മഹേശ്വരേട്ടനെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ ഒട്ടനവധി കാര്യങ്ങൾ മനസ്സിൽ വരും.
കേരളീയ ആയുർവേദ സമാജത്തിൽ പാനൽ നടന്നുകൊണ്ടിരിക്കുമ്പോൾ സമാജത്തിന്റെ കാറ് അച്ഛനെ കൊണ്ടുവരാനായി ഇല്ലത്ത് വരികയും വടക്കാഞ്ചേരിയിൽ മഹേശ്വരേട്ടന്റെ ഇല്ലത്തു പോയി മഹേശ്വരേട്ടനെയും കൊണ്ടാണ് പോവാറ്. ആ സമയത്ത് അവർ രണ്ടുപേരും ഒരുപാട് വിഷയങ്ങൾ സംസാരിക്കും. ഒരുപാട് അറിവുകൾ ആ യാത്രകളിൽ എനിക്ക് കിട്ടിയിട്ടുണ്ട്. സമാജം പാനലിൽ അന്ന് ഡോക്ടർ രാജഗോപാലൻ സാർ, ശ്രീധരൻ നായർ സാർ, അവണപ്പറമ്പ് മഹേശ്വരേട്ടൻ ഗംഗാധരൻ വൈദ്യർ എന്നിങ്ങനെയുള്ള വലിയ മഹാരഥന്മാരുടെ ഒക്കെ കൂടെ ഇരിക്കുമ്പോൾ ഏറ്റവും വിനയാന്വിതനും ഏറ്റവും ലാളിത്യ പൂർണ്ണമായി ഇരിക്കുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളുമായിരുന്നു മഹേശ്വരേട്ടൻ. ഒരുപക്ഷേ ഇവരെക്കാളും പ്രായംകൊണ്ട് മുതിർന്നയാളാണെങ്കിൽ പോലും. പല വലിയകാര്യങ്ങളും മഹേശ്വരേട്ടൻ വളരെ എളിമയോടു കൂടി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഒരനുഭവം പറയുകയാണെങ്കിൽ ഒരിക്കൽ മഹേശ്വരേട്ടന്റെ ഇല്ലത്തെ ഉമ്മറത്ത് മഹേശ്വരേട്ടനോട് സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു രോഗി അവിടെ കടന്നുവന്നത്. അടുത്ത് വന്ന് മഹേശ്വരേട്ടനോട് പറഞ്ഞു
“തിരുമേനി…….. രാമനെ പാമ്പുകടിച്ചു. ”
ഉടനെ മഹേശ്വരേട്ടൻ പറഞ്ഞ മറുപടി
“രാമൻ ഒക്കെ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. നീ മടങ്ങി പൊയ്ക്കോളൂ…….. ”
ഞാൻ ഞെട്ടിപ്പോയി.
ഒരു രോഗിയെപ്പറ്റി വിവരം പറയാൻ വരുന്ന ഒരാളോട് ആ രോഗി മരിച്ചു എന്ന് ധൈര്യപൂർവ്വം പറയണമെങ്കിൽ…..
എങ്ങനെയാണ് അത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത് അഥവാ അത് തെറ്റായി പോയെങ്കിൽ അത് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും??
ഞാൻ ആകെ അന്ധാളിച്ചു പോയി.
ഉടനെ ഞാൻ മഹേശ്വരേട്ടനോട് ചോദിച്ചു എങ്ങിനെയാണ് ഇത് കൃത്യമായി പറയാൻ പറ്റിയത് എന്ന്.
മഹേശ്വരേട്ടൻ പറഞ്ഞത് “അപ്പു ശ്രദ്ധിച്ചുവോ
നമ്മൾ സംസാരിച്ചിരിക്കുമ്പോൾ അയാൾ പടി കടന്നു വരുമ്പോൾ അവിടെ കുറെ വിറകുകൊള്ളി കിടന്നിരുന്നു. കാലുകൊണ്ട് ഒരു വിറകുകൊള്ളി തട്ടി കയ്യിലേക്ക് എടുത്ത് കുനിഞ്ഞ് ഒരു ഉണങ്ങിയ വിറകുകൊള്ളി കയ്യിൽ പിടിച്ച് കൊണ്ടാണ് അയാൾ അകത്തേക്ക് കേറി വന്നത്. പിന്നീട് എവിടെയോ ഉപേക്ഷിക്കുകയും ചെയ്തു എപ്പോഴാണ് നമ്മൾ വിറകുകൊള്ളി എടുക്കുന്നത് ശ്മശാനത്തിലേക്ക് അല്ലെങ്കിൽ ചിത കത്തിക്കാൻ അല്ലേ??
