കുട്ടിക്കാലം മുതൽക്കേ ഞാൻ അച്ഛനെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അച്ഛന്റെ മേശപ്പുറം എന്നും വൃത്തിയുള്ളതും അടുക്കും ചിട്ടയുള്ളതും ആയിരുന്നു. ആ മേശപ്പുറത്ത് ഏർക്കരയുടെ ആമ്നായ മഥനവും അരവിന്ദ് യോഗിയുടെ ചില പുസ്തകങ്ങളുമായിരുന്നു. അഷ്ടാംഗഹൃദയം മുതലായ മറ്റു പ്രധാന ആയുർവേദ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു.
കുട്ടിയായിരുന്ന എന്നെ ഏറെ വിഷമിപ്പിച്ചിരുന്നത് രോഗികൾ വന്നാൽ കുറിപ്പ് എഴുതാൻ വിളിക്കുമ്പോൾ ആയിരുന്നു. നല്ല കളികളിൽ മുഴുകുന്ന എന്നെ പിടിച്ചിരുത്തി ഷഡ്ഢരണം, വിളംഗതണ്ഡുലാദി, ശുദ്ധദൂർവാദി തുടങ്ങിയവ ….. എഴുതിയാൽ തെറ്റും എന്ന് പറയേണ്ടതില്ലല്ലോ.
“തെറ്റിയാലും ശാസിക്കാറില്ല തിരുത്താറേയുള്ളൂ” എന്നതാണ് സമാധാനം.
അടുത്ത് പോകാൻ പേടിയും അതിലേറെ ശാസിക്കുമോ എന്ന ശങ്കയും എപ്പോഴും എനിക്കുണ്ടായിരുന്നു. ഏകദേശം പത്താം ക്ലാസ് പ്രീഡിഗ്രി വരെ അത് തുടർന്നു. അച്ഛൻ തല്ലിയതായ ഒരു ഓർമ്മ പോലും ഇല്ലെങ്കിലും ആ നോട്ടത്തിലും മൂളലിലും എല്ലാം കർക്കശ്യവും നിഷ്കർഷയും എപ്പോഴും ഉണ്ടായിരുന്നു.പൊതുവേ ആരോടും അധികം സംസാരിക്കാത്ത അച്ഛൻ ചില വ്യക്തികളോട് വളരെ അടുപ്പം കാണിക്കുന്നതും സൗഹാർദ്ദത്തോടെ പെരുമാറുന്നതും കണ്ടിട്ടുണ്ട്. എന്റെ കുട്ടിക്കാല ഓർമ്മകളിൽ അച്ഛൻ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ജോലിയിലാണ്. ആഴ്ചയിൽ ഒരു ദിവസം ചൊവ്വാഴ്ച രാത്രി വരികയും വ്യാഴം അതിരാവിലെ പോവുകയും ചെയ്യും. ബുധനാഴ്ചയാണ് ഇല്ലത്തുണ്ടാകുന്ന ദിവസം.
അച്ഛന്റെ ദിനചര്യ ഒരു പ്രത്യേകതയാണ്. കിഴക്കേ ഇറയത്ത് ഇരുന്ന് പല്ലു തേക്കാൻ തുടങ്ങിയാൽ ചിലപ്പോൾ അരമണിക്കൂറെങ്കിലും എടുക്കും കഴിയാൻ. ആദ്യകാലങ്ങളിൽ പൽപ്പൊടിയും പിന്നീട് പേസ്റ്റും ആണ് ഉപയോഗിക്കാറ് ഈർക്കിലും കാണും. തന്റെ ഓരോ പല്ലും വൃത്തിയാക്കുന്നതുപോലെയുള്ള നിഷ്കർഷ തന്നെ. അച്ഛനു മുടി കുറവായിരുന്നെങ്കിലും എണ്ണ തേക്കൽ വിസ്തരിച്ചു തന്നെ. എല്ലാം താഴെ കുന്തിച്ചിരുന്നാണ് പതിവ്. അതിനുശേഷം വിസ്തരിച്ചു കുളത്തിൽ പോയി കുളിയായി. ഇല്ലത്തുനിന്ന് ദൂരെയാണെങ്കിലും മുങ്ങലിന്റെ ശബ്ദം അകത്തേക്ക് കേൾക്കാം. ഊക്കലും അന്ത്യുടിക്കലും മറ്റും കഴിയുമ്പോൾ ഒരു നേരമാവും. സോപ്പ് ധാരാളമായി ഉപയോഗിക്കാറില്ല എണ്ണ തന്നെ പ്രധാനം. അതിനുശേഷം മുണ്ടും കോണകവുംപിഴിഞ്ഞ് കൊണ്ടുവന്ന് തോരയിടൽ ഒരു വലിയ ചടങ്ങാണ്. അല്പംപോലും ചുളിയാതെ എല്ലാ മുക്കും മൂലയും മടക്ക് നിവർത്തി നല്ല രസമാണ് അത് കാണാൻ..!!!
