വളരെ ആഴത്തിൽ പഠിക്കേണ്ട ഗ്രന്ഥമാണ്.
(അപ്പോഴേക്കും വല്യച്ഛന്റെ കാഴ്ച ശക്തി വളരെ പരിമിതപ്പെട്ടിരുന്നു. )
എന്നാൽ സംഗ്രഹത്തിലെ പഠിച്ച ശ്ലോകങ്ങളൊക്കെ ഒന്ന് ചൊല്ലൂ ……
ഞാൻ കേൾക്കട്ടെ…….. എന്ന് പറഞ്ഞു.
അപ്പോ അഷ്ടാംഗസംഗ്രഹം സൂത്രസ്ഥാനത്തിലെ ശ്ലോകങ്ങളിൽ പലതും ഞാൻ പഠിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആയുർവേദ കോളേജിൽ ഫസ്റ്റ് ഇയർ പഠിച്ചുകൊണ്ടിരിക്കുകയല്ലേ…. ആയുർവേദ കോളേജിൽ ചേരുന്നതിന് മുമ്പ് അഷ്ടാംഗഹൃദയത്തിലെ ചില ശ്ലോകങ്ങൾ ഒക്കെ അച്ഛനും ഏട്ടനും പഠിപ്പിക്കാൻ തുടങ്ങി എങ്കിലും അഷ്ടാംഗ സംഗ്രഹത്തിലെ ശ്ലോകങ്ങൾ വ്യത്യാസമുള്ളതുകൊണ്ടും, പിന്നെ പഠിച്ചത് ഉറച്ചിട്ടില്ലാത്തതു കൊണ്ടും, പോരാത്തതിന് വല്യച്ഛനെ പോലുള്ളവരുടെ മുമ്പില് ഇത് ചെല്ലുമ്പോൾ ഉണ്ടാകുന്ന തെറ്റിന്റെ ഒരു ഭയാശങ്ക അതിലേറെയും………
എന്നാലും ചൊല്ലാംന്ന് തീരുമാനിച്ചു.
അപ്പോഴാണ് വല്യച്ഛന്റെ മേശപ്പുറത്തുള്ള അഷ്ടാംഗസംഗ്രഹം പുസ്തകം കണ്ടത്.
………ശബ്ദിക്കാതെ പതുക്കെ ആ പുസ്തകം എടുത്തു.
അദ്ദേഹത്തിന് എന്തായാലും കണ്ണ് കാണില്ലല്ലോ…..
“രാഗാദി രോഗാ: ” …… ചൊല്ലി തുടങ്ങി.
അങ്ങനെ
“തൃഷ്ണാ ദീർഘമസദ്വികൽപ്പ ശിരസം….” ചൊല്ലി
അങ്ങനെ കുറച്ച് ശ്ലോകങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ നിർത്തി.
ആ ….. നാരായണൻ നിർത്തിയോ .. എന്ന് ചോദിച്ചു
ഇനി പുസ്തകം അടച്ചുവെച്ച് ഒന്ന് ചൊല്ലിക്കൊള്ളൂ എന്ന് പറഞ്ഞു.
ഞാൻ ആകെ ഞെട്ടിപ്പോയി….!!
എങ്ങനെയാണ് ഞാൻ പുസ്തകം നോക്കിയിട്ടാണ് ചൊല്ലുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായത് എന്നെനിക്ക് മനസ്സിലായില്ല…!!
അപ്പോൾ ഞാൻ വല്യച്ഛനോട് ചോദിച്ചു വല്യച്ഛന് എങ്ങനെയാ ഞാൻ പുസ്തകം തുറന്നിട്ടാണ് ചൊല്ലിയത് എന്ന് മനസ്സിലായത് ?
എന്റെ മേശപ്പുറത്തിരിക്കുന്ന പുസ്തകത്തില് ചില അച്ചടിപ്പിശകുകൾ ഒക്കെ ഉണ്ട്. അതും കൂടി താൻ ചൊല്ലി. അപ്പൊ എനിക്ക് മനസ്സിലായി താൻ പഠിച്ചിട്ടല്ല ചൊല്ലിയത് എന്ന്.
സാരല്യ ….. നാരായണൻ ഒന്നുകൂടി ചൊല്ലിക്കോളൂ. എന്നും പറഞ്ഞു.
എല്ലാവരും എന്നെ അപ്പു എന്ന് വിളിക്കുമ്പോഴും വല്യച്ഛൻ നാരായണൻ എന്നാണ് വിളിച്ചിരുന്നത്. നാരായണൻ എന്ന് വിളിക്കുമ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു. കുറച്ചൊരു മുതിർന്ന ആളായല്ലോ എന്നൊരു തോന്നൽ.
