ആലത്തിയൂർ നമ്പിമാരുടെ മൂലഗൃഹം തിരൂരിനടുത്ത് ആലത്തിയൂർ എന്ന സ്ഥലത്താണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുമായി ഭൂമിശാസ്ത്രപരമായി ഏറ്റവും അടുത്ത് കിടക്കുന്ന അഷ്ടവൈദ്യ കുടുംബം കൂടിയാണ് ആലത്തിയൂർ നമ്പില്ലം. അതിനാൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയും നമ്പി കുടുംബവുമായി ഉള്ള ബന്ധത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
അഷ്ടവൈദ്യൻ ആലത്തിയൂർ കൃഷ്ണൻ നമ്പി എന്ന എന്റെ മുത്തച്ഛന്റെ അമ്മാത്തെ മുത്തച്ഛനായ കുട്ടഞ്ചേരി മൂസ്സ് ആയിരുന്നു ആര്യവൈദ്യശാലയുടെ സ്ഥാപകനായ സാക്ഷാൽ പി എസ് വാര്യരുടെ ആയുർവേദത്തിലെ ഗുരുനാഥൻ. അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുടനീളം കുട്ടഞ്ചേരി മൂസ്സിന്റെ കീഴിലുള്ള പഠനകാലത്തെപ്പറ്റിയും അന്നത്തെ കഷ്ടതകളെ പറ്റിയുമൊക്കെ ധാരാളം പ്രതിപാദിക്കുന്നുണ്ടല്ലോ. അന്നത്തെ സാഹചര്യത്തിൽ എതൊരു വിദ്യാർത്ഥിക്കുമുണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളും സ്വാഭാവികമായും പിഎസ് വാരിയരും അനുഭവിച്ചിട്ടുണ്ടാകും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു പക്ഷേ ആയുർവേദം പോലെയുള്ള മഹത്തായ ഒരു ശാസ്ത്രത്തിന്റെ സാധ്യതകളെ അദ്ദേഹം തിരിച്ചറിഞ്ഞതും ആ മഹാനായ കുട്ടഞ്ചേരി മൂസ്സിൽ നിന്നു തന്നെയായിരിക്കണം. ധാരാളം രോഗികളെ കാണുന്നതിനെപ്പറ്റിയും ചികിത്സയിൽ അദ്ദേഹത്തിന്റെ നൈപുണ്യത്തെപ്പറ്റിയും പല സന്ദർഭങ്ങളിലും സൂചിപ്പിക്കുന്നുമുണ്ട്. അതേസമയം ചില പ്രത്യേക രോഗങ്ങളിൽ അന്നത്തെ നിസ്സഹായതയെപ്പറ്റിയും മോഡേൺ ഡോക്ടറായ ഡോ.വർഗീസിൽ നിന്ന് ആധുനിക ചികിത്സ സ്വീകരിക്കേണ്ടി വന്നതിനെക്കുറിച്ചൊക്കെ പി എസ് വാരിയർ അതിൽ പറയുന്നുണ്ട്. ഏതായാലും പി എസ് വാരിയർ എന്ന മഹാത്മാവിന് ആയുർവേദം എന്ന ശാസ്ത്രത്തിന്റെ സാധ്യത മനസ്സിലാക്കുന്നതിന് കുട്ടഞ്ചേരി മൂസ്സ് പ്രധാന നിമിത്തമായി എന്നതിനോടൊപ്പം തന്നെ തന്റെ ചികിത്സാ സമ്പ്രദായത്തിന് അഥവാ തന്റെ ചികിത്സ നൈപുണ്യ ത്തിലേക്ക് വളർന്നു വരുന്നതിനു അഷ്ടവൈദ്യ കുടുംബം കാരണക്കാരായി എന്നതാണ് അധികം പ്രാധാന്യമുള്ളത്.
