Nambi Ayurveda


വൈദ്യ ഭഗവാൻദാസ് ജി മുതൽ   ആര്യവൈദ്യൻ എൻ വി കെ വാരിയർ പോലെയുള്ള ഒട്ടേറെ മഹാരഥന്മാർ ഈ രാജ്യത്ത് വന്ന് ആയുർവേദ പ്രചാരകന്മാരായി പ്രവർത്തിച്ചിട്ടുണ്ട്.  കഴിഞ്ഞ ഇരുപത് വർഷമായി എനിക്കും അത്തരമൊരു പ്രവൃത്തി  ചെയ്യാൻ ഭാഗ്യമുണ്ടായി എന്ന് ഞാൻ കരുതുന്നു.

 

 2002 ൽ കൊച്ചിയിൽ നടന്ന  വേൾഡ് ആയുർവേദ കോൺഗ്രസിൽ പരിചയപ്പെട്ട ഡോക്ടർ അന്റോണിയോ മോറാണ്ടി, കാർമെൻ ടോസ്‌റ്റോ എന്നിവരുടെ സ്ഥാപനമായ ഇറ്റലിയിലെ മിലാനിൽ  ആയുർവേദിക് പോയിന്റ് ആരംഭിക്കുമ്പോൾ ഇത്രയും വലിയ ഒരു പ്രസ്ഥാനമായി മാറുമെന്ന്  ഞാൻ കരുതിയിട്ടുണ്ടായിരുന്നില്ല. ഡോക്ടർമാരും തെറാപ്പിസ്റ്റുകളും അടക്കം 20 വർഷം കൊണ്ട് 500 റിലേറെ വിദ്യാർത്ഥികൾ  ആയിരക്കണക്കിന് ആയുർവേദ അഭ്യുദ്ദയ  കാംക്ഷികൾ തുടങ്ങിയവരെയൊക്കെ ഈ രാജ്യത്ത് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചു.  മാത്രവുമല്ല ഇറ്റാലിയൻ സയന്റിഫിക് സൊസൈറ്റി ഓഫ് ആയുർവേദിക് മെഡിസിൻ പോലെയുള്ള സംഘടനയുടെ പ്രസിഡണ്ടായി തുടരുകയും   ലോകാരോഗ്യ സംഘടനയുടെ  ഇറ്റലിയിൽ നിന്നുള്ള പ്രതിനിധിയായി പല കമ്മിറ്റികളിലും ഭാഗഭാക്കാവുകയും ചെയ്യുന്നുണ്ട് അദ്ദേഹം.   ന്യൂറോളജിയിൽ  MD, Ph D കഴിഞ്ഞ് ആയുർവേദത്തിലേക്ക് തിരിഞ്ഞ് ആയുർവേദത്തിനുവേണ്ടി ഇത്രയധികം ബുദ്ധിയും ശേഷിയും കർമ്മസമ്പത്തും ചെലവഴിച്ച ഒരു വിദേശിയെ എനിക്ക് പരിചയമുണ്ടെന്നു തോന്നുന്നില്ല.

 