ദൂതലക്ഷണത്തിൽ അത് മരണ ലക്ഷണം കൂടിയാണല്ലോ? ”
എത്ര സൂക്ഷ്മമായാണ് കാര്യങ്ങളെ നിരീക്ഷിക്കേണ്ടത് എന്ന് പലപ്പോഴും മഹേശ്വരേട്ടൻ വളരെ രസകരമായി പറഞ്ഞുതരുമായിരുന്നു.
തമാശയായി മഹേശ്വരേട്ടൻ പറയും അഷ്ടാംഗഹൃദയം ഞാൻ വളരെ ആഴത്തിൽ ഒന്നും പഠിച്ചിട്ടില്ല പിന്നെ എന്തൊക്കെയോ ചെയ്യുന്നു എന്നൊക്കെ. പക്ഷേ ഗ്രന്ഥങ്ങളൊക്കെ വളരെ ആഴത്തിൽ വായിച്ചു മനസ്സിലാക്കിയിട്ടുണ്ടെന്ന് ഓരോ കുറിപ്പ് കാണുമ്പോഴും മനസ്സിലാവും.
ജ്യോത്സ്നിക, പ്രയോഗ സമുച്ചയം മുതലായ വിഷചികിത്സയുടെ മിക്ക ഗ്രന്ഥങ്ങളെപ്പറ്റിയും വളരെ ആഴത്തിലുള്ള വിജ്ഞാനം മഹേശ്വരേട്ടന് ഉണ്ടായിരുന്നു.
അതിനേക്കാളേറെ ഒരു സ്നേഹ വാത്സല്യനിധി കൂടിയായിരുന്നു മഹേശ്വരേട്ടൻ.
മറ്റൊരു തമാശ സംഭവംകൂടി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്റെ ഇല്ലത്തിന്റെ തൊട്ടടുത്തുള്ള തായങ്കാവ് ധർമ്മശാസ്താക്ഷേത്രത്തിൽ ഒരു ആനയുണ്ടായിരുന്നു, തായങ്കാവ് മണികണ്ഠൻ. കേരളത്തിലെ മികച്ച ആനകളിൽ ഒന്ന് കൂടിയായിരുന്നു അത്. ആനയുടെ ചികിത്സക്ക് മഹേശ്വരേട്ടനെ കൂട്ടിക്കൊണ്ടു വരാൻ വേണ്ടി പോയി. അപ്പൊ മഹേശ്വരേട്ടൻ പറഞ്ഞു ഞാൻ ഇവിടെ ശങ്കരൻകുളങ്ങര അമ്പലത്തിലെ അയ്യപ്പൻ എന്നോ മറ്റോ പേരുള്ള ഒരു ആനയെ നോക്കുന്നുണ്ട് എന്ന്, അവിടേക്ക് വന്നാൽമതി അവിടുന്ന് നമുക്ക് ഒരുമിച്ച് ഇല്ലത്തേക്ക് പോകാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ശങ്കരൻ കുളങ്ങര അമ്പലത്തിൽ പോയി. ഞാൻ എത്തിയപ്പോൾ അദ്ദേഹം എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പതിവു കുശലപ്രശ്നങ്ങൾക്ക് ശേഷം ആനയുടെ അടുത്തേക്ക് പോയി.ആ ആനയ്ക്ക് പാദവ്രണമായിരുന്നു. അപ്പൊ കമ്മിറ്റിക്കാരെ പരിചയപ്പെടുത്തി പറഞ്ഞു
ഇദ്ദേഹം അഷ്ടവൈദ്യൻ ആലത്തൂർ നാരായണൻ നമ്പിയുടെ മകനാണ്. വൈദ്യപഠനം ഒക്കെ കഴിഞ്ഞു. വലിയ പാരമ്പര്യം ഒക്കെ ഉള്ള ചികിത്സകന്മാരാണ് എന്നൊക്കെ പറഞ്ഞു. അന്ന് ഞാൻ കോഴ്സ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ അതിനുശേഷം അവരും വളരെ ബഹുമാനപൂർവ്വമാണ് എന്നോട് പെരുമാറിയത്.