പിന്നത്തെ തലമുറയിലെ അതായത് കൃഷ്ണൻ നമ്പിയുടെ തന്നെ മുത്തപ്ഫൻ ആയിരുന്ന നീലകണ്ഠൻ നമ്പിക്ക് കോട്ടക്കൽ കോവിലകത്ത് സംബന്ധം ഉണ്ടായിരുന്നു. ആ നീലകണ്ഠൻ നമ്പി ഒരു വലിയ പണ്ഡിതനായിരുന്നു എന്നും വളരെ പ്രഗൽഭനായ ചികിത്സകനായിരുന്നു എന്നുമൊക്കെയാണ് കേട്ടിട്ടുള്ളത്. അദ്ദേഹവും കോട്ടക്കൽ ആര്യവൈദ്യശാലയുമായി വളരെ അടുത്ത ബന്ധം പുലർത്തുകയും, അക്കാലത്ത് ആര്യവൈദ്യശാലയിൽ ഉണ്ടായിരുന്ന പി എസ് വാരിയരും സതീർത്ഥ്യരുമായുമെല്ലാം നിരന്തരമായ ശാസ്ത്ര ചർച്ചകൾ നടത്തുകയും ചെയ്തിരുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അന്നത്തെ കാലത്തെ വൈദ്യ സമൂഹത്തിലെ പ്രഗത്ഭരായ പലരും ചേർന്ന് ആരംഭം കുറിച്ച കേരളീയ ആയുർവേദ സമാജം എന്ന ആശയത്തിലും പിഎസ് വാര്യരുടെ കൂടെ ഈ നീലകണ്ഠൻ നമ്പിയും ഉണ്ടായിരുന്നു. കോട്ടക്കൽ ആര്യവൈദ്യശാലയുമായി അക്കാലം മുതലേ വളരെ അടുത്ത ബന്ധം ഈ കുടുംബത്തിനുണ്ടായിരുന്നു.
പിന്നീട് വന്ന തലമുറയ്ക്കും വൈദ്യവൃത്തിയുമായി ബന്ധപ്പെട്ട് ആര്യവൈദ്യശാലയുമായി ബന്ധം ഉണ്ടായിരുന്നെങ്കിലും അത് പ്രകാശിതമായ രൂപത്തിൽ ലഭ്യമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
എന്റെ അച്ഛൻ നാരായണൻ നമ്പിയാണ് പിന്നീടുള്ള കാലഘട്ടത്തിൽ കോട്ടക്കൽ ആര്യവൈദ്യശാലയുമായി നേരിട്ട് ബന്ധപ്പെടുന്നത്. തിരൂർ ആലത്തിയൂരുള്ള തറവാട്ടിൽ താമസിച്ച് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ആയുർവേദം ഔദ്യോഗികമായി പഠിക്കാൻ വേണ്ടി കോട്ടക്കൽ ആര്യവൈദ്യശാലയുടെ ആയുർവേദപാഠശാലയിൽ1954 ൽ ചേർന്നു. അന്നത്തെ സാമ്പത്തിക സഹചര്യം മോശമായതിനാൽ വിദ്യാഭ്യാസ ചിലവുകൾ തന്ന് സഹായിച്ചത് വൈദ്യരത്നം ഔഷധശാല യുടെ സ്ഥാപകനും ആലത്തിയൂർ നമ്പില്ല്ല്ലത്തെ മരുമകനുമായ അഷ്ടവൈദ്യൻ എളേടത്ത് തൈക്കാട്ട് നീലകണ്ഠൻ മൂസ്സും താമസ സൌകര്യങ്ങൾ ചെയ്തു തന്നത് കോട്ടക്കൽ കോവിലകവുമായിരുന്നു.
മുത്തപ്ഫന്റെ ബാന്ധവത്തേക്കാൾ ഉപരിയായി കോട്ടക്കൽ കോവിലകത്ത് താമസ സൗകര്യങ്ങൾ ചെയ്തു തന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു തമ്പുരാട്ടി അച്ഛനോട് പറഞ്ഞ ഒരു കഥയുണ്ട്.
