കരുവാട്ടില്ലം വളരെ കുട്ടിയിലെ എനിക്ക് സുപരിചിതമായിരുന്നു. എന്റെ അച്ചോള് അവിടെയുണ്ട് എന്നത് തന്നെ.
കൂടാതെ സമപ്രായക്കാരായിട്ടുള്ള ഒരുപാട് കുട്ടികൾ “കരുവാട്ടെ പൊന്നാനിക്കൂട്ടം …..” അവരുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.
വെക്കേഷനുകളിൽ അവിടെ പോവുക താമസിക്കുക അവരുമായി കുറെ കളിക്കുക ഇതൊക്കെ അന്നത്തെ പതിവായിരുന്നു.
ഒരുപക്ഷേ റബ്ബറുമായിയൊക്കെ അടുത്ത പരിചയമുണ്ടാക്കിയത് കരുവാട്ട് എസ്റ്റേറ്റ് തന്നെയായിരുന്നു. അമ്പതോളം ഏക്കർ വിസ്തൃതിയിലുള്ള ഒരു വലിയ പ്ലോട്ടിൽ കരുവാട്ടെ അനിയേട്ടന്റെ അച്ഛനും അനിയേട്ടനും അച്ചോളുമൊക്കെയുള്ള ജീവിതം ഒരു ഓർമ്മ/ അനുഭവം തന്നെയാണ്.
അവിടത്തെ പ്രത്യേകമായ റബ്ബർ പന്തുകൾ, വളർത്തിയിരുന്ന പ്രത്യേക തരം നായ്ക്കൾ, കൃഷികൾ…..
അന്നൊന്നും ആർട്ടിസ്റ്റ് നമ്പൂതിരിയെ അത്ര പരിചയം ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹം അന്ന് മാതൃഭൂമിക്ക് വേണ്ടി കോഴിക്കോട് താമസിക്കുന്ന കാലമായിരുന്നു.
അതുകൊണ്ടുതന്നെ വിശേഷ ദിവസങ്ങളിൽ മാത്രം കാണുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
പൊതുവേ തന്നെ കരുവാട്ടുള്ളവരുടെ അഹങ്കാരമില്ലാത്തതും വളരെ ലളിതവുമായ പെരുമാറ്റവും, വിനയാന്വിതമായ സംസാരവും ഒക്കെ വളരെ ആകർഷണീയമായ ഒന്നാണ്.
എനിക്ക് ആർട്ടിസ്റ്റ് നമ്പൂതിരിയെ ഓർമ്മിക്കുന്ന പല സന്ദർഭങ്ങളും ഉണ്ട്. ഒന്ന് എസ്എൻഎയുടെ നവതിയുമായി ബന്ധപ്പെട്ട് പല സമയത്തും അദ്ദേഹവുമായി സംസാരിക്കാനും ഒന്നിച്ച് പ്രവർത്തിക്കാനും സാധിച്ചു. ആ സമയത്തൊക്കെത്തന്നെ അദ്ദേഹത്തിന്റെ ഊർജ്ജസ്വലത നമ്മളൊക്കെ അനുഭവിച്ചിട്ടുള്ളതാണ്.
വ്യക്തിപരമായിട്ട് പറയുകയാണെങ്കിൽ ഒരു ദിവസം കരുവാട്ടെ അനിയേട്ടന്റെ അവിടുന്ന് കുഞ്ഞപ്ഫനെ കാണാൻ പോയി.
ഏകദേശം ഒരു പത്തു പതിനഞ്ച് വർഷം മുമ്പേയാണ്.
അന്ന് അദ്ദേഹം ചെമ്പിന്റെ തകിടിൽ രണ്ടാമൂഴത്തിലെ പലകഥാപാത്രങ്ങളെയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
മോഹൻലാലിന് വേണ്ടിയായിരുന്നു അത് ചെയ്തിരുന്നത് എന്ന് എനിക്ക് തോന്നുന്നു.
ചെമ്പ് തകിടിൽ നമ്മുടെ ഡ്രില്ലിങ് മെഷീൻ പോലെയുള്ള ഒരു മെഷീൻ അറ്റത്ത് പ്രത്യേക സാധനങ്ങൾ വെച്ച് ആ തകിടിൽ പലതരത്തിലുള്ള പല ആഴത്തിലുള്ള ഇമ്പ്രെഷൻസ് ഉണ്ടാക്കുകയായിരുന്നു .
സാധാരണയായി അദ്ദേഹം വരകളുടെ തമ്പുരാൻ ആണ് എങ്കിലും ഇത്തരത്തിലുള്ള ശിൽപ്പ ചാതുര്യവും അദ്ദേഹത്തിന് നന്നേ വഴങ്ങുമാ യിരുന്നു.
ഞാൻ അവിടെ ചെന്നപ്പോൾ കുഞ്ഞപ്ഫൻ എന്നോട് ചോദിച്ചു
“ഈ ചിത്രം നോക്കിയിട്ട് തനിക്ക് എന്ത് തോന്നുന്നു”.
ഞാൻ അത് നോക്കിയിട്ട് പറഞ്ഞു
“ഞാൻ എന്ത് അഭിപ്രായം പറയാനാണ് ….