അങ്ങനെ അന്ന് ഒന്നാം അധ്യായത്തിലെ പല ശ്ലോകങ്ങളും വളരെ വിശദമായി ഓരോന്നിന്റെയും അർത്ഥമൊക്കെ പറഞ്ഞ് വല്യച്ഛൻ മനസ്സിലാക്കി തന്നു. സംഗ്രഹത്തിന്റെ ഇന്ദുവ്യാഖ്യാനത്തിൽ പറയുന്ന പ്രസക്തഭാഗങ്ങളും സൂചിപ്പിച്ചു. അതിനാൽത്തന്നെ ഇന്നും മറക്കാത്ത ഒരു ഭാഗമാണ് അഷ്ടാംഗസംഗ്രഹം സൂത്രസ്ഥാനത്തിലെ ഒന്നാം അധ്യായം. അപ്പോഴാണ് കുറച്ചുകൂടെ നേരത്തത്തന്നെ വല്യച്ഛന്റെ കൂടെ പോയിരുന്ന് പഠിക്കാമായിരുന്നു എന്നെനിക്ക് തോന്നിയത്. ഈ വിഷയം ഞാൻ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു, തൃശ്ശൂരേട്ടൻ അഷ്ടാംഗ സംഗ്രഹം സൂത്രസ്ഥാനം മാത്രം ആറു കൊല്ലം എന്നെ പഠിപ്പിക്കുകയുണ്ടായി എന്ന്.
ദിവസവും പഠിപ്പിച്ചിട്ട് ആറു വർഷം പിടിച്ചു എന്ന്…!!!
വൈദ്യശാസ്ത്രത്തിലെ അഗാഥ പാണ്ഡിത്യം പോലെത്തന്നെ ആധ്യാത്മിക വിഷയങ്ങളിലും വല്യച്ഛന് വലിയ താല്പര്യമായിരുന്നു. അക്കാലത്ത് പകൽ സമയങ്ങളിലും വൈകുന്നേരങ്ങളിലും ഒക്കെ തട്ടയൂരിന്റെയോ തോട്ടത്തിന്റെയോ ഭാഗവതം സപ്താഹത്തിന്റെ കാസറ്റ് വെച്ച് വല്യച്ഛൻ കേൾക്കുമായിരുന്നു. ഒന്നാം ദിവസം, രണ്ടാം ദിവസം എന്നിങ്ങനെ ഏഴു ദിവസത്തെ മുഴുവൻ പ്രഭാഷണങ്ങളും പല സമയങ്ങളിലായി കേൾക്കുമായിരുന്നു. പല സമയത്തും സപ്താഹത്തിലെ ആചാര്യൻ ശ്ലോകങ്ങൾ ചെല്ലുന്ന സമയത്ത് വല്യച്ഛനും കൂടെ ചൊല്ലുമായിരുന്നു.
മാത്രമല്ല ആ കഥാഭാഗം വിവരിക്കുന്ന സമയത്ത് “കൃഷ്ണാ…….”…… എന്നു വിളിച്ചുകൊണ്ട് കണ്ണിൽ നിന്നും കുടു കൂടാ വെള്ളം ഒഴുകുമായിരുന്നു.
“എന്തിനാ വല്യച്ഛൻ ഇങ്ങനെ കരയുന്നത്…. എന്താണ് വല്യച്ഛന് പ്രശ്നം …….. കണ്ണിന് കുറച്ചു കാഴ്ചക്കുറവുണ്ട് എന്നതൊഴിച്ചാൽ പ്രത്യേകിച്ച് ആരോഗ്യപ്രശ്നം ഒന്നും ഇല്ലല്ലോ…. പിന്നെന്തിനാ വല്യച്ഛൻ ഇങ്ങനെ കരയുന്നത് ” എന്നോർത്ത് എനിക്ക് അന്ന് വല്ലാതെ സങ്കടം തോന്നിയിരുന്നു.
ഭക്തി അങ്ങേയറ്റം എത്തുമ്പോൾ അല്ലെങ്കിൽ അദ്ധ്യാത്മിക ഔന്നത്യത്തിൽ ഉണ്ടാകുന്ന ആനന്ദാശ്രു ആണെന്ന് എനിക്ക് വളരെ വൈകിയാണ് മനസ്സിലായത്. സാധാരണ നമ്മുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് ദുഃഖം ഉണ്ടാവുമ്പോഴാണല്ലോ. സുഖവും ആനന്ദവും വരുമ്പോൾ ഉണ്ടാകുന്ന കണ്ണുനീര് മറ്റൊന്നാണെന്നും അത് വേറൊരു തലത്തിൽ ആണെന്നും ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്. ആ കാലഘട്ടത്തിൽ വല്യച്ഛൻ ഭാഗവതത്തിലെ ശ്ലോകങ്ങൾ ചൊല്ലി കഥകളൊക്കെ കേട്ട് ആ ഭാഗത്ത് മുഴുകിയിരിക്കുമായിരുന്നു. പലപ്പോഴും രാത്രി സമയത്തും വല്യച്ഛൻ ഭാഗവതം കേൾക്കുമായിരുന്നു..