“എനിക്ക് നാരായണനോട് പ്രത്യേകമായി ഒരു വാത്സല്യം ഉണ്ട്. എന്താണ് കാരണം എന്നുവെച്ചാൽ എനിക്ക് എന്റെ കുട്ടിക്കാലത്ത് ഉദരം എന്ന ഒരു രോഗം വരികയുണ്ടായി. പല പ്രഗത്ഭരേയും കാണിച്ചു എന്നും അവർക്കൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം വന്നപ്പോൾ സാമൂതിരിയിൽനിന്ന് പ്രത്യേകമായ അനുവാദം വാങ്ങിയതിനു ശേഷം ആലത്തിയൂർ നമ്പി എനിക്ക് വിഷം ഉപയോഗിച്ചുള്ള ചില ചികിത്സകൾ ചെയ്തു”. എന്നും പറയുകയുണ്ടായി.
ഉദര ചികിത്സയിൽ പറയുന്നുണ്ടല്ലോ….
“പാനഭോജന സംയുക്തം ദദ്യാദ്വാ സ്ഥാവരം വിഷം
യസ്മിൻ വാ കുപിതസ്സർപ്പോ വിമുഞ്ചതി ഫലേ വിഷം” (അ.ഹൃ.)
പഴത്തിന്റെ മുകളിൽ പാമ്പിനെ കൊണ്ട് കൊത്തിച്ച് വിഷം ഉള്ള ആ പഴം കൊടുത്താണു ചികിത്സ. ഒരുപക്ഷേ മരണംവരെ സംഭവിക്കാൻ സാദ്ധ്യതയുള്ള അത്തരം ചികിത്സാക്രമത്തിൽ നിയമപരമായ ഒരു സാധുത ലഭിക്കാൻ വേണ്ടി ഭരണസംവിധാനത്തിനോട് അനുവാദം ചോദിക്കുന്നത് കൂടി ഗ്രന്ഥ ത്തിൽ സൂചിപ്പിക്കുന്നുണ്ടല്ലോ. അഷ്ടാംഗ ഹൃദയം പഠിക്കുന്ന നമുക്ക് ഇതൊക്കെ പ്രായോഗികമാണോ എന്നു പലപ്പോഴും തോന്നാം.
പക്ഷേ യഥാർത്ഥത്തിൽ ഇത് നടന്നിട്ടുണ്ട് എന്നതാണ് അച്ഛനോട് നേരിട്ട് തമ്പുരാട്ടി പറഞ്ഞത്. ഔഷധ പ്രയോഗത്തിന് ശേഷം എറെ സമയം ബോധക്ഷയം ഉണ്ടായി എന്നും പിന്നീട് സാവധാനം എല്ലാം ശരിയായി എന്നൊക്കെയാണ് അവർ പറഞ്ഞത്. എന്തൊക്കെ ഔഷധങ്ങളാണ് ഉപയോഗിച്ചത് എന്നുള്ള വിശദാംശങ്ങളൊന്നും അവർക്ക് ഓർമ്മയില്ല, അവർക്കന്ന് എട്ടോ പത്തോ വയസ്സുള്ള സമയത്താണ് ഈ ചികിത്സ ഉണ്ടായത്. അച്ഛൻ പഠിക്കാൻ പോയ കാലത്ത് അവർക്ക് ഏകദേശം 75 വയസ്സ് പ്രായമുണ്ടായിരുന്നു.
“എനിക്ക് അന്ന് ആ നമ്പിക്ക് ഒന്നും കൊടുക്കാൻ പറ്റിയില്ല,
ഇന്ന് ആ നമ്പില്ലത്തെ ഒരു സന്തതിയെ ഇവിടെ താമസിച്ചു പഠിപ്പിക്കാൻ തരാവുക എന്ന് വെച്ചാൽ എനിക്ക് വലിയ സന്തോഷം ആണ്”
എന്ന് അവർ പറയുകയുണ്ടായി. അങ്ങനെ നാലു വർഷം പൂർണ്ണമായും സൗജന്യമായി താമസവും ഭക്ഷണവും, കാരണവന്മാരുടെ അനുഗ്രഹത്താൽ ലഭിച്ച് അച്ഛൻ ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കി.