 ഒരു ജ്യേഷ്ഠ സഹോദരനെ പോലെ നിരന്തരമായി ശാസ്ത്ര ചർച്ച ചെയ്യുന്നതിനും  സംവദിക്കുന്നതിനുംസമയം കണ്ടെത്താറുണ്ട്. എപ്പോഴൊക്കെ സമയം കിട്ടുന്നുവോ അപ്പോഴൊക്കെ ശാസ്ത്രത്തിനെക്കുറിച്ച് ചർച്ച ചെയ്യുക എന്നതാണ് അദ്ദേഹത്തിന് ഏറ്റവും വലിയ താല്പര്യം.  പലപ്പോഴും രാത്രി ഒരു മണി രണ്ടു മണി വരെയൊക്കെ ശാസ്ത്ര ചർച്ച പതിവുണ്ട്. ഇന്നലെയും കൂടി അങ്ങനെയായിരുന്നു എന്നുള്ളത് സ്വാഭാവികം മാത്രം.  നിരന്തരമായി ആയുർവേദ ശാസ്ത്രത്തിനെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിൽ ഡോക്ടർ അന്റോണിയോ മോറാണ്ടിക്ക് ഒരുപാട് പങ്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. മിലാനിൽ  പ്രവർത്തിക്കുമ്പോൾ തന്നെ അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായി കൊണ്ട് ഒട്ടേറെ സദസ്സുകളിൽ ആയുർവേദത്തിന്റെ – ശുദ്ധ ആയുർവേദത്തിന്റെ- ശാസ്ത്ര ബുദ്ധിയോടെ  തെളിമയോടെ ( ആധുനിക വൈദ്യശാസ്ത്രത്തിൽ ഇത്രയും അറിവ് സമ്പാദിച്ചിട്ട് പോലും ) ഈ ശാസ്ത്രത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്ന ദിശാബോധത്തോടെ ചിന്തകളും കാഴ്ചപ്പാടുകളും ഉള്ള ഒരു വ്യക്തിയാണ്.  നിരന്തരമായി കുട്ടികളെയും പൊതുജനങ്ങളെയും ഉദ്ബോധിപ്പിക്കുവാൻ അദ്ദേഹം ഇവിടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ  സ്വസ്ഥവൃത്തം പഠിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് ഒരു കോഴ്സ് തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ഇടയിൽ സ്വസ്ഥ വൃത്തം  എത്തിക്കുവാൻ വേണ്ടി  രണ്ടു വർഷത്തെ സ്വസ്ഥവൃത്തം  കോഴ്സ്.  ആയുർവേദം ഒരു രാജ്യത്തിൽ പൊതുസമൂഹത്തിലേക്ക് എങ്ങനെ ആഴത്തിൽ എത്തിക്കാം എന്നുള്ളതിന് ഉത്തമ മാതൃകകളാണ്. കുട്ടികൾക്ക് ആയുർവേദദിനചര്യ പഠിപ്പിക്കാൻ വേണ്ടി ഒരു പുസ്തകം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തീസിസായി  ഉണ്ടാക്കി കണ്ടിട്ടുണ്ട്.  അങ്ങനെ വൈവിധ്യങ്ങളായ കാര്യങ്ങൾ ഒരേസമയം  ചെയ്യുകയും വിവിധ അന്താരാഷ്ട്ര ജേണലുകളുടെ പല കമ്മിറ്റികളിലും അംഗമായ അദ്ദേഹം വൈവിധ്യമായ വിഷയങ്ങളിൽ പേപ്പർ അവതരിപ്പിക്കുകയും അതേസമയം തന്നെ അതിഗംഭീരനായ ചികിത്സകനായി തുടരുകയും……..  ഇതൊക്കെ ഉള്ളപ്പോൾ തന്നെ വളരെ വിനയാന്വിതനായി ഓരോരുത്തരിൽ നിന്നും ശാസ്ത്രം ആഴത്തിൽ പഠിക്കാൻ വേണ്ടി എളിമയോടെ സാകൂതം പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹം ഒരു അസാധാരണ വ്യക്തിത്വമാണ്. 

 

 കഴിഞ്ഞ 20 വർഷമായി നവംബർ മാസത്തിൽ അദ്ദേഹവും കാർമനും വിദ്യാർത്ഥികളോടൊപ്പം എസ്എൻഎയിൽ വരാറുണ്ട്.  നമ്മുടെ സാധാരണ ക്ലാസിന്റെ കൂടെ   എട്ടോ പത്തോ ആയുർവേദ അധ്യാപകരുമായി കൂടി അദ്ദേഹം സമ്പർക്കം പുലർത്താറുണ്ട്.  അവരിൽ നിന്നൊക്കെ പുതിയ  വിഷയങ്ങൾ പഠിക്കുന്നതിൽ അദ്ദേഹം വളരെ ശ്രദ്ധ ചെലുത്തുന്നത് ഞാൻ അത്ഭുതത്തോടെ കാണാറുണ്ട്. മാത്രവുമല്ല contemperical ആയിട്ടുള്ള ഫിസിക്സ് കെമിസ്ട്രി മുതലായ കാര്യങ്ങൾ നിരന്തരം വായിക്കുകയും അതിൽനിന്നൊക്കെ ആയുർവേദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറഞ്ഞുതരികയും പതിവുണ്ട്. 