അച്ഛന്റെ മറ്റൊരു പ്രത്യേകത പത്രം വായനയാണ്. മിക്കവാറും എല്ലാ പേജുകളിലെയും എല്ലാ ഭാഗങ്ങളും വള്ളിപുള്ളി വിടാതെ ആകും വായന ചിലപ്പോൾ അല്പം ഉറക്കെയും പലവുരു ആവർത്തിച്ചും കേൾക്കാറുണ്ട്. അധികവും രാത്രികാലങ്ങളിൽ ആണ് ഈ വായന പതിവ്. രോഗികളെ നോക്കുന്നതിലും ഈ ശ്രദ്ധ കാണാറുണ്ട് . അച്ഛന്റെ തലമുറയിലുള്ള മറ്റു വൈദ്യന്മാരിൽ നിന്നും വ്യത്യസ്തമായി അച്ഛൻ സ്റ്റെതസ്കോപ്പ് ഉപയോഗിക്കുകയും പതിവുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് കിട്ടിയതാവാം ആ ശീലം. സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നതിൽ കാര്യമായി ഔദ്യോഗിക ജ്ഞാനം ഇല്ല എന്ന് അച്ഛൻ പറയാറുണ്ടെങ്കിലും ASD, VSD തുടങ്ങിയ രോഗങ്ങളുടെയും മറ്റും ലക്ഷണങ്ങൾ അച്ഛൻ തിരിച്ചറിഞ്ഞ് പറഞ്ഞത് കേട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
സാമ്പത്തിക അച്ചടക്കത്തിൽ വളരെ നിഷ്കർഷ പാലിച്ചിരുന്നു അച്ഛൻ. ഓരോ നോട്ടും പ്രത്യേകം പലവുരു എണ്ണി നോക്കി എല്ലാം അടക്കി കെട്ടിവെച്ച് വേണ്ടത്ര മാത്രം നൽകുന്ന പ്രകൃതം. ദാരിദ്രക്കാലത്തെ ഓർമ്മകളും അനുഭവങ്ങളും അതിനുകാരണമാകാം എന്നു കരുതുന്നു.
സ്കൂൾ കോളേജ് പഠനകാലത്തൊന്നും അച്ഛൻ എന്നോട് കാര്യമായി പഠനവിഷയങ്ങൾ ചോദിക്കാറേ ഇല്ലായിരുന്നു. അമ്മയായിരുന്നു എല്ലാം. അമ്മയിലൂടെ തന്നെയായിരിക്കണം അച്ഛനും അവ അറിഞ്ഞിരുന്നത്.
അച്ഛന്റെ ചെറിയമ്മ, അവരുടെ അമ്മ, പേരശ്ശ്യമ്മമാരുടെ മക്കൾ, വേലക്കാരി അവരുടെ മക്കൾ തുടങ്ങി പത്തിലേറെ അംഗങ്ങൾ ആ ഗൃഹത്തിൽ അന്ന് ഉണ്ടായിരുന്നിട്ടും ഏക സമ്പാദകനായ അച്ഛൻ എങ്ങനെ എല്ലാം നിയന്ത്രിച്ചു കൊണ്ടുപോയിരുന്നു എന്ന് ഇന്നും എനിക്ക് അത്ഭുതമാണ്.