ആ നാലു വർഷത്തിൽത്തന്നെ പ്രഗത്ഭരായ പല അധ്യാപകരുമായും വൈദ്യന്മാരുമായും അച്ഛൻ സൗഹാർദം സ്ഥാപിക്കുകയും അത് തുടർന്നു കൊണ്ടു പോവുകയും ചെയ്തിരുന്നു . പഠന കാലത്തു അച്ഛന്റെ സഹജമായ അമാന്തം പലതരത്തിൽ കുഴപ്പിച്ചിട്ടുണ്ടെങ്കിലും അധ്യാപകന്മാരുമായുള്ള സ്നേഹോഷ്മളമായ ബന്ധം കൊണ്ട് മികച്ചതായിരുന്നു.
കോട്ടക്കലിലെ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം സ്വന്തമായി പ്രാക്ടീസ് തുടങ്ങുന്നതിനുമുമ്പ് അഷ്ടവൈദ്യൻ പി ടി നാരായണൻ മൂസ്സിന്റെയും അദ്ദേഹത്തിന്റെ ഗുരുനാഥനായ കുട്ടഞ്ചേരി മൂസ്സിന്റെയും കീഴിൽ പത്ത് – പന്ത്രണ്ട് വർഷത്തോളം അച്ഛൻ ഒരു ഉപരിപഠനം എന്ന രീതിയിൽ പ്രായോഗിക പരിജ്ഞാനം നേടുകയുണ്ടായി. പിന്നീട് ഇല്ലത്ത് പ്രാക്ടീസ് ചെയ്യുകയാണ് ഉണ്ടായത്. ഈ കാലയളവിൽ തന്നെ വ്യക്തിപരമായ ചില കാരണങ്ങളാൽ ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ട ആവശ്യകത വരികയും ഒരു തൊഴിൽ എന്ന ആ രീതിയിൽ ഒരു പ്രവൃത്തി മണ്ഡലം എവിടെയെങ്കിലും കണ്ടെത്തേണ്ടത് അത്യാവശ്യമായിത്തീരുകയും ചെയ്തു.
തന്റെ ഗുരുനാഥനായ അഷ്ടവൈദ്യൻ പി ടി നാരായണൻ മൂസ്സിനോട് പറയുകയും അദ്ദേഹം ശ്രീ പി കെ വാര്യർ സാറിന് ഒരു എഴുത്തുകൊടുക്കുകയും ചെയ്തു.
” നാരായണൻ അവിടെ പഠിച്ചതാണ്. വേണ്ട കാര്യങ്ങളൊക്കെ അയാൾക്ക് അറിയാം” എന്ന് പറഞ്ഞുകൊണ്ട്.
അങ്ങനെ അച്ഛൻ കോട്ടക്കൽ ആര്യവൈദ്യശാലയിൽ പോയി ശ്രീ പി കെ വാര്യർ സാറിനെ കണ്ടു.
അദ്ദേഹം എഴുത്ത് വായിച്ചു എന്നിട്ട് പറഞ്ഞു..
” നാളെത്തന്നെ വന്നു ജോലിക്കു ചേർന്നൊളൂ” എന്ന്.
അച്ഛൻ പറഞ്ഞു..
“ഞാൻ അതിനൊന്നും തയ്യാറായിട്ടല്ല വന്നിട്ടുള്ളത്…..
ആര്യവൈദ്യശാലയിലേക്ക് ഒരു എഴുത്തു തന്നു,
നാളെത്തന്നെ എന്നൊന്നും ഞാൻ ആലോചിച്ചില്ല” എന്ന്.
“അതൊന്നും പറ്റില്ല ജോയിൻ ചെയ്യുകയാണെങ്കിൽ നാളെ തന്നെ ജോയിൻ ചെയ്യണം..
എന്നാണ് പി കെ വാര്യർ സർ പറഞ്ഞത്.