അന്ധതയെപ്പറ്റി പല സമയത്തും സംസാരിക്കുമ്പോൾ വല്യച്ഛൻ പറയുമായിരുന്നു….
അഷ്ടാംഗഹൃദയം തിമിര പ്രതിഷേധത്തിലെ
“വ്യർത്ഥോ ലോകോ/യം തുല്യ രാത്രിം ദിവാനാം
പുംസാമന്ധാനാം വിദ്യമാനേ/പി വിത്തേ”
(എത്ര അറിവുണ്ടായിട്ടും എത്ര ധനം ഉണ്ടായിട്ടും എന്താ കാര്യം ഈ ലോകം തന്നെ എനിക്ക് വ്യർത്ഥമാണ്. അന്ധനു പകലും രാത്രിയും ഒരുപോലെയാണല്ലോ.)
പക്ഷേ ശ്ലോകത്തിൽ പറഞ്ഞ ആ അന്ധത കേവലം നേത്രത്തിന്റെ മാത്രം അന്ധതയല്ല എന്ന് പല സമയത്തും എനിക്ക് തോന്നിയിട്ടുണ്ട്. ആ ഒരു ശ്ലോകം ഒട്ടേറെ തലങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള ഒന്നായി വല്യച്ഛനിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.
അച്ഛൻ വല്യച്ഛനെ കുറിച്ച് പറയുമ്പോൾ എങ്ങനെയായിരുന്നു വല്യച്ഛന്റെ ചിട്ടകൾ, എങ്ങനെയായിരുന്നു അദ്ദേഹത്തിൻറെ ഓരോ ദിവസവും, എങ്ങനെയായിരുന്നു പഠിപ്പിച്ചിരുന്നത് എന്നൊക്കെ വളരെ വിശദമായി പറയാറുണ്ട്. കുളി കഴിഞ്ഞാൽ തേവാരം, സഹസ്രനാമജപം അതിനുശേഷം അഷ്ടാംഗഹൃദയത്തിലെ ഇന്നയിന്ന ഭാഗങ്ങളുടെ വായന, പഠനം എന്നിങ്ങനെ.
എല്ലാവർഷവും വിദ്യാരംഭ ദിവസം സരസ്വതി പൂജയ്ക്ക് ശേഷം വല്യച്ഛൻ വിദ്യാഭ്യാസത്തിന് ആരംഭം കുറിക്കും.
അഷ്ടാംഗ ഹൃദയം ചൊല്ലിത്തരും…..
അച്ഛനും വല്യച്ഛന്റെ ശിഷ്യന്മാരും ഞങ്ങളും അത് ഏറ്റുചൊല്ലും….
……. വളരെ ദീപ്തമായ ഒരു ഓർമ്മയായി മനസ്സിൽ കിടക്കുന്നു.
ഗുരുനാഥനായ കുട്ടഞ്ചേരി മൂസ്സിൽ നിന്ന് ചികിത്സ ആഴത്തിൽ പഠിക്കുകയും അത് പ്രാവർത്തികമാക്കുകയും നിരന്തരം അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ഒരു ചികിത്സകൻ എന്നതിനു പുറമെ വല്യച്ഛന്റെ അക്കാദമിക മികവ് കേരളത്തിലെ ആയുർവേദ സമൂഹം പ്രയോജനപ്പെടുത്തിയിരുന്നു. ആയുർവേദത്തിൽ ബിരുദാനന്തര കോഴ്സ് നടത്തിയിരുന്ന ഇന്ത്യാസർക്കാരിന്റെ കമ്മിറ്റിയിലും, സംസ്ഥാന ആയുർവേദ പരീക്ഷാ ബോർഡിലും, സംസ്ഥാന ആയുർവേദ വകുപ്പിന്റെ ഉപദേശകസമതിയിലുമൊക്കെ ഒട്ടേറെക്കാലം അദ്ദേഹം അംഗമായിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. അതുമാത്രമല്ല ഇന്നത്തെ ഔഷധി എന്ന വലിയ ആയുർവേദ പൊതുമേഖലാ സ്ഥാപനത്തിൻറെ ആദ്യരൂപമായ ശ്രീ കേരളവർമ്മ ആയുർവേദ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഥമ ഡയറക്ടർ ബോർഡ് അംഗമായിരുന്നു അദ്ദേഹം. ഇന്ന് കുട്ടനെല്ലൂരിലുള്ള ഔഷധിയുടെ സ്ഥലം മേടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അടക്കം വളരെ നിഷ്കർഷയോടെ കൂടി ഇടപെടുകയും വേണ്ട മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു എന്നതിൽ നിന്നും അദ്ദേഹത്തിൻറെ ക്രാന്ത ദർശിത്വം മനസ്സിലാക്കാവുന്നതാണ്.