 

എല്ലാ ആഴ്ചകളിലും തന്നെ ഞങ്ങൾ പരസ്പരം വായിച്ച അല്ലെങ്കിൽ മനസ്സിലാക്കിയ  ശാസ്ത്രപരമായ കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറുകയും ചെയ്യാറുണ്ട്.  എന്നെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ആദ്യമായി ഇന്ത്യക്ക് പുറത്ത്ഒരു രാജ്യത്ത് വന്നു, 20 വർഷങ്ങൾ കൊണ്ടു പലപ്രാവശ്യമായി,  കൂടുതൽ കാലം ജീവിച്ച രാജ്യം ഇറ്റലി ആയിരിക്കും. ഒരുപാട് ആഴ്ചകൾ ഇവിടെ താമസിച്ചു ആയുർവേദിക് പോയിന്റിലെ വിദ്യാർഥികളെ പഠിപ്പിക്കാറുണ്ട് അതിന്റെ കൂടെ സ്ഥലം കാണാറുണ്ട് ശാസ്ത്ര ചർച്ചകൾ പതിവുണ്ട്.  ഇതിനെല്ലാം എന്റെ  ഒരു ജ്യേഷ്ഠ സഹോദരനെ പോലെ അദ്ദേഹം കൂടെ ഉണ്ടാവാറുണ്ട്.  ഈ വർഷവും അതിന്റെ ഭാഗമായി ആയുർവേദിക് പോയന്റിൽ വന്നു,  ആദ്യ ബാച്ചിൽ പഠിച്ച വിദ്യാർഥി മുതൽ ഒട്ടേറെ പേര്‍ എന്നെ കാണാൻ  വന്നിട്ടുണ്ടായിരുന്നു, വളരെ വളരെ സന്തോഷം തോന്നി.  2002 ബാച്ചിൽ ജോയിൻ ചെയ്ത  ഡോ. യുജീനി എന്ന ഡെന്റിസ്റ്റ് മുതൽ ഏറ്റവും പുതിയ ബാച്ചിൽ പഠിക്കുന്ന വിദ്യാർത്ഥികൾ വരെ.  എല്ലാവരേയും കാണാനും സംസാരിക്കാനും…… ഒക്കെ വലിയ സന്തോഷം തോന്നി എനിക്ക്. പലപ്പോഴും ഇറ്റലിയിൽ ആയുർവേദിക് പോയിന്റിൽ  വരുമ്പോൾ ‘home away from home’ എന്നെനിക്ക് തോന്നാറുണ്ട്.  കാരണം ഒരുപക്ഷേ കൂടുതൽ സമയം ഇവിടെ ചെലവിട്ടതുകൊണ്ടും അവരിലേക്ക് ശാസ്ത്രം പ്രചരിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗം കൂടി ആയിരിക്കാം  അവരെല്ലാവരേയും കുടുംബാംഗങ്ങളെപ്പോലെ എനിക്കിപ്പോഴും തോന്നാറുണ്ട്. അവരിൽ പലരുടെയും  വീടുകളിൽ പോവുകയും പലരുടെയും കുടുംബത്തെപ്പറ്റിയും… എല്ലാം നേരിട്ട് അറിയാവുന്നതാണ്.  ആയുർവേദിക് പോയന്റ് എന്ന  മഹാപ്രസ്ഥാനം ഇനിയും ഒരുപാട് ഒരുപാട്  മുന്നോട്ടു പോകേണ്ടതുണ്ട്.   ഡോക്ടർ അന്റോണിയോ മോറാണ്ടിപോലുള്ള മഹാന്മാർ…….. ഇത്തരത്തിലുള്ള മഹാന്മാരാണ് ഓരോ രാജ്യത്തിലും  ശാസ്ത്രത്തിന്റെ പ്രചാരത്തിന്  അനിവാര്യത ഉണ്ടാക്കിയിട്ടുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

Leave a Reply

Translate »

Discover more from Nambi Ayurveda

Subscribe now to keep reading and get access to the full archive.

Continue reading