ആനയെക്കാണാൻ ഞാനും കൂടെ പോയി. എനിക്കും വളരെ കൗതുകമായി തോന്നി. ആയുർവേദ കോളേജിൽ നിന്നും പിജി കഴിഞ്ഞു വന്ന ഉടനെ ആന ചികിത്സയുടെ കേസ് സ്റ്റഡി വളരെ രസകരമായി തോന്നി. ആനയുടെ അടുത്ത് പോവുകയും പാപ്പാനോട് വളരെ വിശദമായി കാര്യങ്ങൾ ചോദിച്ചറിയുകയും അതുകഴിഞ്ഞ് ആനയുടെ അടുത്ത് നേരിട്ട് പോയി ആനയെ വിശദമായി പരിശോധിക്കുകയും ചെയ്തു. എങ്ങനെയാണ് ഒരു മൃഗത്തെ നിരീക്ഷിക്കുന്നത് എന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റി. അദ്ദേഹം പറഞ്ഞു ഇത് പാദത്തിലെ വ്രണമാണ്.
എന്നിട്ട് എന്നോട് ചോദിച്ചു” ഇതിനെന്താണ് കൊടുക്കാൻ പറ്റുക “എന്ന്
ഉടനെ ഞാൻ പറഞ്ഞു “എനിക്ക് ഒട്ടും അറിയില്ല മനുഷ്യരുടെ ചികിത്സ തന്നെ ഇപ്പോൾ പൂർണ്ണമായി പഠിച്ചു എന്ന് എനിക്ക് ഉറപ്പില്ല
അപ്പൊ പിന്നെ മൃഗചികിത്സയോ…… എന്ന് ചോദിച്ചു.
ഉടനെ ചിരിച്ചുകൊണ്ട് ചോദിച്ചു “മനുഷ്യർക്ക് ആയിരുന്നെങ്കിൽ എന്തായിരിക്കും കൊടുക്കുക”.
ഇത് ഉണങ്ങാത്ത ഒരു വ്രണമാണ് ഗുൽഗുലുതിക്തകം ഒക്കെ കുറച്ചുകാലം കഴിപ്പിക്കേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നുണ്ട് എന്ന് പറഞ്ഞു
വളരെ ശരിയാണ് പക്ഷേ ആനയ്ക്ക് ഇത്തരത്തിലെ വലിയ യോഗങ്ങൾ ഒന്നും പറ്റില്ല.
പല ദ്രവ്യങ്ങൾക്കും ആനയ്ക്ക് പ്രത്യേകമായ സാത്മ്യ അസാത്മ്യങ്ങളൊക്കെ ഉണ്ട്എന്നുപറഞ്ഞുകൊണ്ട് പാദ വ്രണത്തിനുള്ള പ്രത്യേക കഷായങ്ങൾ ഉണ്ടാക്കാൻ പറയുകയും വളരെ ഭംഗിയായ ഒരു പ്രിസ്ക്രിപ്ഷൻ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് പലതവണ ശങ്കരൻ കുളങ്ങര അമ്പലത്തിനോട് ചേർന്ന മണ്ഡപത്തിൽ കല്യാണങ്ങൾക്ക് പോകുമ്പോഴും കമ്മറ്റിക്കാർ വന്ന് അവണപ്പറമ്പ് തിരുമേനിയുടെ കൂടെ വന്ന നമ്പി തിരുമേനി ആണ് എന്നുപറഞ്ഞ് തിരുമേനി ആനയെ നോക്കുന്നുവോ എന്ന് ചോദിക്കും. ഓരോ തവണ അവിടെ പോകുമ്പോഴും ഈ ചോദ്യം ആവർത്തിക്കുന്നതുകൊണ്ട് ഞാൻ ഒരു ആന വൈദ്യൻ ആയാലോ എന്ന പേടികൊണ്ട് പിന്നീട് അവിടെ പോയിട്ടില്ല,
എന്തായാലും ഇത്രയും സ്നേഹനിധിയും വാത്സല്യനിധിയുമായ മഹേശ്വരേട്ടനെ ക്കുറിച്ച് ഈ സന്ദർഭത്തിൽ എന്താണ് പറയേണ്ടത് എന്നുപോലും എനിക്കറിയില്ല.