എന്റെ ബിഎഎംഎസ്, എംഡി പഠനം കഴിഞ്ഞ് നീണ്ട പത്തുവർഷത്തിനുശേഷം ഞാൻ തിരിച്ച് അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കാൻ തുടങ്ങി. അപ്പോൾ അച്ഛൻ ശാസ്ത്ര ഗ്രന്ഥങ്ങൾ പറഞ്ഞു തരാനും ചികിത്സ പഠിപ്പിക്കാനും ഉള്ള ഒരു ഗുരുവായി മാറി. അന്ന് എസ്എൻഎ നഴ്സിംഗ് ഹോം മണ്ണുത്തിയിൽ തുടങ്ങിയ കാലമായിരുന്നു. എന്നും ഉച്ചയ്ക്ക് രോഗികളെ കാണാൻ വന്നിരുന്ന അച്ഛൻ എനിക്ക് നിത്യേന ശ്രദ്ധിക്കേണ്ട കാര്യങ്ങളും പഠിക്കേണ്ട യോഗങ്ങളും പറഞ്ഞു തരുമായിരുന്നു. അക്കാലത്ത് എസ്എൻഎ യിൽ ഉണ്ടായിരുന്ന പുതിയേടം ഈശ്വരൻ നമ്പൂതിരിയോട് “അപ്പുവിനെ ഒന്ന് ശ്രദ്ധിക്കണം” എന്നും പറഞ്ഞുറപ്പിച്ചു. അങ്ങനെ പുതിയേടവും എന്റെ ഗുരുനാഥനായി.
അച്ഛന്റെ ഗുരുനാഥനായിരുന്ന കുട്ടഞ്ചേരി ആര്യൻ മൂസ്സ് എന്ന കുട്ടഞ്ചേരി അമ്മാവന്റെ ചികിത്സാ കഥകൾ പറയുന്നതിലായിരുന്നു അച്ഛനേറ്റവും സന്തോഷിച്ചിരുന്നത്. മാതൃഭൂമിയുടെ തലവനായിരുന്ന എം പി വീരേന്ദ്രകുമാറിന്റെ വല്യച്ഛൻ ജിനചന്ദ്രന്റെ വീട്ടിൽ താമസിച്ച് അദ്ദേഹത്തെ ചികിത്സിച്ച കഥയും ഇടനീർമഠം സ്വാമിയാരെയും ഗുരുജി ഗോൾവാൾക്കറെയും തുടങ്ങി പലരേയും ചികിത്സിച്ച കഥകൾ അച്ഛൻ ആവേശപൂർവ്വം പറയാറുണ്ട്. അതേപോലെതന്നെ പിടി നാരായണൻ മൂസ്സ് എന്ന ഗുരുനാഥന്റെ കീഴിലുള്ള ശാസ്ത്ര പഠനവും. അഷ്ടാംഗ സംഗ്രഹം സൂത്രസ്ഥാനം ആറ് കൊല്ലം കൊണ്ടാണ് അദ്ദേഹം അച്ഛനെ പഠിപ്പിച്ചത്. അക്കാലത്തെ പഠനവും ചര്യകളും എത്ര പറഞ്ഞാലും മതിവരാത്ത വിഷയങ്ങൾ ആയിരുന്നു . പത്തിലേറെ വർഷക്കാലം ഈ ഗുരുനാഥരിൽ നിന്നും പഠിച്ചിട്ടും “പോരാ….. പോരാ…..” എന്ന് പറഞ്ഞപ്പോൾ ആ ഗുരു ശിഷ്യബന്ധത്തിന്റെ ആഴം മനസ്സിലാക്കാം.
നേഴ്സിംഗ് ഹോമിൽ ഞാനും ജ്യേഷ്ഠൻ വാസുദേവനും സ്വന്തമായി രോഗികളെ അഡ്മിറ്റ് ചെയ്തു ചികിത്സിച്ചപ്പോൾ അവരെ റൗൺസിന് നേരിൽ കാണാനും വേണ്ട ഭേദഗതി നിർദ്ദേശിക്കാനും ശ്രദ്ധിച്ചിരുന്നു. ശാസ്ത്രഭാഗങ്ങളിലെ ഞങ്ങൾ മനസ്സിലാക്കിയ തെറ്റുകൾ അച്ഛൻ വളരെ ഭംഗിയായി തിരുത്തി തരുമായിരുന്നു. അഡ്മിറ്റ് ചെയ്തു ചികിത്സിക്കുന്ന ചില രോഗികളിൽ പ്രത്യേകിച്ചും അൾസറേറ്റീവ് കൊളൈറ്റിസ്, ക്രോൺസ് പോലെ രോഗമുള്ളവരിൽ അവരെ സമാധാനിപ്പിക്കുക എന്നത് ഞങ്ങൾക്ക് ശ്രമകരമായ ഒരു കാര്യമായിരുന്നു. എന്തൊക്കെ പറഞ്ഞാലും അവരുടെ അസ്വസ്ഥത അപരിഹാര്യമായിരുന്നു. എന്നാൽ അച്ഛന്റെ സാന്നിധ്യവും അല്പമാത്രമായ സംസാരവും അവരെ തീർത്തും ശാന്തരാക്കിയിരുന്നു.