കായ ചികിത്സ പരീക്ഷ പേപ്പർ തയ്യാറാക്കുമ്പോൾ ക്ലിനിക്കൽ കേസുകളും ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ കൊടുക്കണം എന്നൊക്കെ പുതിയ കാലത്ത് ചർച്ച ചെയ്യപ്പെടാറുണ്ട്. പക്ഷേ 1969 ലെ ഡി എഎമ്മിന്റെ നാലാം വർഷ പരീക്ഷ പേപ്പറിൽ ഇത്തരം ഒരു ചോദ്യം അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് അദ്ദേഹത്തിലെ വൈദ്യാധ്യാപകനെ നാം മനസ്സിലാക്കുന്നത്. ഇങ്ങനെ ഒട്ടേറെ തവണ ആയുർവേദ പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും വാചിക – പ്രായോഗിക പരീക്ഷകനായും അദ്ദേഹം മാതൃകയായിരുന്നു. ഒരുപക്ഷേ ഇന്ന് കേരളത്തിൽ അക്കാദമികതലത്തിൽ പ്രഗൽഭരായ പലരെയും വാർത്തെടുത്തതിനു വല്യച്ഛനു നിർണായകമായ പങ്കുണ്ട്. മാത്രവുമല്ല അദ്ദേഹത്തിന്റെ പ്രതിഭയെ മനസ്സിലാക്കിയ ഒട്ടേറെ പേർ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. കെ പി നാരായണപിഷാരടി മാഷ്, മാണി മാധവചാക്യാർ, പി കെ വാര്യർ സർ, ചെറുകാട്, അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്, രാജഗോപാൽ സർ, രാഘവൻ തിരുമുൽ പാട് സർ, വള്ളൂർ ശങ്കരൻ നമ്പൂതിരി തുടങ്ങിയ ഒട്ടേറെ പേരുടെ സൗഹൃദവും അദ്ദേഹത്തിലെ ധിഷണയെ മറ്റു മഹാത്മാക്കൾക്ക് തിരിച്ചറിയാനും അദ്ദേഹത്തിന്റെ അറിവും കഴിവും പൊതുസമൂഹത്തിൽ വേണ്ടത്ര പ്രയോജനപ്പെടുത്താനും കഴിഞ്ഞു .
ജീവിതത്തിന്റെ അവസാനകാലത്ത് അവസാന ദിവസം പോലും വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ തൻറെ ദിനചര്യകളിൽ മുഴുകി…… കുളി കഴിഞ്ഞ്…… തീർത്ഥം സേവിച്ച്……..
ചെറിയൊരു അസ്വാസ്ഥ്യം തോന്നി…
കട്ടിലിലേക്ക് കിടത്തി …..
അനായാസേന മരണം………. എന്നൊക്കെ പറയുന്ന പോലെ അദ്ദേഹം ശരീരം വിട്ടു പോയി. നിറകണ്ണുകളോടെ അച്ഛൻ പ്രദക്ഷിണം വെച്ചുനമസ്കരിച്ചു. കൂടെ ഞാനും
വല്യച്ഛൻ മുന്നോട്ടു വച്ചിട്ടുള്ള പഠന-പാഠന സമ്പ്രദായം, ശാസ്ത്രത്തിനോട് ആഴത്തിലുള്ള പ്രതിബദ്ധത, നിരന്തരമായ പഠനം കൊണ്ട് നേടിയെടുത്ത ശാസ്ത്രശുദ്ധി, അത് ഔഷധ നിർമ്മാണത്തിലും ചികിത്സയിലും, അധ്യാപനത്തിലുമെല്ലാം എങ്ങനെ പ്രതിഫലിക്കണം എന്നുള്ള ദീർഘ ദർശിത്വം, ഇവ പുതിയ തലമുറയിലെ നമുക്കേവർക്കും മാർഗദർശിയാണ്.
ശരീരത്തോട് കൂടി വല്യച്ഛൻ കൂടെ ഇല്ലെങ്കിലും അദ്ദേഹം മുന്നോട്ടു വെച്ച ആശയഗരിമയും ശാസ്ത്ര പരിശുദ്ധിയും നിരന്തരമായ പഠന-പാഠനത്തിന്റെ ആവശ്യകതയും ഞങ്ങളെ ഓരോരുത്തരെയും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്.
ആ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട്…………………..
നാരായണൻ നമ്പി