എസ് എൻ എൽ എ മിക്കവാറും എല്ലാ പരിപാടികളിലും മഹേശ്വരേട്ടൻ ഒരു നിറസാന്നിധ്യമായിരുന്നു. കഴിഞ്ഞ വർഷത്തെ ശ്രീലങ്കക്കാരുടെ ട്രെയിനിങ് പ്രോഗ്രാമിലും അവർക്ക് സർട്ടിഫിക്കറ്റ് കൊടുത്തത് മഹേശ്വരേട്ടൻ ആയിരുന്നു. എസ് എൻ എ യിൽ എന്ത് പ്രോഗ്രാം നടക്കുന്നുവെങ്കിലും അവിടെ പ്രധാന സാന്നിധ്യം കൂടിയായിരുന്നു മഹേശ്വരേട്ടൻ. അതാത് സമയത്ത് വരികയും വേണ്ട രീതിയിൽ അത് ഭംഗിയാക്കിത്തരികയും ചെയ്യുന്ന മഹേശ്വരേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുക അല്ലാതെ എന്താണ് ചെയ്യുക
മഹാരഥന്മാർ ഒഴിഞ്ഞു പോകുമ്പോൾ നമ്മൾ അനാഥരായി പോകുന്നു എന്നൊക്കെ തോന്നുന്നു. തെക്കാട്ടെ വല്യച്ഛനും കൃഷ്ണകുമാർ ജിയും അവണപ്പറമ്പ് മഹേശ്വരേട്ടനും ഒക്കെ പോകുമ്പോൾ നമ്മൾ കൂടുതൽ കൂടുതൽ അനാഥരായി കൊണ്ടിരിക്കുകയാണ്.
മഹാഭാരതയുദ്ധത്തിൽ ഭീഷ്മരും ദ്രോണരും കൃപരും അടങ്ങുന്ന വലിയ മഹാരഥന്മാർ വിടവാങ്ങിയ ശേഷം യുദ്ധക്കളത്തിൽ നിൽക്കുമ്പോൾ യുദ്ധത്തിലെ പടയാളികൾക്ക് ഉണ്ടാകുന്ന നിരാശ പോലെ…
ആയുർവേദമാകുന്ന വൈദ്യശാസ്ത്രത്തിന് ആഴങ്ങൾ കണ്ടെത്തിയിട്ടുള്ള മഹാരഥന്മാർ നഷ്ടപ്പെടുമ്പോൾ…..
ആയുർവേദ ലോകത്തിന് കുറഞ്ഞകാലം കൊണ്ട് വലിയ വലിയ നഷ്ടങ്ങൾ ഉണ്ടായി എന്നത് ഒരു സത്യം കൂടിയാണ്.
വളരെ സ്നേഹനിധിയും വാത്സല്യനിധിയുമായ ഞങ്ങളുടെ വളരെ പ്രിയപ്പെട്ട മഹേശ്വരേട്ടന് എന്റെ ഹൃദയം നിറഞ്ഞ ശ്രദ്ധാഞ്ജലി.
ഇന്ന് അവിടെ വന്ന നമസ്കരിക്കണമെന്നൊക്കെ തോന്നുന്നുണ്ട് പക്ഷെ സാഹചര്യങ്ങൾ……. അനുവദിക്കുന്നില്ല ല്ലോ
ഇന്നും ഞങ്ങളുടെ മനസ്സിൽ മഹേശ്വരേട്ടൻ ഉണ്ടാകും ആ പാദങ്ങളിൽ ഒന്നുകൂടി നമസ്കരിച്ചു കൊണ്ട്…
ശ്രദ്ധാഞ്ജലികളോടെ ….
നാരായണൻ നമ്പി