അതേപോലെതന്നെ ഓരോ രോഗിക്കും ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള പ്രത്യേക യോഗങ്ങൾ ഉപയോഗിക്കുകയും അതിലെ മരുന്നുകളെ തന്നെ രോഗിക്കനുസരിച്ച് മാറ്റുകയും അംശാംശ കൽപ്പനയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. അമൃതോത്തരം അഭയോത്തരമായി ഉപയോഗിക്കുന്നത് പോലെ പല യോഗങ്ങളിലും അത്തരം മാറ്റങ്ങൾ വരുത്തിയിരുന്നു. അതേപോലെതന്നെ പല മരുന്നുകളുടെയും പര്യായമായി ഉപയോഗിച്ചിരുന്ന ചില ഔഷധനാമങ്ങൾ ഓരോ രോഗിക്കും ഓരോ അവസ്ഥയ്ക്കും അനുസരിച്ച് അച്ഛൻ മാറ്റി മാറ്റി ഉപയോഗിച്ചിരുന്നു.
ചികിത്സയിൽ സ്നേഹാദ്ധ്യായം വസ്തികല്പം തുടങ്ങിയ അദ്ധ്യായങ്ങൾ പ്രായോഗികമായി എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചു തന്നു . ECG, X RAY, C T SCAN എന്നിവയുടെ റിപ്പോർട്ടുമായി രോഗികൾ വരുന്ന സമയത്ത് അവ ക്ഷമയോടെ കേൾക്കാനും മനസ്സിലാക്കാനും ഉള്ള വിശാല ബുദ്ധിയും അതിനെ ആയുർവേദത്തിൽ ഇന്ന രീതിയിൽ കാണണം എന്ന് ഞങ്ങൾക്ക് പറഞ്ഞു തരുവാനും അച്ഛൻ സമയം കണ്ടെത്തി.
2003 ൽ ആദ്യമായി ആയുർവേദിക് പോയിന്റിലെ ഡോക്ടർമാർ ഇവിടെ പഠിക്കാൻ വന്ന സമയത്ത് അതിലെ ഒരാൾ പെട്ടെന്ന് തലചുറ്റി വീഴുകയും ബോധരഹിതമായി കാണപ്പെടുകയും ചെയ്തു. ഉടനെ തന്നെ പരിശോധിച്ചു. BP- 70/40 ആയിരുന്നു. അക്കൂട്ടത്തിലെ ന്യൂറോളജിസ്റ്റും കാർഡിയോളജിസ്റ്റും എമർജൻസി മെഡിസിൻ എക്സ്പേർട്ടും എല്ലാം ഉടനെ ഹോസ്പിറ്റലിലേക്ക് മാറ്റി എമെർജെസി ചികിത്സകൾ ആവശ്യമാണെന്നു വിലയിരുത്തുകയും ചെയ്തു. എന്ത് ചെയ്യണം എന്നറിയാതെ ഞാനും ആശങ്കപ്പെട്ടിരുന്ന സമയത്താണ് അച്ഛൻ യാദൃശ്ചികമായി അവിടേക്ക് വന്നത്. ഞാൻ ഈ കാര്യങ്ങളെല്ലാം അച്ഛനോട് പറയുകയും അച്ഛൻ അവരെ ഒന്നു നോക്കുകയും ചെയ്തു. ഹിംഗുവചാദി ചൂർണ്ണം കൊടുക്കാൻ പറഞ്ഞു.