താമസിക്കുന്നത് ചൂണ്ടൽ തായങ്കാവിലാണെങ്കിലും ഇവിടെ വന്നു തിരിച്ചു പോകാനുള്ള സമയ സാഹചര്യം ഇല്ലാത്തതുകൊണ്ട് തറവാടായ ആലത്തിയൂർ പോയി തന്റെ ജേഷ്ഠന്റെ കയ്യിൽനിന്നും മുണ്ടും ഷർട്ടും വാങ്ങി ആ മുണ്ടും ഷർട്ടും കൊണ്ടാണ് പിറ്റേദിവസം പോയി ജോയിൻ ചെയ്തത് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.
ഒരു സ്ഥാപനത്തിൽ നാളെ വന്ന് ജോയിൻ ചെയ്തൊളൂ എന്ന് പറയുന്നുണ്ടെങ്കിൽ ആ പ്രസ്ഥാനം ആ വ്യക്തിയിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ ഏറ്റവും വലിയ തെളിവാണ്. പിന്നീട് അച്ഛനത് തന്റെ പ്രവൃത്തികൊണ്ട് ആ പ്രസ്ഥാനത്തിൽ തെളിയിച്ചു എന്നുള്ളത് മറ്റൊരു വിഷയം.
കോട്ടക്കൽ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിനോട് ചേർന്നുള്ള സ്ഥലത്ത് മുകളിലെ മുറിയിലാണ് അച്ഛൻ താമസിച്ചിരുന്നത്. ഞാൻ കുട്ടിയിൽ പലപ്പോഴും ആ മുറിയിലൊക്കെ പോയ ഒരു ഓർമയുണ്ട്. അവിടെ താമസിക്കുകയും എല്ലാ ചൊവ്വാഴ്ചയും രാത്രി ചൂണ്ടൽ-തായങ്കാവ് ഇല്ലത്തേക്ക് വരികയുമായിരുന്നു അച്ഛന്റെ പതിവ്. ബുധനാഴ്ച ദിവസം ഉച്ചവരെ ഇല്ലത്ത് ഉണ്ടാവുകയും കുടുംബത്തിന്റെ ഭരണപരമായ കാര്യങ്ങളൊക്കെ നോക്കുകയും ചെയ്യും. ഉച്ചയ്ക്ക് ശേഷം എസ്.എൻ.എ. ഔഷധശാലയുടെ കുന്നംകുളം ബ്രാഞ്ചിൽ രണ്ടു മണിക്കൂറോളം നേരം രോഗികളെ നോക്കും, വ്യാഴാഴ്ച അതിരാവിലെ മടങ്ങും.
ഒരുപക്ഷേ അന്നത്തെ കാലത്ത് ജീവിതസാഹചര്യങ്ങളുടേയും വ്യക്തി ബന്ധങ്ങളുടേയും ഒരു വലിയ പ്രത്യേകത സ്നേഹോഷ്മളമായ പാരസ്പര്യമാണ് എല്ലാവരും തമ്മിൽ ഉണ്ടായിരുന്നത് എന്നതാണ്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ താമസിക്കുന്ന കാലത്ത് അച്ഛന്റെ സ്വഭാവത്തെപറ്റിയും ശീലങ്ങളെപറ്റിയും കൃത്യനിഷ്ഠയെപറ്റിയും മറ്റുപലകാര്യങ്ങളെപ്പറ്റിയും അന്നുണ്ടായിരുന്ന ഇപ്പോഴും സജീവമായി ആര്യവൈദ്യശാലയിലുള്ള ഡോക്ടർ മുരളി സാറും ഡോക്ടർ മാധവൻകുട്ടി സാറും ഒക്കെ പലപ്പോഴും പറയാറുണ്ട്.