അങ്ങ് ചിത്രം വരയുടെ വലിയ ആൾ
ഞാനെന്താ പറയാ… “
‘
“അങ്ങനെയല്ല താനിതു നന്നായി നോക്കുക തനിക്ക് ഇതിൽ എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ” എന്ന് ചോദിച്ചു
“എന്തു കുഴപ്പം ……. ഒരു കുഴപ്പവും തോന്നുന്നില്ല” എന്ന് പറഞ്ഞു
ഉടനെ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു “താൻ ഒരു വൈദ്യനല്ലേ……
ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ” എന്ന് പറഞ്ഞു
ഞാൻ ഒന്നുകൂടി നോക്കി എനിക്കൊരു കുഴപ്പവും തോന്നിയില്ല…
അപ്പോഴാണ് അദ്ദേഹം എനിക്ക് കാണിച്ചു തന്നത് ആ വരച്ച ചിത്രത്തിന്റെ കയ്യിലെ വിരലുകൾ തിരിഞ്ഞു പോയിട്ടുണ്ടായിരുന്നു.
അതായത് ചെമ്പ് തകിടിൽ റിവേഴ്സ് ആയിട്ടാണല്ലോ ചെയ്യുക. പിന്നിൽ നിന്ന് പ്രഷർ കൊടുത്ത് ഇംപ്രഷൻസ് ഉണ്ടാക്കുമ്പോൾ ചെറുവിരൽ മോതിരവിരൽ എന്നിങ്ങനെയുള്ള വിരലുകളുടെ ക്രമം തിരിച്ചു മനസ്സിൽ കണ്ട് വേണം ചെയ്യാൻ. അതിൽ ആക്രമത്തിൽ ഒരു തെറ്റുപറ്റിയിട്ടുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹം നോക്കാൻ പറഞ്ഞത്.
ഉടനെ അദ്ദേഹം പറയുകയും ചെയ്തു വൈദ്യനല്ലേ ഇതൊക്കെ ശ്രദ്ധിക്കണ്ടേ എന്ന്.
ശരീരത്തിന്റെ രൂപം ഒക്കെ ശ്രദ്ധിക്കുന്നതിൽ ഒരു കലാകാരൻ എത്രകണ്ട് സൂക്ഷ്മത നിലനിർത്തുന്നു എന്നത് നമുക്കൊക്കെ അറിയാവുന്നതാണ് അതേ സൂക്ഷ്മത ഒരു വൈദ്യനും വേണമെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം.
വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
ഒരു കടലാസ് കൊടുത്ത് അവിടെ പോയിരുന്നു എന്നെ ഒന്ന് വരച്ചു തരുമോ ചോദിച്ചാൽ വളരെ അനായാസമായി അദ്ദേഹം അത് ചെയ്തു തരും.
അത്ര ലാളിത്യമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം.
കേരളം അദ്ദേഹത്തെ അറിയുന്നത് മാതൃഭൂമിയിലൂടെയാണ് പ്രത്യേകിച്ച് എംടിയുടെ, വികെഎൻ ന്റെ, തകഴിയുടെ, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒക്കെ കഥകളുടെ…. അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്.
വര വരി എന്നാണല്ലോ ., വരയും വരികളും ഇത്രയും ഭംഗിയായി ചെയ്ത വേറൊരു മഹാത്മാവ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
അദ്ദേഹത്തിന് ചിത്രങ്ങൾ ഒരിക്കലും മായ്‌ക്കേണ്ടി വരാറില്ല.
അത്രയും കൃത്യമായി ആത്മസമർപ്പണത്തോടു കൂടിയാണ് അദ്ദേഹം വരയ്ക്കുക.
വേണ്ടതിനെ മാത്രം വരയ്ക്കുകയും അതേസമയം ഇല്ലാത്തതിന് ഉണ്ടെന്നു തോന്നിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക ശൈലികൾ….
പ്രസിദ്ധമായ ചില വരകൾ ഒക്കെ ഉണ്ടല്ലോ. ഒരു ഭാര്യയും ഭർത്താവും കുട്ടിയും കൂടി ബൈക്കിൽ പോകുന്ന ഒരു ചിത്രം അതിൽ അദ്ദേഹം ബൈക്ക് വരച്ചിട്ടേയില്ല കാറ്റിനെതിരായുള്ള കഥാപാത്രങ്ങളുടെ മുടിയുടെ സഞ്ചാരം സ്ത്രീയുടെ ഷോളിന്റെ ചലനം ഇതൊക്കെ കാണുമ്പോൾ അവിടെ ഒരു ബൈക്ക് ഉണ്ടെന്ന് കാഴ്ചക്കാരനെ തോന്നിപ്പിക്കും പലപ്പോഴും ഉള്ളതിനെ പ്രദർശിപ്പിക്കുന്നതാണ് വര എങ്കിൽ ഇല്ലാത്തതിനെയും കൂടി ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന അസാധാരണമായ പ്രതിഭയാണ് ആർട്ടിസ്റ്റ് നമ്പൂതിരിക്ക്.
ഇന്ന് അദ്ദേഹത്തിന്റെ ഇല്ലത്ത് പോയി പ്രദക്ഷിണം വെച്ച് നമസ്കരിച്ചു.
ആ കൈകൾ ഒന്നുകൂടി കാണാൻ പറ്റുമോ എന്ന് നോക്കി.
നമ്മുടെ സമൂഹത്തിന് നഷ്ടപ്പെടുന്ന വലിയൊരു പ്രതിഭയാണ് അദ്ദേഹം
അദ്ദേഹത്തിന് ഒരിക്കൽ കൂടെ സാഷ്ടാംഗ പ്രണാമം
നാരായണൻ നമ്പി