അല്പസമയത്തിനുശേഷം അവരൊന്ന് ഛർദ്ദിക്കുകയും പിന്നീട് എല്ലാം പഴയപടി ആവുകയും ചെയ്തു. വന്ന ഡോക്ടർമാരെല്ലാം അദ്ഭുതപ്പെട്ടൂ എന്ന് പറയേണ്ടതില്ലല്ലോ.
“എന്താ മനസ്സിലായത്” എന്ന് അച്ഛൻ ചോദിച്ചു.
“മൂഢവാതം ആവുമ്പോഴാണ് ഇങ്ങനെ വരുന്നത്. അതാണ് ഇവിടെ ഉണ്ടായത്.”
ആ ഒരു സന്ദർഭത്തോടെ എമർജൻസി മെഡിസിനിലും ആയുർവേദം ഒട്ടും പുറകിലല്ല എന്നുകൂടി അച്ഛന്‍ മനസ്സിലാക്കിത്തന്നു.
ഇന്നും പല വിദേശരാജ്യങ്ങളിലെയും ഡോക്ടർമാരുടെ വീടുകളിലും ക്ലിനിക്കുകളിലും (ഡോ. അന്റോണിയോ മോറാണ്ടി, ഡോ. ബാർബറ…… ) അച്ഛന്റെ ഫോട്ടോ വെച്ചിട്ടുണ്ട്. അവർക്കെല്ലാംമാർഗദർശിയായിട്ടാണ് അവർ അച്ഛനെ സങ്കൽപ്പിക്കുന്നത്.
മറ്റൊന്ന് ഉത്തരേന്ത്യയിലെ ആയുർവേദ ഡോക്ടർമാർക്ക് വേണ്ടി പഞ്ച കർമ്മ വർക്ക്ഷോപ്പ് നടത്തുന്ന സമയങ്ങളിൽ എന്നും രാവിലെ ഒരദ്ധ്യായം അഷ്ടാംഗഹൃദയം പാരായണം ചെയ്തിരുന്നത് അച്ഛനായിരുന്നു. അതിനുപുറമേ വൈകുന്നേരങ്ങളിലെ ഗുരുമുഖം സെഷനിൽ ചികിത്സയുടെ തത്വങ്ങളും അനുഭവങ്ങളും കോർത്തിണക്കിക്കൊണ്ട് അച്ഛൻ ലളിതമായി അവർക്ക് പറഞ്ഞു കൊടുത്തിരുന്നു. അക്കാലങ്ങളിൽ ഇവിടെ വന്ന് പഠിച്ച പലരും ഇന്നും അതൊരു മധുരസ്മരണയായി അവരിൽ നിലനിർത്തുന്നു.
നഴ്സിംഗ് ഹോമിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റ് കോഴ്സ് നടത്തുന്ന സമയത്തും അവരുടെ സംശയങ്ങളും അവർക്ക് വേണ്ട കൃത്യമായ മാർഗ്ഗനിർദേശങ്ങളും മരുന്നുകളുടെ കൃത്യമായ കണക്കുകളും എല്ലാം അച്ഛൻ പറഞ്ഞു കൊടുത്തിരുന്നു. അതിനുപുറമെ അവര് ചികിത്സ ചെയ്യുമ്പോൾ അത് ശ്രദ്ധിക്കുകയും വേണ്ട നിർദേശങ്ങൾ അപ്പപ്പോൾ കൊടുക്കുകയും ചെയ്തിരുന്നു.
സൂക്ഷ്മ ദൃഷ്ടിയും, ശാസ്ത്ര ചിന്തയും തികഞ്ഞ പ്രായോഗികതയും എപ്പോഴും അച്ഛൻ കാണിച്ചിരുന്നു എന്നുളവാക്കുന്ന ഒരു സംഭവം ഉണ്ടായി.
ഒരു ഞായറാഴ്ച ഉച്ചയ്ക്ക് എല്ലാവരും വിശ്രമിക്കുകയായിരുന്നു. അച്ഛൻ ഉച്ചയൂണ് കഴിഞ്ഞ് അൽപ്പം നടന്ന് മുകളിലെ മുറിയിൽ മയങ്ങുകയാണ് പതിവ്. ഞാൻ താഴെ മുറിയിൽ എന്തോ വായിച്ചിരിക്കുകയായിരുന്നു അപ്പോൾ ആരോ വാതിലിൽ മുട്ടി;
തുറന്നപ്പോൾ തായങ്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ എമ്പ്രാന്തിരി ആയിരുന്നു.