അന്ന് ആര്യവൈദ്യശാലയിലെ ചീഫ് ഫിസിഷ്യനായിരുന്ന ശ്രീ എസ് വാര്യരുടെ നിഴൽപോലെ എപ്പോഴും കൂടെ നടന്ന് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതിൽ അച്ഛൻ പ്രധാന പങ്ക് വഹിച്ചിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ശ്രീ എസ് വാര്യർ രോഗികൾക്ക് ചികിത്സ തുടങ്ങുമ്പോൾ ആലത്തിയൂർ നമ്പിമാരുടെ ഇടതുകൈയുടെ പ്രാധാന്യത്തെ മാനിച്ച് അച്ഛന്റെ ഇടതുകൈകൊണ്ട് രോഗികളുടെ തലയിൽ എണ്ണ തേച്ച് ചികിത്സ തുടങ്ങുന്ന ഒരു പതിവുണ്ടായിരുന്നു എന്ന് അച്ഛൻ പറയാറുണ്ട്. പല രാജ്യങ്ങളിൽ നിന്നും വരുന്ന രോഗികളുമായി സംസാരിക്കുകയും, കൃത്യമായി എഴുത്തുകൾക്ക് മറുപടി എഴുതുകയും ചെയ്തിരുന്ന അച്ഛനു (പ്രായത്തിന്റെ പക്വത കൊണ്ടോ, ഒരു നമ്പൂതിരിത്വത്തിന്റെ സ്വതസിദ്ധമായ നൈർമല്യം കൊണ്ടോ നിഷ്കളങ്കത കൊണ്ടോ ഒക്കെ) ആര്യവൈദ്യശാല ഏറെ പ്രാധാന്യവും സ്നേഹവും ഒക്കെ നൽകിയിരുന്നു എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. മിതമായി കാര്യങ്ങൾ സംസാരിക്കുകയും ഒട്ടും ക്ഷുഭിതനാവാതെ വിഷയങ്ങളെ മനസ്സിലാക്കി ക്ഷമയോടുകൂടി കേട്ട് രോഗികൾക്ക് വേണ്ട വ്യക്തവും കൃത്യവുമായ മറുപടി നൽകുന്നതിനൊക്കെ അച്ഛൻ സദാ ശ്രദ്ധിച്ചിരുന്നു.
പലപ്പോഴും ഇതേ കാലഘട്ടത്തിൽത്തന്നെ(എന്റെ കുട്ടിക്കാലത്ത്), ചില ആഴ്ചകളിൽ അച്ഛൻ ഇല്ലത്ത് വരാറില്ലായിരുന്നു.
അപ്പോ ചോദിക്കുമ്പോൾ പറയും..
“പി കെ വാര്യർ സാറിന് ചികിത്സയാണ്.. ശിരോവസ്തിയാണ്..
അത് നമ്പി തന്നെ ചെയ്യണമെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്” എന്ന്.
ആര്യവൈദ്യശാല പോലെയുള്ള ഒരു സ്ഥാപനത്തിന്റെ തലവൻ തന്നെ അച്ഛന്റെ സാന്നിധ്യത്തിൽ ചികിത്സ വേണം എന്ന് പറയുമ്പോൾ അതൊരു വലിയ അഭിമാനമായി ഞങ്ങൾക്കൊക്കെ എപ്പോഴും തോന്നാറുണ്ട്.
മറ്റൊരു സന്ദർഭത്തിൽ ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റിയിലേക്ക് പഞ്ചകർമ്മ പഠിപ്പിക്കാനായി മുതിർന്ന ഒരു വ്യക്തിയെ ആവശ്യമുണ്ടെന്ന് ആര്യവൈദ്യശാലയിൽ വന്ന ഒരു അന്വേഷണത്തിന്റെ ഭാഗമായി അവർ അച്ഛനോട് ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റിയിലേക്ക് ഒരു വിസിറ്റിംഗ് പ്രൊഫസറോ മറ്റോ ആയി പോകാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. (ഇത് അച്ഛൻ ആര്യവൈദ്യശാല വിട്ടു വന്നതിനുശേഷമാണ്.)
വൈദ്യവൃത്തിക്കുപരിയായി അച്ഛൻ പല കാര്യങ്ങളിലും ഭാഗഭാക്കായിരുന്നു എന്നത് ഞങ്ങൾക്ക് അത്ഭുതകരമായിട്ടുള്ള ഒരു കാര്യമാണ്. ശ്രീ പി എസ് വാര്യർ രചിച്ച ഡോക്ടർ കചൻ എന്ന നാടകത്തിൽ ഒരു സ്ത്രീ കഥാപാത്രത്തെ അച്ഛൻ അവതരിപ്പിച്ചു എന്ന് പറയുകയുണ്ടായിട്ടുണ്ട്. ആ കാലഘട്ടത്തിൽ അവിടെ നടന്ന പല സാംസ്കാരിക പ്രവർത്തനങ്ങളിലും അതേപോലെ അവിടെ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പഞ്ചകർമ്മം പഠിപ്പിക്കുന്നതിനും.. അച്ഛൻ ശ്രദ്ധിച്ചിരുന്നു.
കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഉള്ള സമയത്ത് നിരന്തരമായി അവിടത്തെ ഔഷധങ്ങളെപ്പറ്റിയും അതിന്റെ നിർമ്മാണരീതിയെ പറ്റിയും ആഴത്തിൽ മനസ്സിലാക്കാൻ അച്ഛൻ ശ്രമിച്ചത് പിന്നീട് എസ് എൻ എ ഔഷധശാലയിൽ വന്നപ്പോൾ അച്ഛനതൊരു മുതൽക്കൂട്ടായി. മാത്രമല്ല അവിടെ ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഗുരുനാഥനായ ശ്രീ എസ് വാര്യരുടെ കീഴിലുള്ള വളരെ ആഴത്തിലുള്ള ശിക്ഷണം പിന്നീട് ചീഫ് ശിഷ്യനായി എസ് എൻ എ ഔഷധശാല യിലേക്ക് വന്നപ്പോൾ ഗുണപരമായി എന്ന് തന്നെയാണ് അച്ഛൻ വിശ്വസിച്ചിരുന്നത്.
അച്ഛൻ കോട്ടക്കൽ ആര്യവൈദ്യശാലയിൽ വളരെ കുറച്ചു കാലമേ ഉണ്ടായിട്ടുള്ളൂ (1978 മുതൽ 1988 വരെ)…..
“വൈകി വരികയും നേരത്തെ പോവുകയും ചെയ്ത വ്യക്തിത്വമാണ് നമ്പിയുടെതെങ്കിലും മറക്കാനാകില്ല” എന്നാണ് പി കെ വാര്യർ സാർ പറയാറുള്ളത്.
ആര്യവൈദ്യശാല അച്ഛനും ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. ഒരുപക്ഷേ നമ്പി കുടുംബം തന്നെ അന്നത്തെ ജീവിതസാഹചര്യങ്ങളിൽ നിന്ന് കരകയറുന്നതിനും ശാസ്ത്രത്തിലുറച്ചു കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ വേണ്ട ബലം നല്കുന്നതിനും ഒക്കെ ആര്യവൈദ്യശാല എന്നും അച്ഛന്റെ കൂടെ ഉണ്ടായിരുന്നു. ആര്യവൈദ്യശാല തന്നെയാണ് അച്ഛന്റെ ഭൗതികവും ബൗദ്ധികവുമായ നിർമ്മിതിക്ക് അടിത്തറ എന്ന് വിശ്വസിക്കാനാണ് ഞങ്ങൾ മക്കൾക്കിഷ്ടം.
ആര്യവൈദ്യശാല എന്ന മഹത്തായ പ്രസ്ഥാനം.. അവർ മുന്നോട്ടുവെച്ച വലിയ ആശയങ്ങൾ സഹായിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ.. ഇതൊക്കെത്തന്നെയാണ് ഇന്നും ആര്യവൈദ്യശാലയുടെ ബലം എന്ന് ഞാൻ വിശ്വസിക്കുന്നു.