80 നോട് അടുത്ത് പ്രായം….
ക്ഷീണിച്ച മുഖം….
കാലിൽ നീര് വന്നിട്ടുണ്ട് ….
അല്പം ശ്വാസ തടസ്സം പോലെ…..
ഒറ്റനോട്ടത്തിൽ എന്തൊക്കെയോ പന്തികേട് തോന്നിയ ഞാൻ വിശദമായി ഒന്ന് പരിശോധിച്ചു പക്ഷേ എല്ലാം നോർമൽ. പ്രായാധിക്യത്തിന്റെ ഭാഗമായ ചിലതും.
അപ്പൂ….. എനിക്ക് വയ്യ… നടക്കാൻ ബുദ്ധിമുട്ടുണ്ട്….
അച്ഛനെ ഞാൻ ഉറക്കെ താഴെ നിന്നു തന്നെ വിളിച്ചു..
അച്ഛാ…… അച്ഛാ….. എമ്പ്രാന്തിരി വന്നിരിക്കുന്നു. കൂടെ പൗത്രൻ സന്തോഷുമുണ്ട്. പലതവണ വിളിച്ചപ്പോഴാണ് അച്ഛൻ വിളി കേട്ടത്. സാവധാനം താഴെ വന്നു. എമ്പ്രാന്തിരിയെ കണ്ടു. വിവരങ്ങൾ തിരക്കി. ഞാൻ പതിവുപോലെ അച്ഛന്റെ prescription pad എടുത്തുകൊണ്ടുവന്നു.
അവസാനത്തെ താള്….
“ഇത് കഴിഞ്ഞൂ ലോ അച്ഛാ….” ഞാൻ പറഞ്ഞു.
അച്ഛൻ എന്നെ തുറിച്ചു നോക്കി. എമ്പ്രാന്തിരിയെ ആശ്വസിപ്പിച്ചു.
ചില മരുന്നുകൾ പറഞ്ഞു
ഇറങ്ങാൻ പുറപ്പെട്ട അദ്ദേഹത്തിന്റെ കാൽ വഴുതി; ഉടനെ ഞാനും സന്തോഷും ഓടിച്ചെന്ന് പിടിച്ചു ഓട്ടോയിൽ കയറ്റി. അവർ പോയി.
നിനക്ക് എന്താ തോന്ന്യേ…..
വലിയ കുഴപ്പമില്ല പക്ഷേ ശരിയല്ല താനും . ഞാൻ പറഞ്ഞു
അച്ഛൻ മിണ്ടിയില്ല
അഷ്ടാംഗഹൃദയം ശാരീരം വായിക്കാൻ പറഞ്ഞു. ഉറങ്ങുന്ന വൈദ്യനെ ഉണർത്തുന്നതും വൈദ്യനെ കണ്ടു ഇറങ്ങുമ്പോൾ രോഗിയുടെ കാൽവഴുതുന്നതും
(സ്ഖലിതോ പതിതോ/പി വാ…..) എല്ലാം അരിഷ്ട ലക്ഷണങ്ങളാണ്. മരണമടുത്തു. ഞാൻ ഞെട്ടിത്തരിച്ചു.
എന്തെങ്കിലും ചെയ്യാൻ പറ്റുമോ? മരുന്നുകൾ എഴുതിയിട്ടുണ്ട്……… നോക്കാം…….. എന്ന് അച്ഛൻ പറഞ്ഞു
പിറ്റേന്റെ പിറ്റേദിവസം രാവിലെ അദ്ദേഹം മരിച്ചു എന്ന വാർത്തയാണ് ഞാൻ കേട്ടത് . ശാസ്ത്രത്തിലെ വിശ്വാസവും അത് സൂക്ഷ്മമായി കാണാനുള്ള കഴിവും എന്നെ അമ്പരപ്പിച്ചു. പക്ഷേ അന്ന് എഴുതിയ മരുന്നുകൾ എന്നെ സംശയിപ്പിച്ചു. പറഞ്ഞ ലക്ഷണങ്ങൾക്ക് ഒന്നും അനുയോജ്യമല്ലാത്തതും വാതാനുലോമനവുമായ ചില ലളിത പ്രയോഗങ്ങളായിരുന്നു അവ. അതിനെപ്പറ്റി ചോദിച്ചപ്പോൾ “അത് ഗ്രന്ഥത്തിൽ ഇല്ല. നീ എന്നെ ഉറക്കെ വിളിച്ചല്ലോ അപ്പോൾ ഉറക്കെ ശബ്ദത്തോടെ മഹാശ്വാസരോഗത്താൽ ഉള്ള മരണമായിരിക്കും” എന്ന് ഊഹിക്കണം. അതിന് അല്പമൊന്ന് ശാന്തി വരാനാണ് നൽകിയത് . അനായാസേന മരണം വിനാ ദൈന്യേന ജീവിതം ….. എന്ന വലിയ തിരിച്ചറിവായിരുന്നു അച്ഛൻ അന്ന് എനിക്ക് നൽകിയത്.