ആലത്തിയൂർ നാരായണൻ നമ്പി എന്ന വ്യക്തിയായിരിക്കും ഒരു പക്ഷെ അഷ്ടവൈദ്യ കുടുംബത്തിലെ ആദ്യത്തെ ആര്യവൈദ്യശാലയുടെ ജീവനക്കാരനെന്ന് തോന്നുന്നു. ഏതായാലും അന്നുണ്ടായിരുന്ന എല്ലാ സുഹൃത് ബന്ധങ്ങളെയും സ്നേഹോഷ്മളമായി നിലനിർത്തിക്കൊണ്ട് 2015 ൽ അച്ഛൻ ഭൗതികശരീരം ഉപേക്ഷിച്ചപ്പോഴും ആര്യവൈദ്യശാല വളരെ സ്നേഹാദരവോടുകൂടിയാണ് അച്ഛനെ കണ്ടത്. 2016ൽ അച്ഛന്റെ അനുസ്മരണ സമ്മേളനത്തിലേക്ക് ഒരു സ്മരണിക തയ്യാറാക്കിയപ്പോൾ ഡോക്ടർ പി കെ വാര്യർ സാറും, ഡോക്ടർ മാധവൻകുട്ടി സാറും, ഡോക്ടർ മുരളി സാറും, ശ്രീ എസ് വാര്യരുടെ കുടുംബാംഗങ്ങളായ ശ്രീമതി തങ്ക വാരസ്യാരും, അവരുടെ മക്കളായ ഡോക്ടർ മുരളി സാറും ഡോക്ടർ മാധവൻകുട്ടി സാറും എല്ലാവരും അച്ഛനെ വളരെ ആഴത്തിൽ ഓർമ്മിച്ചു എന്നതുതന്നെ കേവലമൊരു ജീവനക്കാരന് കിട്ടുന്ന സൗഭാഗ്യത്തേക്കാളേറെ ആര്യവൈദ്യശാല കുടുംബാംഗമായി നിലനിർത്തി എന്നതിന്റെ തെളിവാണ്. അത് ആര്യവൈദ്യശാല കാണിച്ച ഒരു നന്മയായി കരുതുന്നു.
ഇപ്പോഴും ആലത്തിയൂർ നമ്പി കുടുംബം ആര്യവൈദ്യശാലയുമായി നിരന്തരമായി അടുത്ത ബന്ധം പുലർത്തി കൊണ്ടിരിക്കുന്നു. ഇന്നും ആര്യവൈദ്യശാലയിൽ പോയാൽ നമ്പിയുടെ മകനാണ് എന്ന് പറയുമ്പോൾ തന്നെ എല്ലാവരും വളരെ സ്നേഹ വാൽസല്യത്തോടെ കൂടി എന്നെ സ്വീകരിക്കുകയും വളരെ അനുഭാവപൂർവം സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഞാൻ മനസ്സിലാക്കുന്നത് അച്ഛനു ണ്ടാക്കിയെടുത്തിട്ടുള്ള വലിയ സ്നേഹത്തിന്റെയും സത്യസന്ധതയുടെയും ബലം തന്നെയാണ്. ഏതായാലും പി എസ് വാരിയരുടെ 150 ആം ജന്മ വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ആര്യവൈദ്യശാലയും നമ്പി കുടുംബവും തമ്മിലുള്ള ബന്ധം ഏതാനും വരികളിൽ എഴുതാൻ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കാണുന്നു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പ്രബന്ധങ്ങൾ തന്നെയാണ് വിദ്യാർത്ഥിയായ, അദ്ധ്യാപകനായ എനിക്ക് വലിയൊരു ബലം. 50ൽ എറെ കൊല്ലത്തെ പ്രൗഢഗംഭീരമായ പ്രബന്ധങ്ങളുടെ ആഴങ്ങളിൽ നിന്നാണ് ഞങ്ങളെല്ലാം മുത്തുകൾ പെറുക്കി എടുക്കുന്നത്.
ആര്യവൈദ്യശാല മുന്നോട്ടുവെച്ചിട്ടുള്ള ഒട്ടനവധി പ്രവർത്തനങ്ങൾക്ക് എന്നും കൂടെ നിന്നു കൊണ്ടിരിക്കുന്നവരാണ് ഞങ്ങളെല്ലാവരും. ഒരിക്കൽ കൂടി ഈ ഉദ്യമത്തിൽ ആലത്തിയൂർ നമ്പി കുടുംബത്തിൽ നിന്ന് എല്ലാ നന്മയും നേരുന്നു.
നാരായണൻ നമ്പി