എല്ലാവർക്കും സ്വാതന്ത്ര്യം എന്നതായിരുന്നു അച്ഛന്റെ പ്രധാന വാക്യം എന്ന് പറയാം. ആരോടും താൻ പറഞ്ഞപോലെ നടക്കണം എന്നോ ഇങ്ങനെ മതി എന്നോ പറഞ്ഞു കേട്ടിട്ടില്ല. അമ്മയോട് ആയാലും മക്കളോട് ആയാലും ഒരേ നിലപാട് തന്നെ.
ഇപ്പോഴും അച്ഛന്റെ പ്രിസ്ക്രിപ്ഷനും കൊണ്ട് രോഗികൾ വന്ന്
“ഈ മരുന്നാണ് ഞാൻ എല്ലാവർഷവും കഴിക്കാറ് അല്ലെങ്കിൽ ഉപദ്രവങ്ങൾ വരുമ്പോൾ കഴിക്കാറ് ഇതുതന്നെ പോരേ …..
ഇതൊരു പുതിയ പേപ്പറിൽ എഴുതി തരുമോ???” എന്നൊക്കെ ചോദിക്കാറുണ്ട്.
ഇന്നലെയും കൂടി 10 വർഷം മുമ്പ് അച്ഛനെഴുതിയ ഒരു പ്രിസ്ക്രിപ്ഷൻ കൊണ്ട് ഒരു രോഗി ഒപിയിൽ വന്നു. പ്രമേഹം രോഗമുണ്ടെന്നും അതിനുവേണ്ടി ഔഷധങ്ങൾ നിർദ്ദേശിക്കണം എന്നും പറഞ്ഞാണ് അവര് വന്നത്. അന്ന് അവർ അച്ഛനെ കണ്ടിരുന്നത് ആർത്തവ സംബന്ധമായ പല രോഗങ്ങൾക്കും ആണെങ്കിലും പ്രമേഹം എന്ന് ഒരുചോദ്യ ചിഹ്നം പ്രിസ്ക്രിപ്ഷനിൽ ഇട്ടു വച്ചിരുന്നു. പ്രമേഹപൂർവ്വരൂപം അന്നേ മനസ്സിലാക്കിയിരിക്കുന്നു എന്ന് വേണം ചിന്തിക്കാൻ…
അവസാന കാലഘട്ടത്തിലും അനാരോഗ്യതയിലും അനാസക്തനും നിർമ്മമനുയിരുന്നു അച്ഛൻ.
അവസാനവും അങ്ങനെത്തന്നെ……..
മരണം സ്വാഭാവികമെങ്കിലും അച്ഛൻ ഉണ്ടാക്കിയ വിടവ് നികത്താൻ പറ്റില്ല.
ഇന്നും ജീവിതത്തിലും ചികിത്സയിലും പ്രതിസന്ധികൾ വരുമ്പോൾ അച്ഛന്റെ സാന്നിധ്യത്തിൽ അവ എത്ര അനായാസം ആയേനെ എന്ന് തോന്നാറുണ്ട്.
ഭൗതികശരീരം മാത്രമേ ഇല്ലാതുള്ളൂ അച്ഛന്റെ അനുഗ്രഹത്താൽ മുന്നോട്ടുപോകുന്നു…….
സ്മരണാഞ്ജലികളൊടെ……
നാരായണൻ നമ്പി